വിഎസ് ജീവിച്ചിരുന്നപ്പോൾ പുറത്തു പറഞ്ഞ് ഒരു പിന്തുണ കൊടുക്കാത്തവരാണ് ഇപ്പോൾ അലമുറയിടുന്നത്; ലതീഷ് ബി ചന്ദ്രൻ

വിവാദം ഉണ്ടാക്കുന്നത് വേറെ എന്തോ ഉദ്ദേശത്തോടെയാണെന്ന് അരിയാഹാരം കഴിക്കുന്ന ആര്‍ക്കും മനസിലാകും

കൊച്ചി: അന്തരിച്ച മുതിര്‍ന്ന കമ്മ്യൂണിസ്റ്റ് നേതാവ് വി എസ് അച്യുതാനന്ദന്റെ പേരില്‍ ഉണ്ടാക്കുന്ന വിവാദങ്ങള്‍ എന്തോ ഉദ്ദേശത്തോടെയെന്ന് വി എസ് മുഖ്യമന്ത്രിയായിരിക്കെ പഴ്‌സനല്‍ സ്റ്റാഫ് അംഗമായിരുന്ന അഡ്വ. ലതീഷ് ബി ചന്ദ്രന്‍. ജീവിച്ചിരുന്നപ്പോള്‍ ഇതെല്ലാം പുറത്തുപറഞ്ഞ് വി എസിന് പിന്തുണ കൊടുക്കാത്തവരാണ് ഇപ്പോള്‍ വിഎസിനായി അലമുറയിടുന്നത്. ഇതൊന്നും ഒട്ടും ഭൂഷണമല്ലെന്നും ലതീഷ് ബി ചന്ദ്രന്‍ ഫേസ്ബുക്കില്‍ കുറിച്ചു.

'വിഎസിന്റെ മരണശേഷം അതും ആ ഓര്‍മ്മകള്‍ മനസ്സില്‍ ഒരു തേങ്ങലായി നില്‍ക്കുന്ന സമയത്ത് ഇത്തരത്തില്‍ വിഎസിന്റെ പേരില്‍ഒരു വിവാദം ആര് ഉണ്ടാക്കിയാലും ഒട്ടും അംഗീകരിക്കാന്‍ കഴിയുന്നതല്ല. അങ്ങനെ വിവാദം ഉണ്ടാക്കുന്നത് വേറെ എന്തോ ഉദ്ദേശത്തോടെയാണെന്ന് അരിയാഹാരം കഴിക്കുന്ന ആര്‍ക്കും മനസിലാകും. വിഎസ് ജീവിച്ചിരുന്നപ്പോള്‍ ഇത്തരത്തില്‍ പുറത്തു പറഞ്ഞു ഒരു പിന്തുണ കൊടുക്കാത്തവരാണ് ഇപ്പോള്‍ വിഎസിന് വേണ്ടി അലമുറ ഇടുന്നത്. എന്തായാലും ഇത് ഒട്ടും ഭൂഷണമല്ല', ലതീഷ് ബി ചന്ദ്രന്‍ ഫേസ്ബുക്കില്‍ കുറിച്ചു.

ആലപ്പുഴ സമ്മേളനത്തില്‍ വി എസ് അച്യുതാന്ദന് ക്യാപിറ്റല്‍ പണിഷ്‌മെന്റ് കൊടുക്കണമെന്ന് വനിതാ യുവ നേതാവ് പറഞ്ഞിരുന്നുവെന്ന സിപിഐഎം നേതാവ് സുരേഷ് കുറുപ്പിന്റെ പരാമര്‍ശമാണ് വലിയ വിവാദങ്ങള്‍ക്ക് വഴിവെച്ചിരിക്കുന്നത്. വി എസ് അച്യുതാനന്ദന് ക്യാപിറ്റല്‍ പണിഷ്മെന്റ് കൊടുക്കണമെന്ന് പറഞ്ഞത് കൊച്ചുപെണ്‍കുട്ടിയാണെന്നായിരുന്നു സുരേഷ് കുറുപ്പിന്റെ പരാമര്‍ശം. 'ആലപ്പുഴ സംസ്ഥാന സമ്മേളനത്തില്‍ ഒരു കൊച്ചു പെണ്‍കുട്ടി വി എസിന് ക്യാപിറ്റല്‍ പണിഷ്മെന്റ് കൊടുക്കണമെന്ന് പറഞ്ഞു. ഈ അധിക്ഷേപം സഹിക്കാന്‍ പറ്റാതെ വി എസ് വേദി വിട്ട് പുറത്തേക്കിറങ്ങി'യെന്നാണ് സുരേഷ് കുറുപ്പ് വെളിപ്പെടുത്തിയിരിക്കുന്നത്. മാതൃഭൂമി ദിനപത്രത്തിന്റെ വാരാന്തപതിപ്പില്‍ 'ഇങ്ങനെയൊക്കെയായിരുന്നു എന്റെ വി എസ്' എന്ന പേരിലെഴുതിയ ലേഖനത്തിലാണ് സുരേഷ് കുറുപ്പിന്റെ വെളിപ്പെടുത്തല്‍. തിരുവനന്തപുരം സമ്മേളനത്തില്‍ കാപിറ്റല്‍ പണിഷ്മെന്റ് വാദം ഒരു യുവനേതാവ് ഉയര്‍ത്തിയെന്ന് പിരപ്പന്‍കോട് മുരളിയും പറഞ്ഞിരുന്നു.

Content Highlights: Adv Latheesh B Chandran about Controversy Related to v s achuthanandan

To advertise here,contact us