മേപ്പാടി: വയനാട് മുണ്ടക്കൈ-ചൂരൽമല ഉരുൾപൊട്ടലിൽ മരിച്ചവരെ സംസ്കരിച്ച ശ്മശാനഭൂമി ഇനിമുതൽ 'ജൂലൈ 30 ഹൃദയഭൂമി' എന്നറിയപ്പെടും. മേപ്പാടി ഗ്രാമ പഞ്ചായത്തിന്റേതാണ് തീരുമാനം. പഞ്ചായത്ത് അംഗമായ അജ്മൽ സാജിദ് ആണ് ഈ പേര് നിർദ്ദേശിച്ചത്. പേര് നിർദേശിക്കുന്നത് സംബന്ധിച്ച തീരുമാനം പഞ്ചായത്തിൽ നടന്ന സർവ്വകക്ഷിയോഗം എടുത്തിരുന്നു.
ജൂലൈ 30ന് ഉരുൾപൊട്ടൽ ദുരന്തത്തിന് ഒരു വർഷം തികയുകാണ്. പുത്തുമലയിൽ സർവമതപ്രാർത്ഥനയും പുഷ്പാർച്ചനയും അനുസ്മരണവും നടക്കും. കഴിഞ്ഞ ദിവസം കളക്ടറേറ്റിൽ നടന്ന യോഗത്തിൽ ഇതുസംബന്ധിച്ച് തീരുമാനമായിരുന്നു.
ജൂലൈ 30 ന് പുലർച്ചെ ഒരുമണിക്ക് ഭയാനകമായൊരു ശബ്ദമാണ് പ്രദേശത്തെ നാട്ടുകാർ ആദ്യം കേട്ടത്. നിമിഷങ്ങൾക്കകം മൂന്ന് കിലോമീറ്റർ വനമേഖലയത്രയും കടന്നെത്തിയ ഉരുൾ ആദ്യം തുടച്ചെറിഞ്ഞ ജനവാസ മേഖല പുഞ്ചിരിമട്ടമാണ്. മലവെള്ളവും, മരങ്ങളും പാറക്കെട്ടുകളും കുതിച്ചൊഴുകിയെത്തിയപ്പോൾ ഒരു നാട് അപ്പാടെ ഇല്ലാതായി, പുഞ്ചിരിമട്ടം സങ്കടനിരപ്പായി. നിമിഷങ്ങൾക്കകം ഉരുൾ മുണ്ടക്കൈയിലെത്തി, ആർത്തലച്ചിലുകളായിരുന്നു ചുറ്റും. പുലർച്ചെ നാലേ പത്തോടെ മുണ്ടക്കൈയുടെ ഉള്ളം പിളർത്ത് രണ്ടാമതും ഉരുൾപൊട്ടി. പുന്നപ്പുഴ രണ്ടായി ഉരുണ്ടിറങ്ങി. മുണ്ടക്കൈയെയാകെ തുടച്ചെടുത്ത് ഉരുൾ ചൂരൽമലയിലെത്തി.
രാജ്യം കണ്ട ഏറ്റവും തീവ്രമായ ഉരുൾപൊട്ടൽ ദുരന്തത്തെയായിരുന്നു അന്ന് അവിടുത്തുകാർക്ക് അതിജീവിക്കേണ്ടി വന്നത്. ഏതാണ്ട് നാനൂറിലേറെപ്പേരാണ് ഈ ദുരന്തത്തിൽ മരിച്ചത്.ഇനിയും നിരവധിപ്പേരെ കണ്ടെത്താൻ കഴിഞ്ഞിട്ടില്ല. മുണ്ടക്കൈയിലും ചൂരൽമലയിലുമായി ഏതാണ്ട് മൂവായിരത്തോളം പേരുടെ ജീവിതത്തെയാണ് ദുരന്തം അക്ഷരാർത്ഥത്തിൽ തകർത്തെറിഞ്ഞത്.
Content Highlights: Puthumala landslide victims burial ground renamed as July 30 Hridayabhoomi