തിരുവനന്തപുരം: സംസ്ഥാനത്ത് എല്ഡിഎഫ് ഭരണം തുടരുമെന്ന് തിരുവനന്തപുരം ഡിസിസി അധ്യക്ഷന് പാലോട് രവി. പ്രാദേശിക കോണ്ഗ്രസ് നേതാവുമായുള്ള പാലോട് രവിയുടെ ഫോണ് സംഭാഷണമാണ് പുറത്തുവന്നത്. പഞ്ചായത്ത് തിരഞ്ഞെടുപ്പില് കോണ്ഗ്രസ് മൂന്നാം സ്ഥാനത്തേക്ക് പോകും. തദ്ദേശതിരഞ്ഞെടുപ്പോടെ കോണ്ഗ്രസ് ഇല്ലാതാകും. മുസ്ലിം വിഭാഗം മറ്റുപാര്ട്ടികളിലേക്കും സിപിഐഎമ്മിലേക്കും പോകും. കോണ്ഗ്രസ് എടുക്കാച്ചരക്കാകുമെന്നും പാലോട് രവി പറയുന്ന ഫോണ് സംഭാഷണമാണ് പുറത്തുവന്നത്.
'പഞ്ചായത്ത് തിരഞ്ഞെടുപ്പില് മൂന്നാമത് പോകും. നിയമസഭയില് താഴെ വീഴും. 60 നിയമസഭാ മണ്ഡലത്തില് ബിജെപി എന്താണ് ചെയ്യാന് പോകുന്നതെന്ന് നീ നോക്കിക്കോ. പാര്ലമെന്റ് തിരഞ്ഞെടുപ്പില് വോട്ട് പിടിച്ചതുപോലെ കാശ് കൊടുത്ത് വോട്ട് പിടിക്കും. കോണ്ഗ്രസ് പാര്ട്ടി മൂന്നാം സ്ഥാനത്തേക്ക് വീഴും. മാര്ക്സിസ്റ്റ് പാര്ട്ടി ഭരണം തുടരും. ഇതാണ് കേരളത്തില് സംഭവിക്കാന് പോകുന്നത്. ഇതോടെ ഈ പാര്ട്ടിയുടെ അധോഗതിയായിരിക്കും', പാലോട് രവി പറയുന്നു.
മുസ്ലിം സമുദായങ്ങള് വേറെ പാര്ട്ടിയിലേക്കും കുറച്ചുപേര് മാര്ക്സിസ്റ്റ് പാര്ട്ടിയിലേക്കും പോകും. കോണ്ഗ്രസിലുണ്ടെന്ന് പറയുന്നവര് ബിജെപിയിലേക്കും മറ്റേതെങ്കിലും പാര്ട്ടിയിലേക്കും പോകും. പഞ്ചായത്ത്, നിയമസഭാ തിരഞ്ഞെടുപ്പോടെ ഇതൊരു എടുക്കാചരക്കായി മാറുമെന്നും പാലോട് രവി പറഞ്ഞു.
നാട്ടിലിറങ്ങി ജനങ്ങളോട് സംസാരിക്കാന് 10 ശതമാനം സ്ഥലത്തേ നമുക്ക് ആളുള്ളൂ. ആത്മാര്ത്ഥമായി ഒറ്റൊരാള്ക്കും പരസ്പര ബന്ധമോ സ്നേഹമോ ഇല്ല. എങ്ങനെ കാല് വാരാമോ അത് ചെയ്യും. ചിന്നഭിന്നമാക്കുകയാണെന്നും പാലോട് രവി പറയുന്നു. തദ്ദേശ തിരഞ്ഞെടുപ്പൊരുങ്ങള് പാര്ട്ടി സജീവമാക്കിയിരിക്കെയാണ് പാലോട് രവിയുടെ ഫോണ് സംഭാഷണം പുറത്ത് വന്നത്.
Content Highlights: Thiruvananthapuram DCC President Palode Ravi says LDF will continue in kerala Phone Record