ഹൈക്കോടതിയില്‍ ജോലി വാഗ്ദാനം ചെയ്ത് ലക്ഷങ്ങള്‍ തട്ടി; അതേ രീതിയില്‍ മോഹനനെ കുടുക്കി പൊലീസ്

അതേ സമയം ഒളിവിലും മോഹനന്‍ ആളുകളെ പറ്റിക്കാനുള്ള വഴികള്‍ തേടുകയായിരുന്നു.

കൊച്ചി: കേരള ഹൈക്കോടതിയില്‍ പ്യൂണ്‍ ജോലി വാഗ്ദാനം ചെയ്ത് തട്ടിപ്പ് നടത്തിയ ആളെ പിടികൂടി പൊലീസ്. ഹൈക്കോടതി ജഡ്ജിയുടെ ഡ്രൈവറായി ജോലി ചെയ്തിരുന്ന നേമം സ്വദേശി മോഹനനാണ് തട്ടിപ്പ് നടത്തിയത്. എറണാകുളം സെന്‍ട്രല്‍ പൊലീസ് മാസങ്ങള്‍ നീണ്ട അന്വേഷണത്തിനൊടുവിലാണ് മോഹനനിലേക്കെത്തിയത്. മോഹനന്‍ എന്താണോ ചെയ്തത് അതേ വഴിയില്‍ തന്നെ സമീപിച്ചാണ് പൊലീസ് കുടുക്കിയത്.

പ്യൂണ്‍ ജോലി വാഗ്ദാനം ചെയ്ത് പല തവണകളിലായാണ് അഞ്ച് ലക്ഷം രൂപ മോഹനന്‍ വാങ്ങിയെടുത്തത്. പണം നല്‍കിയിട്ടും ജോലി ലഭിക്കാതെ വന്നതോടെ ഉടന്‍ ശരിയാകുമെന്ന് പറഞ്ഞ് മോഹനന്‍ ഒഴിഞ്ഞുമാറാന്‍ തുടങ്ങിയതോടെയാണ് പൊലീസിനെ സമീപിക്കുന്നത്. പൊലീസ് നേമത്തെ മോഹനന്റെ വീട്ടിലടക്കം എത്തിയെങ്കിലും പിടികൂടാനായില്ല.

അതേ സമയം ഒളിവിലും മോഹനന്‍ ആളുകളെ പറ്റിക്കാനുള്ള വഴികള്‍ തേടുകയായിരുന്നു. ഒടുവില്‍ പൊലീസും മോഹനന്റെ വഴിയിലൂടെ ശ്രമിച്ചു നോക്കുകയായിരുന്നു. മറ്റൊരു ജോലി ആവശ്യപ്പെട്ട് മോഹനനെ പൊലീസ് സമീപിച്ചു. പണം അഡ്വാന്‍സ് ആവശ്യപ്പെട്ട മോഹനന്‍ പണം നിക്ഷേപിക്കാന്‍ അക്കൗണ്ട് നമ്പര്‍ നല്‍കി. ഈ അക്കൗണ്ട് നമ്പര്‍ പിന്തുടര്‍ന്ന് സെന്‍ട്രല്‍ പൊലീസ് എത്തിയതാവട്ടെ ഒരു ലോട്ടറി കച്ചവടക്കാരന്റെ മുമ്പിലാണ്. ഇയാളിലൂടെ മോഹനനിലേക്ക് എത്തി. തിരുവനന്തപുരത്തെ ഒരു ലോഡ്ജില്‍ രണ്ടരമാസത്തിലേറെയായി ഒളിവില്‍ കഴിയുകയായിരുന്നു മോഹനന്‍.

Content Highlights: Police arrest man who cheated by promising jobs

To advertise here,contact us