വൈദ്യുതി ലൈനിന് താഴെ കെട്ടിടം നിര്‍മ്മിച്ചതിന് കട്ടപ്പന ട്രൈബൽ സ്‌കൂളിന് ഒന്നര ലക്ഷം രൂപ പിഴ ചുമത്തി കെഎസ്ഇബി

ഉണ്ടായേക്കാവുന്ന എല്ലാ കഷ്ടനഷ്ടങ്ങള്‍ക്കും ജീവഹാനിക്കും സ്‌കൂളിന് മാത്രമായിരിക്കും ഉത്തരവാദിത്വം എന്നാണ് കെഎസ്ഇബിയുടെ നോട്ടീസില്‍ പറയുന്നത്

ഇടുക്കി: കട്ടപ്പന ഗവണ്‍മെന്റ് ട്രൈബല്‍ ഹയര്‍സെക്കന്‍ഡറി സ്‌കൂളിന് മുകളിലെ അപകടാവസ്ഥയിലായ വൈദ്യുതി ലൈന്‍ മാറ്റാന്‍ മന്ത്രി റോഷി അഗസ്റ്റിന്‍ നിര്‍ദേശിച്ചതിനു പിന്നാലെ സ്‌കൂളിന് പിഴ ചുമത്തി കെഎസ്ഇബി. വൈദ്യുതി ലൈനിന് താഴെ കെട്ടിടം നിര്‍മ്മിച്ചതിന് ഒന്നരലക്ഷം രൂപയിലധികമാണ് പിഴ ചുമത്തിയിരിക്കുന്നത്. പിഴയടച്ചില്ലെങ്കില്‍ ഉണ്ടാകാനിടയുളള എല്ലാ നഷ്ടങ്ങള്‍ക്കും സ്‌കൂള്‍ അധികൃതരാണ് ഉത്തരവാദികളെന്നും കെഎസ്ഇബി പറയുന്നു.

സ്‌കൂള്‍ കെട്ടിടത്തിന് മുകളിലൂടെ കടന്നുപോകുന്ന വൈദ്യുത ലൈന്‍ അപകടാവസ്ഥ സൃഷ്ടിക്കുന്നുവെന്ന് കാണിച്ച് സ്‌കൂള്‍ അധികൃതര്‍ പരാതി നല്‍കിയിരുന്നു. എന്നാല്‍ രണ്ടുവര്‍ഷം കഴിഞ്ഞിട്ടും നടപടിയൊന്നും ഉണ്ടായില്ല. ഇപ്പോഴിതാ പരാതി നല്‍കിയ സ്‌കൂള്‍ അധികൃതര്‍ക്ക് പിഴ ചുമത്തിയിരിക്കുകയാണ് കെഎസ്ഇബി. 1,51,191 രൂപ പിഴയൊടുക്കണമെന്നാണ് കെഎസ്ഇബിയുടെ ഉത്തരവില്‍ പറയുന്നത്.

വര്‍ഷങ്ങള്‍ക്കു മുന്‍പ് വലിച്ചിട്ടുളള ഇലക്ട്രിക് ലൈനിന്റെ നേരേ അടിയിലാണ് എല്‍പി സ്‌കൂള്‍ പ്രവര്‍ത്തിക്കുന്നത്. സ്‌കൂളിന്റെ ഭാഗമായുളള കെട്ടിടങ്ങളും അനധികൃതമായി ലൈനിനോട് ചേര്‍ന്ന് നിര്‍മ്മിച്ചതായി കണ്ടെത്തി. സ്‌കൂളിന്റെ പ്രവര്‍ത്തിമൂലമാണ് അപകടാവസ്ഥയുണ്ടായത്. ലൈനുകള്‍ പൂര്‍ണമായി അഴിച്ചൊഴിവാക്കി ലൈനിന്റെ അപകടാവസ്ഥ മാറ്റുന്നതിന് 1,51,191 രൂപയുടെ എസ്റ്റിമേറ്റ് വരുന്നുണ്ട്. ഈ തുക എത്രയും വേഗം ഒടുക്കി അപകടാവസ്ഥ ഒഴിവാക്കേണ്ടതാണ്. അല്ലാത്തപക്ഷം ഉണ്ടായേക്കാവുന്ന എല്ലാ കഷ്ടനഷ്ടങ്ങള്‍ക്കും ജീവഹാനിക്കും സ്‌കൂളിന് മാത്രമായിരിക്കും ഉത്തരവാദിത്വം എന്നാണ് കെഎസ്ഇബിയുടെ നോട്ടീസില്‍ പറയുന്നത്.

ദിവസങ്ങള്‍ക്കു മുന്‍പ് റിപ്പോര്‍ട്ടര്‍ ടിവിയുടെ വാര്‍ത്തയെ തുടര്‍ന്ന് സ്ഥലം സന്ദര്‍ശിച്ച മന്ത്രി റോഷി അഗസ്റ്റിന്‍ അപകടാവസ്ഥ സൃഷ്ടിക്കുന്ന ലൈനുകള്‍ മാറ്റാന്‍ നിര്‍ദേശിച്ചിരുന്നു. എംഎം മണി എംഎല്‍എയ്‌ക്കൊപ്പമാണ് മന്ത്രി സ്‌കൂള്‍ സന്ദര്‍ശിച്ചത്. ലൈന്‍ മാറ്റി വലിക്കാനാവശ്യമായ തുക എംഎല്‍എ ഫണ്ടില്‍ നിന്നും അനുദിക്കുമെന്നും മന്ത്രി പറഞ്ഞിരുന്നു.

Content Highlights: KSEB fines Tribal School kattappana for constructing a building under electric line

To advertise here,contact us