കനത്ത മഴ തുടരുന്നു; കുട്ടനാട് താലൂക്കിൽ നാളെ അവധി

മുന്‍പെ നിശ്ചയിച്ച പരീക്ഷകള്‍ക്ക് മാറ്റമുണ്ടാവില്ല

തിരുവനന്തപുരം: സംസ്ഥാനത്ത് കനത്ത മഴയോട് അനുബന്ധിച്ച് കുട്ടനാട് താലൂക്കിലെ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് നാളെ അവധി. പ്രൊഫഷണല്‍ കോളേജുകള്‍ ഉള്‍പ്പെടെയുള്ള എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്കും അങ്കണവാടികള്‍ക്കും ട്യൂഷന്‍ സെന്ററുകള്‍ക്കുമാണ് ജില്ലാ കളക്ടര്‍ നാളെ അവധി പ്രഖ്യാപിച്ചത്. മുന്‍പെ നിശ്ചയിച്ച പരീക്ഷകള്‍ക്ക് മാറ്റമുണ്ടാവില്ല.  വയനാട്, കോട്ടയം ജില്ലകളിൽ ദുരിതാശ്വാസ ക്യാമ്പുകളായി പ്രവർത്തിക്കുന്ന സ്കൂളുകൾക്കും ജില്ലാ കളക്ടർ നാളെ അവധി പ്രഖ്യാപിച്ചിട്ടുണ്ട്. 

അതേ സമയം, കേരളത്തില്‍ അടുത്ത 5 ദിവസം മഴയ്ക്ക് സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു. ഇന്ന് (ജൂലൈ 27) അതിശക്തമായ മഴയ്ക്കും ജൂലൈ 27 മുതല്‍ 30 വരെ ശക്തമായ മഴയ്ക്കും സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു. കേരളത്തില്‍ ഇന്ന് (27/07/2025) ഒറ്റപ്പെട്ടയിടങ്ങളില്‍ മണിക്കൂറില്‍ 50 മുതല്‍ 60 കിലോമീറ്റര്‍ വരെ വേഗതയിയിലും ജുലൈ 28 മുതല്‍ 30 വരെ 40 മുതല്‍ 50 വരെ വേഗതയില്‍ ശക്തമായ കാറ്റിനു സാധ്യതയുണ്ട്.

മധ്യകേരളത്തിൽ മഴക്കെടുതിയിൽ വ്യാപക നാശനഷ്ടമാണുണ്ടാവുന്നത്. എറണാകുളത്തും കോട്ടയത്തും വീടുകൾ തകർന്നു.  ആലപ്പുഴ കുട്ടനാട്ടിൽ നിരവധി വീടുകളിൽ വെള്ളം കയറി. എറണാകുളം എടത്തല തേവക്കലിൽ മണ്ണിടിഞ്ഞ് വീട് തകർന്നു. തേവയ്ക്കൽ സ്വദേശി ലൈജുവിന്റെ രണ്ടര വർഷം മുൻപ് മാത്രം നിർമ്മിച്ച വീടാണ് തകർന്നത്. അപകട സമയത്ത് വീട്ടിലുണ്ടായിരുന്ന ലൈജു തലതാരിഴ്യ്ക്കാണ് രക്ഷപ്പെട്ടത്. കഴിഞ്ഞ രണ്ടു ദിവസത്തിനുള്ളിൽ എറണാകുളം ജില്ലയിൽ 19 വീടുകൾക്കും, കോട്ടയത്ത് 172 വീടുകൾക്കും ഭാഗികമായി കേടുപാടുകൾ സംഭവിച്ചു. തീരദേശ മേഖലകളിൽ കടലാക്രമണ ദുരിതവും രൂക്ഷമാണ്. നിലവിൽ കനത്ത മഴയ്ക്ക്  ശമനമുണ്ട്.

Content Highlights- Heavy rain continues; Holiday declared in Kuttanad taluk tomorrow

 

To advertise here,contact us