കളമശ്ശേരി: കളമശ്ശേരി പോളിടെക്നിക് കഞ്ചാവ് കേസിലെ മുഖ്യ പ്രതി പിടിയിൽ. ഒഡീഷ സ്വദേശി അജയ് പ്രദാനെയാണ് കളമശ്ശേരി പൊലീസ് പിടികൂടിയത്. ഹോസ്റ്റലിലേക്ക് എത്തിക്കാൻ ഇതര സംസ്ഥാനക്കാരുടെ സംഘത്തിന് കഞ്ചാവ് കൈമാറിയത് ഇയാളാണ്. ഒഡീഷയിലെ ദരിങ്ക്ബാദിൽ നിന്നാണ് ഇയാളെ പിടികൂടിയത്.
കേസില് നാല് വിദ്യാര്ഥികളെ കോളേജിൽ നിന്ന് പുറത്താക്കിയിരുന്നു. മാര്ച്ച് 14 വെള്ളിയാഴ്ച പുലര്ച്ചെയാണ് കളമശ്ശേരി പോളിടെക്നിക്കിലെ ആണ്കുട്ടികളുടെ ഹോസ്റ്റലിൽ നടത്തിയ പരിശോധനയില് രണ്ടുകിലോയോളം കഞ്ചാവ് പിടികൂടിയത്. വ്യാഴാഴ്ച രാത്രി ഒന്പത് മണിയോടെ ആരംഭിച്ച പരിശോധന വെള്ളിയാഴ്ച പുലര്ച്ചെ വരെ നീളുകയായിരുന്നു. സംഭവത്തില് കെഎസ്യു പ്രവര്ത്തകരായ ആദിത്യൻ ആകാശ് എന്നിവരെയും എസ്എഫ്ഐ പ്രവര്ത്തകനായ അഭിരാജിനെയും പൊലീസ് പിടികൂടിയിരുന്നു.
ഇതില് ആകാശിന്റെ മുറിയില് നിന്ന് 1.9 കിലോ കഞ്ചാവാണ് പിടികൂടിയത്. ആകാശ് വിദ്യാര്ത്ഥികള്ക്ക് കഞ്ചാവ് വില്പന നടത്തിയിരുന്നതായി പൊലീസ് റിമാന്ഡ് റിപ്പോര്ട്ടില് പറഞ്ഞിരുന്നു. പിന്നാലെ ഇവര്ക്ക് കഞ്ചാവ് നല്കിയ ആഷിക്ക്, ഷാലിക്ക് എന്നീ പൂര്വ്വവിദ്യാര്ത്ഥികളെയും പൊലീസ് അറസ്റ്റ് ചെയ്തിരുന്നു.
ഇതില് ഷാലിക്ക് ക്യാംപസിലെ കെഎസ് യു നേതാവായിരുന്നു. ഇവരുടെ മൊഴിയുടെ അടിസ്ഥാനത്തിൽ കേസിലെ മുഖ്യപ്രതികളിലൊരാളായ അനുരാജിനെ പൊലീസ് കസ്റ്റഡിയിലെടുത്തിരുന്നു. അനുരാജിന് വേണ്ടിയാണ് കഞ്ചാവ് എത്തിച്ചതെന്ന് ഇരുവരും മൊഴി നല്കിയിരുന്നു. ക്യാംപസിൽ ലഹരിയിടപാട് നടക്കുന്നുവെന്ന് ചൂണ്ടിക്കാട്ടി പോളിടെക്നികിലെ പ്രിന്സിപ്പല് പൊലീസിന് നല്കിയ കത്തായിരുന്നു ഈ കേസില് ഏറ്റവും നിര്ണായകമായത്.
Content Highlights: Main culprit caught at kalamassery polytechnic case