മുസ്‌ലിം സമുദായം എക്കാലവും സാമൂഹിക നീതിയുടെ കാവല്‍ഭടന്മാര്‍; വെള്ളാപ്പള്ളിയെ തള്ളി ശ്രീനാരായണ സേവാസംഘം

എസ്എന്‍ ട്രസ്റ്റിന്റെ മൂന്ന് ആശുപത്രികള്‍ വെള്ളാപ്പള്ളി നടേശന്‍ വിറ്റുതുലച്ചുവെന്നും ആരോപിച്ചു

കൊച്ചി: മുസ്‌ലിം സമുദായത്തിനെതിരായ അധിക്ഷേപ പരാമര്‍ശത്തില്‍ എസ്എന്‍ഡിപി യോഗം ജനറല്‍ സെക്രട്ടറി വെള്ളാപ്പള്ളി നടേശനെതിരെ ശ്രീനാരായണ സേവാസംഘം രംഗത്ത്. വെള്ളാപ്പള്ളിയുടെ പ്രസ്താവന കടുത്ത ഗുരുനിന്ദയും വര്‍ഗീയ വേര്‍തിരിവ് സൃഷ്ടിക്കുന്നതാണെന്നും ശ്രീനാരായണ സേവാസംഘം ഭാരവാഹികള്‍ പറഞ്ഞു.

മകന് കേന്ദ്രത്തില്‍ അധികാരം നേടുന്നതിന് ബിജെപിയെ പ്രീണിപ്പിക്കുവാന്‍ നടത്തുന്ന കുടിലതന്ത്രങ്ങളുടെ ദുരന്തഫലങ്ങള്‍ അനുഭവിക്കേണ്ടിവരുന്നത് ഈഴവ സമുദായമാണ്. വെള്ളാപ്പള്ളി നടേശന്റെ വലയില്‍ കുടുങ്ങിയ രാഷ്ട്രീയ നേതാക്കള്‍ വാഴ്ത്തുപാട്ടുകാരായി മാറിയിരിക്കുകയാണ്. സാമൂഹീക നീതിയുടെ കാവല്‍ഭടന്മാരായി എക്കാലവും നിലകൊണ്ടിട്ടുള്ള പാരമ്പര്യമാണ് മുസ്‌ലിം സമുദായത്തിനും ലീഗിനുമുള്ളതെന്നും സേവാസംഘം ഭാരവാഹികള്‍ അഭിപ്രായപ്പെട്ടു.

എസ്എന്‍ ട്രസ്റ്റിന്റെ മൂന്ന് ആശുപത്രികള്‍ വെള്ളാപ്പള്ളി നടേശന്‍ വിറ്റുതുലച്ചു. മൈക്രോ ഫിനാന്‍സ് വായ്പാ തട്ടിപ്പുകള്‍ ഉള്‍പ്പെടെ നിരവധി ക്രിമിനല്‍ കേസുകളില്‍ പ്രതിയാണ് വെള്ളാപ്പള്ളി നടേശന്‍. സമുദായത്തിന്റെ അന്തകനാണ്. വെള്ളാപ്പള്ളിയുടെ കഴിഞ്ഞ 29 വര്‍ഷത്തെ കിരാത വാഴ്ചയിലൂടെ എസ്എന്‍ഡിപി യോഗത്തിനും എസ്എന്‍ ട്രസ്റ്റിനുമുണ്ടായിട്ടുള്ള അപചയവും അധഃപതനവും വിവരണാതീതമാണെന്നും ഭാരവാഹികള്‍ പറഞ്ഞു.

കേരളം വൈകാതെ മുസ്‌ലിം ഭൂരിപക്ഷ നാടായി മാറുമെന്നായിരുന്നു വെള്ളാപ്പള്ളി നടേശന്റെ പരാമർശം. മുസ്‌ലിം ഭൂരിപക്ഷമായി ഇവിടെ മാറും എന്ന് മുൻ മുഖ്യമന്ത്രി വി എസ് അച്യുതാനന്ദൻ നേരത്തെ പറഞ്ഞു. അതിന് 40 വർഷം വേണ്ടി വരില്ല. കേരളത്തിൽ ജനാധിപത്യമല്ല, മതാധിപത്യമാണുള്ളതെന്നും വെള്ളാപ്പള്ളി നടേശൻ പറഞ്ഞിരുന്നു.

Content Highlights: Sreenarayana seva sangam against vellappally natesan

To advertise here,contact us