ക്യാപിറ്റല്‍ പണിഷ്‌മെന്റ് എന്നൊരു വാക്ക് സമ്മേളനത്തില്‍ ഉണ്ടായിട്ടില്ല; സുരേഷ് കുറുപ്പിനെ തള്ളി ചിന്ത ജെറോം

എന്തുകൊണ്ടാണ് സുരേഷ് കുറുപ്പ് അത്തരമൊരു പരാമര്‍ശം നടത്തിയതെന്ന് അറിയില്ലെന്ന് ഡി കെ മുരളി എംഎല്‍എയും പറഞ്ഞു

തിരുവനന്തപുരം: ആലപ്പുഴ സമ്മേളനത്തില്‍ വി എസ് അച്യുതാന്ദന് ക്യാപിറ്റല്‍ പണിഷ്‌മെന്റ് കൊടുക്കണമെന്ന് വനിതാ യുവ നേതാവ് പറഞ്ഞിരുന്നുവെന്ന സിപിഐഎം നേതാവ് സുരേഷ് കുറുപ്പിന്റെ വാദം തള്ളി ചിന്ത ജെറോം. സുരേഷ് കുറുപ്പ് എന്തിന്റെ അടിസ്ഥാനത്തിലാണ് ഇങ്ങനെ എഴുതിയതെന്ന് അറിയില്ല. ആലപ്പുഴ സമ്മേളനം തന്റെ ആദ്യസമ്മേളനമാണ്. ക്യാപിറ്റല്‍ പണിഷ്‌മെന്റ് എന്നൊരു വാക്ക് സമ്മേളനത്തില്‍ ഉണ്ടായിട്ടില്ലെന്നും ചിന്ത ജെറോം പറഞ്ഞു. ഇല്ലാത്തൊരു വാക്ക് ആരും കേട്ടിട്ടില്ല. പാര്‍ട്ടിക്ക് പിന്തുണ കൂടി വരുന്ന ഘട്ടത്തിലാണ് ഇത്തരമൊരു കുപ്രചരണം എന്നും ചിന്ത ജെറോം പറഞ്ഞു.

എന്തുകൊണ്ടാണ് സുരേഷ് കുറുപ്പ് അത്തരമൊരു പരാമര്‍ശം നടത്തിയതെന്ന് അറിയില്ലെന്ന് ഡി കെ മുരളി എംഎല്‍എയും പറഞ്ഞു. പാര്‍ട്ടി സമ്മേളനത്തില്‍ മുഴുവന്‍ സമയവും പങ്കെടുത്തയാളാണ്. അത്തരമൊരു പരാമര്‍ശം സമ്മേളനത്തില്‍ ഉണ്ടായിട്ടില്ലെന്ന് ഡി കെ മുരളിയും പ്രതികരിച്ചു. സുരേഷ് കുറുപ്പിനെ തള്ളി മന്ത്രി വി ശിവന്‍കുട്ടിയും കടകംപള്ളി സുരേന്ദ്രനും രംഗത്തെത്തിയിരുന്നു.

താനും ആലപ്പുഴ സമ്മേളനത്തില്‍ പങ്കെടുത്തിരുന്നുവെന്നും ഒരു വനിതാ നേതാവും ഇങ്ങനെ ചര്‍ച്ച നടത്തിയിട്ടില്ലെന്നുമായിരുന്നു വി ശിവന്‍കുട്ടി പറഞ്ഞത്. സമ്മേളനത്തില്‍ പങ്കെടുത്തയാളാണ് താനെന്നും അത്തരം പരാമര്‍ശം എവിടെയും കേട്ടിട്ടില്ലെന്നും എം സ്വരാജിനെ കരിവാരി തേക്കാനുളള ബോധപൂര്‍വമായ ശ്രമമാണ് നടക്കുന്നതെന്നും കടകംപള്ളി സുരേന്ദ്രനും പറഞ്ഞു.

വി എസ് അച്യുതാനന്ദന് ക്യാപിറ്റല്‍ പണിഷ്മെന്റ് കൊടുക്കണമെന്ന് പറഞ്ഞത് കൊച്ചുപെണ്‍കുട്ടിയാണെന്നായിരുന്നു സുരേഷ് കുറുപ്പിന്റെ പരാമര്‍ശം. 'ആലപ്പുഴ സംസ്ഥാന സമ്മേളനത്തില്‍ ഒരു കൊച്ചു പെണ്‍കുട്ടി വി എസിന് ക്യാപിറ്റല്‍ പണിഷ്മെന്റ് കൊടുക്കണമെന്ന് പറഞ്ഞു. ഈ അധിക്ഷേപം സഹിക്കാന്‍ പറ്റാതെ വി എസ് വേദി വിട്ട് പുറത്തേക്കിറങ്ങി'യെന്നാണ് സുരേഷ് കുറുപ്പ് വെളിപ്പെടുത്തിയിരിക്കുന്നത്. മാതൃഭൂമി ദിനപത്രത്തിന്റെ വാരാന്തപതിപ്പില്‍ 'ഇങ്ങനെയൊക്കെയായിരുന്നു എന്റെ വി എസ്' എന്ന പേരിലെഴുതിയ ലേഖനത്തിലാണ് സുരേഷ് കുറുപ്പിന്റെ വെളിപ്പെടുത്തല്‍. തിരുവനന്തപുരം സമ്മേളനത്തില്‍ കാപിറ്റല്‍ പണിഷ്മെന്റ് വാദം ഒരു യുവനേതാവ് ഉയര്‍ത്തിയെന്ന് പിരപ്പന്‍കോട് മുരളിയും പറഞ്ഞിരുന്നു.

Content Highlights: Capital Punishment Statement Chintha Gerome Against Suresh Kurup

To advertise here,contact us