സംഘപരിവാർ സംഘടിപ്പിച്ച ജ്ഞാനസഭയിൽ മോഹനൻ കുന്നുമ്മൽ ഉൾപ്പെടെ നാല് വിസിമാർ; വിമർശനം

ജ്ഞാന സഭയിൽ പങ്കെടുക്കുന്ന വി സിമാരെ പരസ്യവിചാരണ നടത്തുമെന്ന് കെഎസ്യു അറിയിച്ചു

കൊച്ചി: വിവാദങ്ങൾക്കിടെ സംഘപരിവാർ സംഘടന കൊച്ചിയിൽ സംഘടിപ്പിച്ച ജ്ഞാനസഭയിൽ സംസ്ഥാനത്തെ നാല് വൈസ് ചാൻസിലർമാർ പങ്കെടുത്തു. ആർഎസ്എസ് സർ സംഘ് ചാലക് ഡോ. മോഹൻ ഭാഗവത് പങ്കെടുത്ത പരിപാടിയിലാണ് വി സിമാരും പങ്കെടുത്തത്.

ആരോഗ്യ സർവകലാശാല വി സി ഡോ. മോഹനൻ കുന്നുമ്മൽ, കണ്ണൂർ സർവകലാശാലാ വി സി ഡോ. കെ കെ സാജു, കാലിക്കറ്റ് സർവകലാശാലാ വി സി ഡോ. പി പി രവീന്ദ്രൻ, കുഫോസ് വി സി ഡോ. എ ബിജുകുമാർ എന്നിവരാണ് ഇന്ന് എറണാകുളം ഇടപ്പള്ളി അമൃത വിദ്യാ പീഠത്തിൽ നടന്ന വിദ്യാഭ്യാസ സമ്മേളനത്തിൽ പങ്കെടുത്തത്. പരിപാടിയിൽ വൈസ് ചാൻസിലർമാർ പങ്കെടുക്കുന്നതിനെതിരെ സിപിഐഎം സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദൻ രംഗത്ത് വന്നിരുന്നു.

മോഹൻ ഭാഗവത് മുഖ്യ പ്രഭാഷണം നടത്തി. ഗവർണർ രാജേന്ദ്ര വിശ്വനാഥ് ആർലേക്കർ ചടങ്ങിൽ ആശംസകൾ അർപ്പിച്ചു. ജ്ഞാന സഭയിൽ പങ്കെടുക്കുന്ന വി സിമാരെ പരസ്യവിചാരണ നടത്തുമെന്ന് കെ എസ് യു അറിയിച്ചിട്ടുണ്ട്. എന്നാൽ വൈസ് ചാൻസിലർ എന്ന നിലയിൽ പങ്കെടുത്ത് വിദ്യാഭ്യാസ പരിവർത്തനം കേരളത്തിന്റെ കഴിവുകളും സാധ്യതകളും എന്ന വിഷയത്തിൽ തന്റെ നിലപാടുകൾ വിശദീകരിക്കുകയാണ് ചെയ്തതെന്നും ആർഎസ്എസ് മേധാവിയുടെ വിദ്യാഭ്യാസ സദസ്സിൽ പങ്കെടുത്തില്ലെന്നും കുഫോസ് വി സി ഡോ. എ ബിജുകുമാർ വാർത്താക്കുറുപ്പിൽ അറിയിച്ചു.

Content Highlights: four vice chancellors at rss educational conference

To advertise here,contact us