ചലച്ചിത്ര വികസന കോര്‍പ്പറേഷന് ചെയര്‍മാനായി കെ മധു; നിയമനം ഷാജി എന്‍ കരുണ്‍ അന്തരിച്ച ഒഴിവില്‍

നിലവില്‍ കെഎസ്എഫ്ഡിസി ബോര്‍ഡ് അംഗമാണ് മധു

തിരുവനന്തപുരം: ചലച്ചിത്ര വികസന കോര്‍പ്പറേഷന് (കെഎസ്എഫ്ഡിസി) പുതിയ ചെയര്‍മാന്‍. കെ മധുവിനെയാണ് പുതിയ ചെയര്‍മാനായി തെരഞ്ഞെടുത്തിരിക്കുന്നത്. മുന്‍ ചെയര്‍മാന്‍ ഷാജി എന്‍ കരുണ്‍ അന്തരിച്ച ഒഴിവിലാണ് മധുവിനെ നിയമിച്ചത്. നിലവില്‍ കെഎസ്എഫ്ഡിസി ബോര്‍ഡ് അംഗമാണ് മധു. 1986ല്‍ സംവിധാനം ചെയ്ത മലരും കിളിയുമാണ് മധുവിന്റെ ആദ്യ സിനിമ. ഇരുപതാം നൂറ്റാണ്ട്, ഒരു സിബിഐ ഡയറിക്കുറിപ്പ് ഉള്‍പ്പെടെ 25ലേറെ സിനിമകള്‍ സംവിധാനം ചെയ്തിട്ടുണ്ട്.

ഏപ്രില്‍ 28നായിരുന്നു ഷാജി എന്‍ കരുണ്‍ അന്തരിച്ചത്. പിറവി, വാനപ്രസ്ഥം, കുട്ടിസ്രാങ്ക് തുടങ്ങിയ കലാമൂല്യമുള്ള സിനിമകള്‍ ഒരുക്കിയ ഷാജി എന്‍ കരുണ്‍ 40ഓളം സിനിമകള്‍ക്ക് ഛായാഗ്രഹണം നിര്‍വഹിച്ചിട്ടുണ്ട്. സംവിധായകന്‍ എന്ന നിലയില്‍ ഏഴ് വീതം ദേശീയ-സംസ്ഥാന പുരസ്‌കാരങ്ങള്‍ നേടിയ അദ്ദേഹം മികച്ച ഛായാഗ്രാഹകനുള്ള ദേശീയ പുരസ്‌കാരം ഒരു തവണയും സംസ്ഥാന പുരസ്‌കാരം മൂന്ന് തവണയും നേടിയിട്ടുണ്ട്. കഴിഞ്ഞവര്‍ഷം ജെ സി ഡാനിയേല്‍ പുരസ്‌കാരം നേടിയിരുന്നു. ഫ്രഞ്ച് സര്‍ക്കാരിന്റെ അന്താരാഷ്ട്ര അംഗീകാരമായ 'ദ ഓര്‍ഡര്‍ ഓഫ് ആര്‍ട്സ് ആന്‍ഡ് ലെറ്റേഴ്സ്', പത്മശ്രീ പുരസ്‌കാരവും ലഭിച്ചിട്ടുണ്ട്.

Content Highlights: K Madhu elected as KSFDC chairman

To advertise here,contact us