തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്ന് ഒറ്റപ്പെട്ട ഇടങ്ങളിൽ ശക്തമായ മഴയ്ക്ക് സാധ്യത. നാല് ജില്ലകളിൽ യെല്ലോ അലേര്ട്ട് പ്രഖ്യാപിച്ചു. കോഴിക്കോട്, വയനാട്, കണ്ണൂര്, കാസർകോട് ജില്ലകളിലാണ് യെല്ലോ അലേര്ട്ട് പ്രഖ്യാപിച്ചത്. മഴയ്ക്കൊപ്പം ശക്തമായ കാറ്റിനും സാധ്യതയുള്ളതിനാല് പൊതുജനങ്ങള് ജാഗ്രത പാലിക്കണമെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു.
അടുത്ത 3 മണിക്കൂറിൽ തൃശൂർ, മലപ്പുറം ജില്ലകളിൽ ഒറ്റപ്പെട്ടയിടങ്ങളിൽ ഇടത്തരം മഴയ്ക്കും മണിക്കൂറിൽ 40 കിലോമീറ്റർ വരെ വേഗതയിൽ ശക്തമായ കാറ്റിനും സാധ്യതയുണ്ട്. ആലപ്പുഴ, എറണാകുളം, പാലക്കാട്, കോഴിക്കോട്, വയനാട്, കണ്ണൂർ, കാസർകോട് ജില്ലകളിൽ ഒറ്റപ്പെട്ടയിടങ്ങളിൽ നേരിയ മഴയ്ക്കും സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു.
കനത്ത മഴയെ തുടർന്ന് കുട്ടനാട് താലൂക്കിലെ വിദ്യാഭ്യാസ സ്ഥാപനങ്ങള്ക്ക് ഇന്ന് അവധി പ്രഖ്യാപിച്ചിട്ടുണ്ട്. പ്രൊഫഷണല് കോളേജുകള് ഉള്പ്പെടെയുള്ള എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങള്ക്കും അങ്കണവാടികള്ക്കും ട്യൂഷന് സെന്ററുകള്ക്കുമാണ് ജില്ലാ കളക്ടര് അവധി പ്രഖ്യാപിച്ചത്. മുന്പെ നിശ്ചയിച്ച പരീക്ഷകള്ക്ക് മാറ്റമുണ്ടാവില്ല. വയനാട്, കോട്ടയം ജില്ലകളിൽ ദുരിതാശ്വാസ ക്യാമ്പുകളായി പ്രവർത്തിക്കുന്ന സ്കൂളുകൾക്കും ജില്ലാ കളക്ടർ ഇന്ന് അവധി പ്രഖ്യാപിച്ചു.
അതേസമയം മധ്യകേരളത്തിൽ മഴക്കെടുതിയിൽ വ്യാപക നാശനഷ്ടമാണുണ്ടാവുന്നത്. എറണാകുളത്തും കോട്ടയത്തും വീടുകൾ തകർന്നു. ആലപ്പുഴ കുട്ടനാട്ടിൽ നിരവധി വീടുകളിൽ വെള്ളം കയറി. എറണാകുളം എടത്തല തേവക്കലിൽ മണ്ണിടിഞ്ഞ് വീട് തകർന്നു. തേവയ്ക്കൽ സ്വദേശി ലൈജുവിന്റെ രണ്ടര വർഷം മുൻപ് മാത്രം നിർമ്മിച്ച വീടാണ് തകർന്നത്. അപകട സമയത്ത് വീട്ടിലുണ്ടായിരുന്ന ലൈജു തലതാരിഴ്യ്ക്കാണ് രക്ഷപ്പെട്ടത്. കഴിഞ്ഞ രണ്ടു ദിവസത്തിനുള്ളിൽ എറണാകുളം ജില്ലയിൽ 19 വീടുകൾക്കും, കോട്ടയത്ത് 172 വീടുകൾക്കും ഭാഗികമായി കേടുപാടുകൾ സംഭവിച്ചു. തീരദേശ മേഖലകളിൽ കടലാക്രമണം രൂക്ഷമാണ്. എന്നാൽ നിലവിൽ കനത്ത മഴയ്ക്ക് ശമനമുണ്ട്.
Content Highlight : Chance of heavy rain at isolated places in the state; Yellow alert in four districts