കണ്ണൂര്: സമുദായത്തില് അംഗസംഖ്യ വര്ധിക്കുന്നില്ലെന്ന് ചൂണ്ടിക്കാട്ടി വിവാദ പരാമര്ശവുമായി തലശ്ശേരി ആര്ച്ച് ബിഷപ്പ് മാര് ജോസഫ് പാംപ്ലാനി. യുവാക്കള് 18 വയസ് മുതല് പ്രണയിക്കണമെന്നും 25 വയസ്സിന് മുന്പ് വിവാഹം കഴിച്ച് കുടുംബ ജീവിതത്തിലേക്ക് കടക്കണമെന്നും പാംപ്ലാനി പറഞ്ഞു. വിശ്വാസികളുടെ എണ്ണം കുറയുന്നതിന് പരിഹാരമായാണ് ആഹ്വാനം. യുവാക്കള് വിദേശത്തേക്ക് പഠിക്കാന് പോകുന്നതും ജോലിക്ക് പോകുന്നതും സമുദായത്തെ തകര്ക്കല് ആണെന്നും പാംപ്ലാനി വിമര്ശിച്ചു.
'തന്റെ വിവാഹം നടക്കാതിരുന്നതിന് കാരണം മാതാപിതാക്കളും കന്യാസ്ത്രീകളും പിതാക്കന്മാരുമാണെന്ന് ഒരു നാല്പ്പതുകാരന് എന്നോട് പറഞ്ഞു. 18 വയസ്സിന് ശേഷം പ്രണയിക്കുന്നത് കുറ്റകരമല്ല. അത് ദോഷകരമായി ആരും കരുതേണ്ടതില്ല. യുവജനങ്ങളുടെ വിദേശത്തേക്കുള്ള ഓട്ടം അപകടകരമാണ്. 30-40 ലക്ഷം രൂപ ലോണ് എടുത്ത് യുവാക്കള് വിദേശത്തേക്ക് പാലായനം ചെയ്യാനുള്ള വ്യഗ്രത സമുദായത്തെ ദുര്ബലപ്പെടുത്തി', മാര് ജോസഫ് പാംപ്ലാനി പറഞ്ഞു.
കത്തോലിക്കാസഭയുടെ യുവജന പ്രസ്ഥാനത്തിന്റെ സമ്മേളനം ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു പാംപ്ലാനി. സമുദായം പ്രതിസന്ധി നേരിടുകയാണെന്നും അംഗസംഖ്യ കുറയുകയാണെന്നും പറഞ്ഞാണ് പാംപ്ലാനി ഇക്കാര്യം സൂചിപ്പിച്ചത്.
Content Highlights: mar joseph pamplany said youth should love from the age of 18 and get married before 25