'പാലോട് രവിയുടെ പരാമർശത്തിൽ ഉചിതമായ നടപടിയെടുക്കും'; വെള്ളാപ്പള്ളിയുടെ പരാമർശം കണ്ടിട്ടില്ലെന്ന് സണ്ണി ജോസഫ്

ഗോവിന്ദച്ചാമിയുടെ ജയില്‍ച്ചാട്ടത്തില്‍ ജയില്‍ വകുപ്പിന്റെ പരാജയം സര്‍ക്കാര്‍ സമ്മതിക്കുന്നുവെന്ന് സണ്ണി ജോസഫ്

കൊച്ചി: കോണ്‍ഗ്രസ് നേതാവ് പാലോട് രവിയുടെ പരാമര്‍ശത്തില്‍ ഉചിതമായ നടപടിയെടുക്കുമെന്ന് കെപിസിസി അധ്യക്ഷന്‍ സണ്ണി ജോസഫ്. പാലോട് രവിയുമായി സംസാരിച്ചെന്നും ഓഡിയോയുടെ ആധികാരികത അദ്ദേഹം നിഷേധിച്ചിട്ടില്ലെന്നും സണ്ണി ജോസഫ് പറഞ്ഞു. എസ്എന്‍ഡിപി ജനറല്‍ സെക്രട്ടറി വെള്ളാപ്പള്ളി നടേശന്റെ പ്രതിപക്ഷ നേതാവ് വി ഡി സതീശനെതിരായ അധിക്ഷേപ പരാമര്‍ശം കണ്ടിട്ടില്ലെന്നും സണ്ണി ജോസഫ് പറഞ്ഞു. കോണ്‍ഗ്രസ് മതേതര പാര്‍ട്ടിയാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. ഗോവിന്ദച്ചാമിയുടെ ജയില്‍ച്ചാട്ടത്തില്‍ ജയില്‍ വകുപ്പിന്റെ പരാജയം സര്‍ക്കാര്‍ സമ്മതിക്കുന്നുവെന്നും അദ്ദേഹം പറഞ്ഞു. ജൂഡീഷ്യല്‍ കമ്മീഷന്‍ അന്വേഷണം ഒളിച്ചോട്ടം മാത്രമാണെന്ന് സണ്ണി ജോസഫ് പറഞ്ഞു.

സംസ്ഥാനത്ത് എല്‍ഡിഎഫ് വീണ്ടും തുടര്‍ഭരണം നേടുമെന്ന പാലോട് രവിയുടെ പ്രസ്താവനയില്‍ സണ്ണി ജോസഫ് വിവിധ കോണ്‍ഗ്രസ് നേതാക്കളുമായി കൂടിക്കാഴ്ച നടത്തിയിരുന്നു. പാലോട് രവിയുടെ പരാമര്‍ശം ഗൗരവമുള്ളതാണെന്നും എഐസിസി നേതൃത്വവുമായും സംസ്ഥാന നേതാക്കളുമായും വിഷയം ചര്‍ച്ച ചെയ്യുകയാണ് എന്നുമായിരുന്നു അധ്യക്ഷന്‍ സണ്ണി ജോസഫ് പ്രതികരിച്ചത്.

പഞ്ചായത്ത് തെരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസ് മൂന്നാം സ്ഥാനത്തേക്ക് പോകുമെന്നും തദ്ദേശ തെരഞ്ഞെടുപ്പോടെ കോണ്‍ഗ്രസ് ഇല്ലാതാകും എന്ന പാലോട് രവിയുടെ ഫോണ്‍ സംഭാഷണം പുറത്ത് വന്നിരുന്നു. നിയമസഭയിലും കോണ്‍ഗ്രസ് താഴെ വീഴുമെന്നും പാര്‍ലമെന്റ് തെരഞ്ഞെടുപ്പില്‍ വോട്ട് പിടിച്ചതുപോലെ കാശ് കൊടുത്ത് ബിജെപി വോട്ട് പിടിക്കുമെന്നും രവി പറയുന്നു. കോണ്‍ഗ്രസ് പാര്‍ട്ടി മൂന്നാം സ്ഥാനത്തേക്ക് വീഴും. മാര്‍ക്സിസ്റ്റ് പാര്‍ട്ടി ഭരണം തുടരും. ഇതോടെ ഈ പാര്‍ട്ടിയുടെ അധോഗതിയായിരിക്കും എന്നും പാലോട് രവി പറഞ്ഞിരുന്നു.

അതേസമയം കേരളം കണ്ടതില്‍വെച്ച് ഏറ്റവും പരമ പന്നനാണ് വി ഡി സതീശന്‍ എന്നായിരുന്നു വെള്ളാപ്പള്ളി പറഞ്ഞത്. പ്രതിപക്ഷ നേതാവ് എന്ന നിലയില്‍ മാന്യതയും മര്യാദയും കൊടുത്ത് സംസാരിക്കുന്നുണ്ടോയെന്നും ഈഴവ വിരോധിയാണ് വി ഡി സതീശനെന്നും അദ്ദേഹം അധിക്ഷേപിച്ചു. ഈഴവനായ കെ സുധാകരനെ ഒതുക്കി. മുഖ്യമന്ത്രിയാകാന്‍ നടക്കുകയാണ്. സ്ഥാനം ഉറപ്പിക്കാനുള്ള നീക്കമാണെന്നും വെള്ളാപ്പള്ളി പറഞ്ഞിരുന്നു.

Content Highlights: Sunny Joseph about Vellappally Natesan and Palode Ravi s remarks

To advertise here,contact us