കൊച്ചി: പ്രൊഡ്യൂസേഴ്സ് അസോസിയേഷനിൽ വോട്ടുണ്ടായിരുന്നെങ്കിൽ തൻ്റെ വോട്ട് സാന്ദ്ര തോമസിനെന്ന് എഴുത്തുകാരി കെ ആർ മീര. ഫേസ്ബുക്ക് കുറിപ്പിലാണ് കെ ആർ മീര ഇക്കാര്യം വ്യക്തമാക്കിയത്. സാന്ദ്ര തോമസ് പർദയിട്ട് നോമിനേഷൻ കൊടുത്ത ചിത്രത്തിനൊപ്പമാണ് മീരയുടെ കുറിപ്പ്.
നിർമാതാക്കളുടെ സംഘടനയുടെ പ്രസിഡന്റ് സ്ഥാനത്തേക്ക് മത്സരിക്കാൻ പർദ ധരിച്ചായിരുന്നു പ്രൊഡ്യൂസേഴ്സ് അസോസിയേഷൻ ആസ്ഥാനത്തേക്ക് സാന്ദ്ര തോമസെത്തിയത്. സംഘടനയും സാന്ദ്ര തോമസും തമ്മിൽ രൂക്ഷമായ ഭിന്നതകളും നിയമനടപടികളും വരെ നിലനിൽക്കുന്ന സാഹചര്യത്തിലാണ് പ്രസിഡന്റ് സ്ഥാനത്തേക്ക് മത്സരിക്കാൻ സാന്ദ്ര എത്തിയത്.
തുറിച്ചുനോട്ടവും ലൈംഗികച്ചുവയുമുള്ള സംസാരവും ഒഴിവാക്കാനാണ് പർദയിട്ട് വന്നതെന്നും സാന്ദ്ര തോമസ് മാധ്യമങ്ങളോട് പറഞ്ഞു. സംഘടനയുടെ ഭാരവാഹികളിൽ നിന്ന് മോശം പെരുമാറ്റം നേരിടേണ്ടി വന്നുവെന്ന് കാണിച്ച് നേരത്തെ സാന്ദ്ര തോമസ് പൊലീസിൽ പരാതി നൽകിയിരുന്നു. ഇവ കൂടി പരാമർശിച്ചുകൊണ്ടാണ് സാന്ദ്ര സംസാരിച്ചത്.
'ഇപ്പോഴത്തെ ഭാരവാഹികൾ ഇരിക്കുന്ന ഈ അസോസിയേഷനിൽ വരാൻ ഏറ്റവും ഉചിതമായ വസ്ത്രം ഇത് തന്നെയാണെന്ന് ഞാൻ കരുതുന്നു. അസോസിയേഷന്റെ പ്രസിഡന്റ് ആന്റോ ജോസഫ് ഞാൻ നൽകിയ കേസിലെ ഒന്നാം പ്രതിയാണ്. രണ്ടാം പ്രതി രാഗേഷും ഭാരവാഹിയാണ്.
സ്ത്രീകൾക്ക് സുരക്ഷിതമായ ഇടമല്ല ഇന്ന് പ്രൊഡ്യൂസേഴ്സ് അസോസിയേഷൻ. സ്ത്രീ നിർമാതാക്കൾക്ക് എന്ന് മാത്രമല്ല, ഒരു സ്ത്രീയ്ക്കും കടന്നുവരാൻ പറ്റിയ സേഫ് സ്പേസല്ല ഇത്. പതിറ്റാണ്ടുകളായി 10-15 പുരുഷന്മാർ ഈ അസോസിയേഷനെ കുത്തകയായി വെച്ചിരിക്കുകയാണ്,' സാന്ദ്ര തോമസ് പറഞ്ഞു.
മുൻ ഭാരവാഹികൾക്കെതിരെ സാന്ദ്ര നൽകിയ ലൈംഗിക അധിക്ഷേപ പരാതിയിൽ പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചിരുന്നു. ഇത്തരത്തിൽ പരാതി നൽകിയതിനെ തുടർന്ന് സാന്ദ്രയെ സംഘടനയിൽ നിന്ന് പുറത്താക്കിയിരുന്നു. എന്നാൽ സാന്ദ്ര തോമസിന്റെ ഹർജി പരിഗണിച്ച് എറണാകുളം സബ് കോടതി സംഘടനയിൽ നിന്ന് പുറത്താക്കിയ നടപടി സ്റ്റേ ചെയ്തിരുന്നു.
ഓഗസ്റ്റ് 14-നാണ് അസോസിയേഷനിലെ തെരഞ്ഞെടുപ്പ് നടക്കുക. മറ്റ് നിർമാതാക്കളുടെ പിന്തുണ തനിക്കുണ്ടെന്നും മത്സരത്തിൽ വിജയിക്കുമെന്നുമാണ് സാന്ദ്രയുടെ പ്രതികരണം. എന്നാൽ സാന്ദ്ര തോമസിന്റേത് വെറും പ്രഹസനമാണെന്നും അവർ സംഘടനയിലെ ചിലർക്കെതിരെ വ്യക്തിവൈരാഗ്യം തീർക്കുകയാണെന്നുമാണ് അസോസിയേഷനിലെ ചിലരുടെ പ്രതികരണം.
Content Highlights: K R Meera says if she had a vote in the Producers Association she would vote for Sandra Thomas