തിരുവനന്തപുരം: തദ്ദേശ തെരഞ്ഞെടുപ്പ് നടക്കാനിരിക്കെ വോട്ടര് പട്ടികയില് വ്യാപക ക്രമക്കേടുണ്ടെന്ന ആരോപണവുമായി പ്രതിപക്ഷ നേതാവ് വി ഡി സതീശന്. ചില വോട്ടര്മാര്ക്ക് താമസിക്കുന്ന വാര്ഡില് പേരില്ലെന്നും നാലുവര്ഷം മുന്പ് മരിച്ചവരുടെ പേര് പോലും വോട്ടര്പട്ടികയില് ഉണ്ടെന്നും വി ഡി സതീശന് ആരോപിച്ചു. സിപിഐഎം പ്രാദേശിക നേതാക്കളുടെ സഹായത്തോടെയാണ് ക്രമക്കേട് നടത്തിയതെന്നാണ് പ്രതിപക്ഷ നേതാവ് ആരോപിക്കുന്നത്.
'ഒരു തിരിച്ചറിയല് കാര്ഡ് നമ്പറില് ഒന്നിലധികം വോട്ട്. പുതിയ വാര്ഡിന്റെ സ്കെച്ച് ഇതുവരെ കൊടുത്തിട്ടില്ല. 15 ദിവസത്തിനുളളില് വോട്ടര് പട്ടികയില് പേരുചേര്ക്കണമെന്ന് പറയുന്നു. ഒരുകാലത്തും ഇല്ലാത്ത നിബന്ധനകള് ഇത്തവണയുണ്ടായി. കുറ്റമറ്റ രീതിയില് വോട്ടര്പട്ടിക തയ്യാറാക്കാന് കൂടുതല് സമയം വേണം. കുറഞ്ഞത് മുപ്പത് ദിവസമെങ്കിലും നല്കണം. തെരഞ്ഞെടുപ്പ് കമ്മീഷന് സിപിഎമ്മിന്റെ ഇച്ഛയ്ക്ക് അനുസരിച്ച് പ്രവര്ത്തിക്കുകയാണ്. തെരഞ്ഞെടുപ്പ് അട്ടിമറിക്കാനുളള ശ്രമമാണ് തെരഞ്ഞെടുപ്പ് കമ്മീഷന് നടത്തുന്നത്. തിരുത്തി മുന്നോട്ടുപോയില്ലെങ്കില് നിയമ നടപടികളുമായി മുന്നോട്ടുപോകും'- വി ഡി സതീശന് പറഞ്ഞു.
കേരളത്തില് ഇന്നുവരെ തദ്ദേശ തെരഞ്ഞെടുപ്പുകളില് ഉണ്ടാകാത്ത ക്രമക്കേടാണ് ഇപ്പോഴുണ്ടായിരിക്കുന്നതെന്നും ഡി ലിമിറ്റേഷന് കമ്മീഷന് പരാതികള് കാര്യമായെടുത്തില്ലെന്നും വി ഡി സതീശന് ആരോപിച്ചു. വാര്ഡിന്റെ സ്കെച്ച് കിട്ടാതെ എങ്ങനെയാണ് വോട്ടര്പട്ടികയില് പേര് ചേര്ക്കുന്നതെന്ന് അദ്ദേഹം ചോദിച്ചു. ബിഹാറിന് സമാനമായി കേരളത്തിലും സമരം വേണ്ടിവരുമെന്നും പ്രതിപക്ഷ നേതാവ് പറഞ്ഞു.
വെളളാപ്പളളിയുടെ വിവാദ പരാമര്ശത്തിലും അദ്ദേഹം പ്രതികരിച്ചു. ഗുരുദേവ ദര്ശനങ്ങള് പിന്തുടരുന്നയാളാണ് താനെന്നും ഗുരുദേവന് എന്താണ് അരുതെന്ന് പറഞ്ഞിരുന്നത് അതാണ് വെളളാപ്പളളി ചെയ്യുന്നതെന്നും അദ്ദേഹം പറഞ്ഞു. ആര് വര്ഗീയത പറഞ്ഞാലും അംഗീകരിക്കില്ലെന്നും അതിനെതിരെ പ്രതികരിക്കുമെന്നും വി ഡി സതീശന് കൂട്ടിച്ചേര്ത്തു.
Content Highlights: Irregularities in the local voter list with the help of CPM local leaders says VD Satheesan