നിമിഷപ്രിയയുടെ മോചനം; തന്റെ ഇടപെടലിൽ ഒരു ചെറിയ വിഭാഗം കുത്തിത്തിരുപ്പ് നടത്തി, വേദനയുണ്ട്: കാന്തപുരം

ഹിന്ദുവെന്നോ ക്രിസ്ത്യനെന്നോ മുസ്ലിമെന്നോ നോക്കാതെ സ്ത്രീയെന്നോ പുരുഷനെന്നോ നോക്കാതെ മനുഷ്യനെന്ന് നോക്കിക്കൊണ്ടാണ് കാന്തപുരം പ്രശ്നത്തിൽ ഇടപെട്ടതെന്ന് സമ്മേളനം ഉദ്ഘാടനം ചെയ്തുകൊണ്ട് മന്ത്രി പി രാജീവ് പറഞ്ഞു

കൊച്ചി: നിമിഷപ്രിയയുടെ മോചനത്തിനായുള്ള തന്റെ ഇടപെടലിൽ ഒരു ചെറിയ വിഭാഗം കുത്തിത്തിരുപ്പ് നടത്തിയെന്ന് സമസ്ത എപി വിഭാഗം നേതാവ് കാന്തപുരം എ പി അബൂബക്കർ മുസ്‌ലിയാർ. മാത്രമല്ല, അവിടത്തെ കുടുംബത്തോട് നിങ്ങളീ ചില്ലിക്കാശിനുവേണ്ടി അഭിമാനം വിൽക്കുകയാണോ എന്ന് ചോദിച്ച് അവരെ പിന്തിരിപ്പിക്കാൻ ശ്രമിക്കുകയും ചെയ്തു. ഇന്ത്യയിലുള്ള ആളുകളാണ് ഇങ്ങനെ ചെയ്യുന്നത് എന്നതിൽ വേദനയുണ്ടെന്നും അദ്ദേഹം പറഞ്ഞു. ദാറുൽ ഖൈർ ഭവന സമുച്ചയം നാടിന് സമർപ്പിച്ചുകൊണ്ട് സംസാരിക്കുകയായിരുന്നു അദ്ദേഹം.

ഹിന്ദുവെന്നോ ക്രിസ്ത്യനെന്നോ മുസ്ലിമെന്നോ നോക്കാതെ സ്ത്രീയെന്നോ പുരുഷനെന്നോ നോക്കാതെ മനുഷ്യനെന്ന് നോക്കിക്കൊണ്ടാണ് കാന്തപുരം പ്രശ്നത്തിൽ ഇടപെട്ടതെന്ന് സമ്മേളനം ഉദ്ഘാടനം ചെയ്തുകൊണ്ട് മന്ത്രി പി രാജീവ് പറഞ്ഞു. ആ ഇടപെടലാണ് നിമിഷപ്രിയയുടെ ജീവനിപ്പോഴും ഭൂമിയിൽ തുടരാൻ കാരണമെന്നും മന്ത്രി കൂട്ടിച്ചേർത്തു.

ജൂലൈ 16നായിരുന്നു നിമിഷപ്രിയയുടെ വധശിക്ഷ നടക്കേണ്ടിയിരുന്നത്. എന്നാൽ കാന്തപുരം എ പി അബൂബക്കർ മുസ്‌ലിയാരുടെ ബന്ധങ്ങൾ ഉപയോഗിച്ച് നടത്തിയ ഇടപെടലിനെ തുടർന്ന് വധശിക്ഷ മാറ്റിവെക്കുകയായിരുന്നു. പാലക്കാട് കൊല്ലങ്കോട് തേക്കിൻചിറ സ്വദേശിനിയാണ് നിമിഷപ്രിയ. കൊല്ലങ്കോട് മാത്തൂരിലെ തോട്ടം കാര്യസ്ഥനായിരുന്ന തൊടുപുഴ സ്വദേശി ടോമിയെ കല്യാണം കഴിച്ച ശേഷം 2012-ലാണ് നിമിഷപ്രിയയും ടോമിയും കുഞ്ഞും ചേർന്ന് യെമനിലേക്ക് പോയത്. നാട്ടിൽ നഴ്‌സായിരുന്ന നിമിഷപ്രിയ അവിടെയും അതേ ജോലി തന്നെ ചെയ്ത് പോന്നു, ടോമി ഒരു സ്വകാര്യ കമ്പനിയിലും ജോലി നേടി. അതിനിടെയാണ് ഇവർ തലാൽ അബ്ദുൾ മഹ്ദി എന്ന യെമൻ പൗരനെ പരിചയപ്പെടുന്നതും, കച്ചവട പങ്കാളിത്തത്തിൽ ഒരു ക്ലിനിക് തുടങ്ങാൻ തീരുമാനിക്കുന്നതും.

യെമനിൽ ആ നാട്ടിലെ തന്നെ ഒരാളുടെ സഹായമില്ലാതെ ക്ലിനിക് തുടങ്ങാൻ നിർവ്വാഹമില്ലാത്തതിനാലാണ് തലാലിന്റെ സഹായം തേടിയത്. ക്ലിനിക് തുടങ്ങിയതിന് ശേഷം നിമിഷപ്രിയ തന്റെ ഭാര്യയാണെന്ന് തലാൽ എല്ലാവരെയും വിശ്വസിപ്പിച്ചു. വ്യാജ വിവാഹ സർട്ടിഫിക്കറ്റ് ഉണ്ടാക്കുകയും, പിന്നീട് ഭീഷണിപ്പെടുത്തി മതാചാരപ്രകാരം വിവാഹം നടത്തുകയും ചെയ്തു.

പങ്കാളിത്തത്തിൽ തുടങ്ങിയ ക്ലിനിക്കിന്റെ വരുമാനം മുഴുവനായും തലാൽ സ്വന്തമാക്കാൻ തുടങ്ങി. പാസ്‌പോർട്ട് തട്ടിയെടുക്കുകയും, അവരുടെ പക്കലുണ്ടായിരുന്ന സ്വർണം വിൽക്കുകയും ചെയ്തു. സഹിക്കാൻ വയ്യെന്ന ഘട്ടത്തിൽ നിമിഷപ്രിയ അധികൃതർക്ക് പരാതി നൽകി, ഇതോടെ തലാൽ ശാരീരിക ഉപദ്രവങ്ങൾ ആരംഭിച്ചു. ജീവൻ അപകടത്തിലാവും എന്ന ഘട്ടത്തിലാണ് താൻ തലാലിനെ അപായപ്പെടുത്താൻ ശ്രമിച്ചത് എന്നായിരുന്നു നിമിഷപ്രിയ വ്യക്തമാക്കിയത്.

നിമിഷപ്രിയക്കായുള്ള ഇടപെടലിൽ കാന്തപുരം എപി അബൂബക്കർ മുസ്‌ലിയാർക്ക് വലിയ രീതിയിലുള്ള പിന്തുണയാണ് സോഷ്യൽ മീഡിയയിലൂടെ ലഭിച്ചത്. മുഖ്യമന്ത്രി പിണറായി വിജയൻ, പ്രതിപക്ഷ നേതാവ് വി ഡി സതീശൻ, മന്ത്രി പി എ മുഹമ്മദ് റിയാസ്, കെ രാധാകൃഷ്ണൻ എംപി, എംഎൽഎമാരായ കെ കെ ശൈലജ, രാഹുൽ മാങ്കൂട്ടത്തിൽ അടക്കം നിരവധി പേരാണ് കാന്തപുരത്തെ അഭിനന്ദിച്ച് രംഗത്തെത്തിയത്.

Content Highlights: kanthapuram ap aboobacker musliyar on Nimishapriya's release

To advertise here,contact us