കന്യാസ്ത്രീളോട് അതിക്രമം കാണിച്ചവരെ രാജ്യവിരുദ്ധരും ഭരണഘടനാ വിരുദ്ധരും എന്ന് ഉപയോഗിക്കാനാണ് താല്പര്യം; സിബിസിഐ

'ബിജെപി പാർട്ടിയെ അല്ല ആശ്രയിക്കുന്നത്. നമ്മൾ അധികാരം ഏൽപ്പിച്ച സർക്കാരിനെയാണ്'

ന്യൂഡല്‍ഹി: കന്യാസ്ത്രീളോട് അതിക്രമം കാണിച്ച സംഘടനയുടെ പേര് പറയാൻ ഭയമില്ലെന്നും രാജ്യവിരുദ്ധരും ഭരണഘടനാ വിരുദ്ധരും എന്ന് ഉപയോഗിക്കാനാണ് താല്പര്യമെന്നും കാത്തലിക് ബിഷപ്പ്സ് കോൺഫറൻസ് ഓഫ് ഇന്ത്യ (സിബിസിഐ). മാധ്യമങ്ങളോട് സംസാരിക്കവെയാണ് പ്രതികരണം. ആദ്യം മനുഷ്യകടത്തിന് മാത്രമാണ് കേസെടുത്തതെന്നും നിർബന്ധിത മതപരിവർത്തനം ചുമത്തിയിരുന്നില്ലെന്നും സിബിസിഐ പറഞ്ഞു. ബജരംഗ് ദൾ പ്രവർത്തകരാണ് അവരെ റെയിൽവേ സ്റ്റേഷനിൽ തടഞ്ഞുവെച്ചത് എന്ന് ആർച്ച് ബിഷപ്പും പറഞ്ഞു.

ജാമ്യം ലഭിക്കാതിരിക്കാനും നിരപരാധികളായ കന്യാസ്ത്രീകളെ കുടുക്കാനുമാണ് കൂടുതൽ വകുപ്പുകൾ ചുമത്തിയത്. ആവശ്യമെങ്കിൽ ബജരംഗ് ദളിനെ പോലുളള ദേശവിരുദ്ധ പ്രവർത്തനങ്ങളെ പ്രോത്സാഹിപ്പിക്കുന്ന സംഘടനകൾ നിരോധിക്കണമെന്നുള്ള ആവശ്യം ഉന്നയിക്കും. ബിജെപി പാർട്ടിയെ അല്ല ആശ്രയിക്കുന്നത്. നമ്മൾ അധികാരം ഏൽപ്പിച്ച സർക്കാരിനെയാണ്. അവരുടെ വാതിലിൽ ആണ് ഞങ്ങൾ മുട്ടുന്നത്. എഫ്ഐആറിൽ ചില ആശയക്കുഴപ്പമുള്ളതുകൊണ്ടാണ് ജാമ്യപേക്ഷ നൽകാൻ വൈകുന്നത്. ആശയക്കുഴപ്പങ്ങൾ പരിഹരിച്ച് ശേഷം ജാമ്യ അപേക്ഷ സമർപ്പിക്കുമെന്നും സംഘടന അറിയിച്ചു.

കോടതിക്ക് പുറത്ത് ഒത്തുതീർപ്പിനില്ല. പെൺകുട്ടികൾ ക്രിസ്ത്യൻ ആണോ എന്ന് ചോദ്യം ഉദിക്കുന്നില്ല. ജീവിക്കാൻ വേണ്ടി ജോലിക്ക് വന്നവരാണ് ഈ മൂന്നു പെൺകുട്ടികൾ. ആഗ്രയിൽ നിന്ന് കന്യാസ്ത്രീകൾ ദുർഗിലെത്തി പെൺകുട്ടികളെ കൂട്ടിക്കൊണ്ടു പോകാൻ തയ്യാറായത് അവരുടെ സുരക്ഷയെ കരുതിയാണ്. കേന്ദ്ര മന്ത്രി ജോർജ് കുര്യനും സുരേഷ് ഗോപിയും ഇതുവരെ തങ്ങളുമായി നേരിട്ട് ബന്ധപ്പെട്ടിട്ടില്ലെന്നും വ്യക്തമാക്കി.

ജൂലൈ 25-നാണ് ഛത്തീസ്ഗഡിലെ ദുര്‍ഗില്‍ മനുഷ്യക്കടത്ത് ആരോപിച്ച് രണ്ട് മലയാളി കന്യാസ്ത്രീകളെ റെയില്‍വെ പൊലീസ് അറസ്റ്റ് ചെയ്തത്. കണ്ണൂര്‍ തലശ്ശേരി ഉദയഗിരി ഇടവകയില്‍ നിന്നുള്ള സിസ്റ്റര്‍ വന്ദന ഫ്രാന്‍സിസ്, അങ്കമാലി എളവൂര്‍ ഇടവക സിസ്റ്റര്‍ പ്രീതി മേരി എന്നിവരാണ് അറസ്റ്റിലായത്. അസീസി സിസ്റ്റേഴ്സ് ഓഫ് മേരി ഇമ്മാക്കുലേറ്റ് സന്യാസിനി സമൂഹത്തിലെ അംഗങ്ങളാണിവര്‍. നാരായന്‍പുര്‍ ജില്ലയില്‍ നിന്നുള്ള മൂന്ന് പെണ്‍കുട്ടികളോടൊപ്പമായിരുന്നു കന്യാസ്ത്രീകള്‍ സഞ്ചരിച്ചിരുന്നത്. 19 മുതല്‍ 22 വയസ്സുള്ളവരായിരുന്നു ഇവര്‍.

റെയില്‍വേ സ്റ്റേഷനിലെത്തിയ ബജ്റംഗ്ദള്‍ പ്രവര്‍ത്തകര്‍ ഇവര്‍ നിര്‍ബന്ധിത മതപരിവര്‍ത്തനവും മനുഷ്യക്കടത്തും നടത്തുകയാണെന്ന് ആരോപിക്കുകയായിരുന്നു. തുടര്‍ന്ന് കന്യാസ്ത്രീകളെ തടഞ്ഞുവക്കുകയും ചെയ്തു. കന്യാസ്ത്രീകള്‍ നടത്തുന്ന ആശുപത്രിയില്‍ ജോലിക്ക് പോവുകയാണെന്ന് പെണ്‍കുട്ടികള്‍ പറഞ്ഞു. മൂവരുടെയും രക്ഷിതാക്കള്‍ ജോലിക്ക് പോവാന്‍ നല്‍കിയ അനുമതി പത്രവും തിരിച്ചറിയല്‍ കാര്‍ഡുകളും പെണ്‍കുട്ടികള്‍ ഹാജരാക്കി. തങ്ങള്‍ നേരത്തെ തന്നെ ക്രൈസ്തവരാണെന്നും പെണ്‍കുട്ടികള്‍ വ്യക്തമാക്കിയിരുന്നു. എന്നാല്‍ ഇതൊന്നും അംഗീകരിക്കാന്‍ ബജ്‌റംഗ്ദളോ റെയില്‍വേ പൊലീസോ തയ്യാറായില്ലെന്നാണ് ആരോപണം.

Content Highlights: Catholic Bishops' Conference of India Malayali Nuns Arrest At Chhattisgarh

To advertise here,contact us