തിരുവനന്തപുരം: സൗമ്യ വധക്കേസ് പ്രതി ഗോവിന്ദച്ചാമിയുടെ ജയില്ചാട്ടത്തില് കടുത്ത നടപടിയെടുക്കാനൊരുങ്ങി സര്ക്കാര്. മുഖ്യമന്ത്രി പിണറായി വിജയന് ഉന്നത ഉദ്യോഗസ്ഥരുടെ യോഗം വിളിച്ചു. സംസ്ഥാന പൊലീസ് മേധാവിയും ജയില് മേധാവിയും യോഗത്തില് പങ്കെടുക്കും. രാവിലെ 11-ന് മുഖ്യമന്ത്രിയുടെ ചേമ്പറിലാണ് യോഗം. ഗോവിന്ദച്ചാമി ജയില് ചാടിയ സംഭവം ഗുരുതര വീഴ്ച്ചയാണ് എന്നാണ് വിലയിരുത്തല്.
ഗോവിന്ദച്ചാമിയുടെ താടി മുറിക്കാത്തതും വീഴ്ച്ചയാണ് എന്നാണ് കണ്ടെത്തൽ. എല്ലാ തടവുകാരുടെയും താടിയും മീശയും പറ്റെ വെട്ടണമെന്നാണ് നിയമം. പരമാവധി 2.5 സെൻ്റീമീറ്റർ നീളത്തിൽ താടി വെക്കാൻ മാത്രമാണ് അനുമതി. എന്നാൽ ഗോവിന്ദച്ചാമിക്ക് അതിലും അധികം നീളത്തിൽ താടി ഉണ്ട്. ഇത് ജയിൽ ചട്ടങ്ങൾക്ക് വിരുദ്ധമാണെന്ന് വിമർശനം. ജയില് ഉദ്യോഗസ്ഥരുടെ വീഴ്ച്ചയില് കൂടുതല് നടപടിയെടുത്തേക്കും എന്നാണ് റിപ്പോര്ട്ട്.
സംസ്ഥാനത്ത് രണ്ട് ജില്ലാ ജയിലുകളില് സൂപ്രണ്ടുമാരില്ലെന്ന വിവരം കഴിഞ്ഞ ദിവസം പുറത്തുവന്നിരുന്നു. തിരുവനന്തപുരം, കോഴിക്കോട് ജയിലുകളിലാണ് പ്രതിസന്ധി. ഫയല് മുഖ്യമന്ത്രി പിണറായി വിജയന്റെ മുന്നിലെത്തിയിട്ട് ഒരു മാസം കഴിഞ്ഞെങ്കിലും ഇതുവരെ നടപടിയായിട്ടില്ല. ജൂണ് 19നാണ് ഫയല് മുഖ്യമന്ത്രിക്ക് മുന്നിലെത്തിയത്. നിലവില് രണ്ട് ജയിലുകളിലും സൂപ്രണ്ടിന്റെ ചുമതല മാത്രമാണുള്ളത്. ഇത്തരത്തില് ജയില് സൂപ്രണ്ടുമാര് ഇല്ലാതിരിക്കുന്നത് അപൂര്വമാണ്. രണ്ട് സൂപ്രണ്ട് പോസ്റ്റും പ്രൊമോഷന് പോസ്റ്റ് ആണ്.കണ്ണൂര് സെന്ട്രല് ജയിലില് നിന്നും കൊടും കുറ്റവാളി ഗോവിന്ദച്ചാമി ചാടിയതിനു പിന്നാലെയാണ് രണ്ട് ജില്ലാ ജയിലുകളിൽ സൂപ്രണ്ടുമാരില്ലെന്ന വിവരം പുറത്ത് വന്നത്.
ഇന്നലെ പുലർച്ചെ ഒന്നരയോടെ ജയില് ചാടിയ ഗോവിന്ദച്ചാമിയെ പത്തരയോടെയാണ് പൊലീസ് കണ്ടെത്തിയത്. തളാപ്പിലെ ആളൊഴിഞ്ഞ പറമ്പിലെ കിണറ്റിനുള്ളില് നിന്നായിരുന്നു ഇയാളെ കണ്ടെത്തിയത്. കിണറ്റില് ഒളിഞ്ഞിരിക്കുകയായിരുന്നു ഗോവിന്ദച്ചാമി. ഗോവിന്ദച്ചാമിയുടെ ജയില്ചാട്ടവുമായി ബന്ധപ്പെട്ട് ജയില് ഉദ്യോഗസ്ഥര്ക്കെതിരെ നടപടിയെടുത്തിട്ടുണ്ട്. ഹെഡ് വാര്ഡനെയും മൂന്ന് വാര്ഡന്മാരെയും അന്വേഷണവിധേയമായി സസ്പെന്ഡ് ചെയ്തു. ജയില് ഉദ്യോഗസ്ഥര്ക്ക് വീഴ്ചയുണ്ടായി എന്ന് ജയില് മേധാവി വ്യക്തമാക്കിയിരുന്നു.
Content Highlights:CM pinarayi vijayan call for top officials meeting after govindachamy escape from prison