ആലപ്പുഴ: വിഎസ് ലോകത്തെ ഏറ്റവും തലമുതിർന്ന കമ്മ്യൂണിസ്റ്റാണെന്നും ജീവിതത്തിലുടനീളം കമ്മ്യൂണിസ്റ്റ് രീതി അവലംബിച്ചുവെന്നും എം സ്വരാജ്. കക്ഷിരാഷ്ട്രീയത്തിന് അതീതമായി അദ്ദേഹം സ്നേഹം പിടിച്ചുപറ്റി. ചിത അടങ്ങും മുൻപേ വിഎസിനെ ആക്രമിക്കുകയാണെന്നും ചില മാധ്യമങ്ങളാണ് അത് ചെയ്യുന്നതെന്നും സ്വരാജ് ആരോപിച്ചു. ആലപ്പുഴ കഞ്ഞിക്കുഴിയിൽ നടന്ന വിഎസ് അനുസ്മരണ സമ്മേളനത്തിൽ സംസാരിക്കുകയായിരുന്നു സ്വരാജ്.
വിഎസ് ഉയർത്തിപ്പിടിച്ച തെളിമയാർന്ന രാഷ്ട്രീയം വരുംകാലവും പാർട്ടിയെ നയിക്കും. വിഎസ് എന്ന രണ്ടക്ഷരത്തെ വിവാദത്തിൽ കുരുക്കിയിടാൻ ശ്രമിക്കുകയാണ്. വിഎസിനെ ആക്രമിക്കുന്ന ശൈലി മാധ്യമങ്ങൾ അവസാനിപ്പിക്കണം. വിഎസ് ജീവിച്ചിരിക്കുന്നില്ല എന്ന ധൈര്യത്തിൽ ആക്രമിക്കുകയാണ്. വിഎസ് ജീവിച്ചിരുന്നപ്പോൾ തന്നെ പറഞ്ഞവസാനിപ്പിച്ച വിവാദങ്ങൾ കുത്തിപ്പൊക്കുകയാണ്. വിഎസിനെ ആക്രമിക്കുന്ന ശൈലി മാധ്യമങ്ങൾ അവസാനിപ്പിക്കണമെന്നും എം സ്വരാജ് ആവശ്യപ്പെട്ടു.
ആലപ്പുഴ സമ്മേളനത്തിൽ വി എസ് അച്യുതാന്ദന് ക്യാപിറ്റൽ പണിഷ്മെന്റ് കൊടുക്കണമെന്ന് വനിതാ യുവ നേതാവ് പറഞ്ഞിരുന്നുവെന്ന സിപിഐഎം നേതാവ് സുരേഷ് കുറുപ്പിന്റെ പരാമർശം വലിയ വിവാദങ്ങൾക്ക് വഴിവെച്ചിരുന്നു. 'ആലപ്പുഴ സംസ്ഥാന സമ്മേളനത്തിൽ ഒരു കൊച്ചു പെൺകുട്ടി വി എസിന് ക്യാപിറ്റൽ പണിഷ്മെന്റ് കൊടുക്കണമെന്ന് പറഞ്ഞു. ഈ അധിക്ഷേപം സഹിക്കാൻ പറ്റാതെ വി എസ് വേദി വിട്ട് പുറത്തേക്കിറങ്ങി'യെന്നാണ് സുരേഷ് കുറുപ്പ് വെളിപ്പെടുത്തിയത്.
മാതൃഭൂമി ദിനപത്രത്തിന്റെ വാരാന്തപതിപ്പിൽ 'ഇങ്ങനെയൊക്കെയായിരുന്നു എന്റെ വി എസ്' എന്ന പേരിലെഴുതിയ ലേഖനത്തിലായിരുന്നു സുരേഷ് കുറുപ്പിന്റെ വെളിപ്പെടുത്തൽ. തിരുവനന്തപുരം സമ്മേളനത്തിൽ കാപിറ്റൽ പണിഷ്മെന്റ് വാദം ഒരു യുവനേതാവ് ഉയർത്തിയെന്ന് പിരപ്പൻകോട് മുരളിയും പറഞ്ഞിരുന്നു.
അതേസമയം, സുരേഷ് കുറുപ്പിന്റെ വാദം തള്ളി നിരവധി നേതാക്കളും രംഗത്തെത്തി. സുരേഷ് കുറുപ്പ് എന്തിന്റെ അടിസ്ഥാനത്തിലാണ് ഇങ്ങനെ എഴുതിയതെന്ന് അറിയില്ലെന്നായിരുന്നു ചിന്ത ജെറോംമിന്റെ പ്രതികരണം. ആലപ്പുഴ സമ്മേളനം തന്റെ ആദ്യസമ്മേളനമാണ്. ക്യാപിറ്റൽ പണിഷ്മെന്റ് എന്നൊരു വാക്ക് സമ്മേളനത്തിൽ ഉണ്ടായിട്ടില്ലെന്നും ചിന്ത ജെറോം പറഞ്ഞിരുന്നു. ഇല്ലാത്തൊരു വാക്ക് ആരും കേട്ടിട്ടില്ല. പാർട്ടിക്ക് പിന്തുണ കൂടി വരുന്ന ഘട്ടത്തിലാണ് ഇത്തരമൊരു കുപ്രചരണം എന്നും ചിന്ത ജെറോം പറഞ്ഞിരുന്നു.
എന്തുകൊണ്ടാണ് സുരേഷ് കുറുപ്പ് അത്തരമൊരു പരാമര്ശം നടത്തിയതെന്ന് അറിയില്ലെന്ന് ഡി കെ മുരളി എംഎല്എയും പറഞ്ഞു. പാര്ട്ടി സമ്മേളനത്തില് മുഴുവന് സമയവും പങ്കെടുത്തയാളാണ്. അത്തരമൊരു പരാമര്ശം സമ്മേളനത്തില് ഉണ്ടായിട്ടില്ലെന്ന് ഡി കെ മുരളിയും പ്രതികരിച്ചു. സുരേഷ് കുറുപ്പിനെ തള്ളി മന്ത്രി വി ശിവന്കുട്ടിയും കടകംപള്ളി സുരേന്ദ്രനും രംഗത്തെത്തിയിരുന്നു.
Content Highlights: M Swaraj said that VS was the world's most senior communist