കണ്ണൂര്: കണ്ണൂര് സെന്ട്രല് ജയിലില് നിന്നും ഗോവിന്ദച്ചാമി രക്ഷപ്പെട്ട സെല്ലിന്റെ ചിത്രം റിപ്പോർട്ടറിന് ലഭിച്ചു. സെല്ലിന്റെ ഏറ്റവും അടിഭാഗത്തെ കമ്പികളാണ് പുറത്തുകടക്കാനായി ഗോവിന്ദച്ചാമി മുറിച്ചുകളഞ്ഞത്. നൂലുകള്കൊണ്ട് കെട്ടിവച്ച ഭാഗങ്ങളും ചിത്രത്തില് വ്യക്തമാണ്. ജയില് ഉദ്യോഗസ്ഥര്ക്ക് വലിയ വീഴ്ച്ച സംഭവിച്ചുവെന്ന ആരോപണത്തെ സാധൂകരിക്കുന്നതാണ് പുറത്ത് വന്നിരിക്കുന്ന ചിത്രങ്ങൾ.
ഒറ്റ നോട്ടത്തിൽ തന്നെ എളുപ്പത്തില് മനസിലാകുന്ന രീതിയിലാണ് സെല്ലിന്റെ കമ്പികള് മുറിച്ചിരിക്കുന്നത്. അത് ജയില് ഉദ്യോഗസ്ഥരുടെ ശ്രദ്ധയില്പ്പെട്ടില്ല. സെല്ലില് നിന്ന് മുറിച്ചുമാറ്റിയ കമ്പികള്ക്കിടയിലൂടെ നൂന്നിറങ്ങിയ ഗോവിന്ദച്ചാമി കമ്പികള് പഴയപടി ചേര്ത്തുവെച്ച് നൂല് കൊണ്ട് കെട്ടിയാണ് ജയില് ചാടിയത്. ആ സമയത്തുപോലും സെല്ലിന്റെ പരിസരത്തേക്ക് ആരും എത്തിയിട്ടില്ല. നിരന്തരം പരിശോധന നടക്കുന്ന സ്ഥലമായിരുന്നെങ്കില് ഗോവിന്ദച്ചാമി പുറത്തിറങ്ങിയത് ജയില് ഉദ്യോഗസ്ഥരുടെ കണ്ണില്പ്പെടേണ്ടതായിരുന്നു.
അതേസമയം, ഗോവിന്ദച്ചാമിയുടെ മൊഴിയിലെ കൂടുതൽ വിശദാംശങ്ങള് പുറത്തുവന്നു. ജയിൽ ചാടിയ ശേഷം തമിഴ്നാട്ടിൽ എത്തി മാധ്യമങ്ങളെ ഉപയോഗിച്ച് നിരപരാധിയെന്ന് വരുത്തുകയായിരുന്നു ലക്ഷ്യമെന്ന് ഗോവിന്ദച്ചാമി പറഞ്ഞു. തമിഴ്നാട്ടുകാരനായ തന്നെ ചെയ്യാത്ത കുറ്റത്തിന് ജയിലിൽ ഇട്ടിരിക്കുന്നുവെന്ന് പ്രചരിപ്പിക്കുകയായിരുന്നു ഉദ്ദേശ്യമെന്നാണ് ഗോവിന്ദച്ചാമി വെളിപ്പെടുത്തിയത്.
കണ്ണൂർ ജയിലിലായിരുന്ന ഗോവിന്ദച്ചാമിയെ കഴിഞ്ഞ ദിവസം വിയ്യൂരിലേക്ക് മാറ്റിയിരുന്നു. വിയ്യൂർ അതിസുരക്ഷാ ജയിലിലെ ജി എഫ് വൺ സെല്ലിന് അകത്തും പുറത്തും സിസിടിവി ക്യാമറകൾ സ്ഥാപിച്ചിട്ടുണ്ട്. ഗോവിന്ദച്ചാമിയെ നിരീക്ഷിക്കാൻ കൂടുതൽ ജീവനക്കാരെയും ജയിൽവകുപ്പ് നിയോഗിച്ചു. ജൂലൈ ഇരുപത്തിയഞ്ചിന് പുലർച്ചെയാണ് ഗോവിന്ദച്ചാമി ജയിൽ ചാടിയത്. രാവിലെ പത്തരയോടെ പൊലീസ് ഇയാളെ പിടികൂടുകയും ചെയ്തു.
Content Highlights: Clear negligence of officials: Photo of the cell where Govindachamy escaped spreads in media