'രാജി നൽകി, സ്വീകരിച്ചു'; പാലോട് രവിയുടെ രാജി ചോദിച്ചു വാങ്ങിയോയെന്ന ചോദ്യത്തിൽ നിന്ന് ഒഴിഞ്ഞുമാറി സണ്ണി ജോസഫ്

സംഭാഷണത്തില്‍ ദുരുദ്ദേശമില്ലെന്നും പ്രവര്‍ത്തകനെ ഉത്തേജിപ്പിക്കാന്‍ പറഞ്ഞതാണെന്നും സണ്ണി ജോസഫ് പറഞ്ഞു

തിരുവനന്തപുരം: മുന്‍ ഡിസിസി പ്രസിഡന്റ് പാലോട് രവിക്ക് ശ്രദ്ധക്കുറവുണ്ടായെന്ന് കെപിസിസി പ്രസിഡന്റ് സണ്ണി ജോസഫ്. രാജിയില്‍ ചര്‍ച്ചയുണ്ടായെന്നും രാജി നല്‍കി, സ്വീകരിച്ചുവെന്നും സണ്ണി ജോസഫ് പറഞ്ഞു. സംഭാഷണത്തില്‍ ദുരുദ്ദേശമില്ലെന്നും പ്രവര്‍ത്തകനെ ഉത്തേജിപ്പിക്കാന്‍ പറഞ്ഞതാണെന്നും സണ്ണി ജോസഫ് പറഞ്ഞു. രാജി ചോദിച്ചു വാങ്ങിയോയെന്ന ചോദ്യത്തില്‍ നിന്ന് സണ്ണി ജോസഫ് ഒഴിഞ്ഞുമാറി.

വിവാദ ഫോണ്‍ സംഭാഷണത്തിന് പിന്നാലെയാണ് പാലോട് രവി രാജിവെച്ചത്. ഡിസിസി പ്രസിഡന്റ് സ്ഥാനത്തുനിന്നുമായിരുന്നു രാജി. പ്രാദേശിക കോണ്‍ഗ്രസ് നേതാവുമായുള്ള ഫോണ്‍ സംഭാഷണം പുറത്തുവന്നതിന് പിന്നാലെ പാലോട് രവി വലിയ പ്രതിസന്ധിയിലായിരുന്നു. പഞ്ചായത്ത് തെരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസ് മൂന്നാം സ്ഥാനത്തേക്ക് പോകുമെന്നും തദ്ദേശ തെരഞ്ഞെടുപ്പോടെ കോണ്‍ഗ്രസ് ഇല്ലാതാകും എന്നുമാണ് പാലോട് രവി ഫോണ്‍ സംഭാഷണത്തില്‍ പറഞ്ഞത്.

നിയമസഭയിലും കോണ്‍ഗ്രസ് താഴെ വീഴുമെന്നും പാര്‍ലമെന്റ് തെരഞ്ഞെടുപ്പില്‍ വോട്ട് പിടിച്ചതുപോലെ കാശ് കൊടുത്ത് ബിജെപി വോട്ട് പിടിക്കുമെന്നും രവി പറഞ്ഞു. കോണ്‍ഗ്രസ് പാര്‍ട്ടി മൂന്നാം സ്ഥാനത്തേക്ക് വീഴും. മാര്‍ക്സിസ്റ്റ് പാര്‍ട്ടി ഭരണം തുടരും. ഇതോടെ ഈ പാര്‍ട്ടിയുടെ അധോഗതിയായിരിക്കും എന്നും പാലോട് രവി പറഞ്ഞിരുന്നു.

പരാമര്‍ശം വിവാദമായതോടെ വിശദീകരണവുമായി രവി രംഗത്തുവന്നിരുന്നു. ഒറ്റക്കെട്ടായി നിന്ന് ഭിന്നത പരിഹരിച്ചില്ലെങ്കില്‍ പരാജയമുണ്ടാകും എന്ന താക്കീതാണ് താന്‍ നല്‍കിയതെന്നും കൃത്യമായി പ്രവര്‍ത്തിച്ചില്ലെങ്കില്‍ അത് പാര്‍ട്ടിയെ ഇല്ലാതാക്കുമെന്ന സന്ദേശം നല്‍കാനാണ് ഉദ്ദേശിച്ചതെന്നും പാലോട് രവി പറഞ്ഞിരുന്നു.

Content Highlights: Sunny Joseph about Palod Ravi

To advertise here,contact us