'ഉയരം' കൂടിപ്പോയതാണ് ശശി തരൂർ നേരിടുന്ന പ്രശ്‌നം; വെട്ടിനിരത്തല്‍ മലയാളിയുടെ സ്വഭാവം: അടൂര്‍ ഗോപാലകൃഷ്ണന്‍

രാഷ്ട്രീയത്തിലായാലും പൊതു ജീവിതത്തിലായാലും തരൂരിനെ ഇരുകയ്യും നീട്ടി സ്വീകരിക്കണമെന്നും അടൂര്‍ കൂട്ടിച്ചേര്‍ത്തു

തിരുവനന്തപുരം: കോണ്‍ഗ്രസ് നേതാവ് ശശി തരൂര്‍ നേരിടുന്നത് 'ഉയരം' കൂടിപ്പോയതിന്റെ പ്രശ്‌നം എന്ന് അടൂര്‍ ഗോപാലകൃഷ്ണന്‍. ശശി തരൂരിനെ ഉള്‍ക്കൊള്ളാന്‍ പല ആളുകള്‍ക്കും വലിയ വിഷമമാണ്. ശരാശരി ആളുകളുടെ ഉയരം എട്ട് ഇഞ്ച് വരെ പോകും. അതില്‍ കൂടുതല്‍ ഉയരം അധികം പേരില്‍ കാണാറില്ല. നല്ല ഉയരമുള്ള ആളുകള്‍ വന്നാല്‍ വലിയ പ്രശ്‌നമാണ്. ശശി തരൂരും ആ പ്രശ്‌നത്തിലാണ് പെട്ടിരിക്കുന്നതതെന്നും അടൂര്‍ ഗോപാലകൃഷ്ണന്‍ പറഞ്ഞു.

തിരുവനന്തപുരത്ത് ശശി തരൂരിന് പി കേശവദാസ് പുരസ്‌കാരം നല്‍കുന്ന ചടങ്ങിലാണ് അടൂരിന്റെ പരാമര്‍ശം.

'നമ്മള്‍ വിചാരിച്ചാലൊന്നും തരൂരിന്റെ പൊക്കം കുറയ്ക്കാന്‍ സാധിക്കില്ല. ഏത് രംഗത്തായാലും വെട്ടിനിരത്തലാണ് മലയാളിയുടെ യഥാര്‍ത്ഥ സ്വഭാവം. അത് മലയാളിയുടെ ജീനിലുള്ളതാണ്. ആകാശം കാണാതെ ജീവിക്കുന്ന ജനതയാണ് മലയാളി എന്നതാണ് അതിനൊരു കാരണം. നമ്മള്‍ ആകാശമേ കാണുന്നില്ല. പൊട്ടോ പൊടിയോ ഒക്കെയാണ് കാണുന്നത്. ശരാശരിക്കാരനെ മാത്രമെ അംഗീകരിക്കൂ', എന്നും അടൂര്‍ ഗോപാലകൃഷ്ണന്‍ പറഞ്ഞു.

രാഷ്ട്രീയത്തിലായാലും പൊതു ജീവിതത്തിലായാലും തരൂരിനെ ഇരുകയ്യും നീട്ടി സ്വീകരിക്കണമെന്നും അടൂര്‍ കൂട്ടിച്ചേര്‍ത്തു. കോണ്‍ഗ്രസും തരൂരും തമ്മില്‍ സ്വരചേര്‍ച്ചയില്ലായ്മ തുടരുന്നതിനിടെയാണ് അടൂരിന്റെ പ്രതികരണം.

Content Highlights: adoor gopalakrishnan about Shashi Tharoor

To advertise here,contact us