തിരുവനന്തപുരം: സൗമ്യ വധക്കേസ് പ്രതി ഗോവിന്ദച്ചാമി ജയില് ചാടിയത് ഗുരുതരമായ വീഴ്ച തന്നെയാണെന്ന് എൽഡിഎഫ് കൺവീനർ ടി പി രാമകൃഷ്ണൻ. ഗോവിന്ദച്ചാമിയോട് ഒരു വിധത്തിലുമുള്ള വിട്ടുവീഴ്ചയുമില്ലെന്നും അദ്ദേഹം പറഞ്ഞു. പ്രതിയെ കണ്ടെത്തുക എന്ന പൊലീസിൻ്റെ ദൗത്യം പ്രശംസനീയമായ രീതിയിൽ അവർ ചെയ്തു. ചാടിപ്പോയ പ്രതിയെ ഉടൻതന്നെ പിടികൂടാൻ കേരള പൊലീസിനായെന്നും ടി പി രാമകൃഷ്ണൻ പറഞ്ഞു. പൊലീസ് അത്രത്തോളം ശക്തമാണ് എന്നതിന്റെ തെളിവാണ് പ്രതിയെ പിടികൂടിയത്. കാര്യങ്ങളെ ആ നിലയ്ക്ക് വേണം കാണാൻ. പ്രതി ചെയ്ത കുറ്റകൃത്യം കണക്കിലെടുത്ത് സാധ്യമായ എല്ലാ നിയമനടപടിയും ജയിൽ അധികൃതർ സ്വീകരിക്കുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
ഗോവിന്ദച്ചാമിയുടെ ജയില് ചാട്ടത്തില് പ്രതി ചാടിയിട്ടുണ്ടെങ്കില് വീഴ്ച പറ്റിയിട്ടുണ്ടാകുമെന്ന് സിപിഐഎം സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദന് പ്രതികരിച്ചിരുന്നു. വീഴ്ച ഇല്ലെങ്കില് എങ്ങനെ ചാടുമെന്നും ഗോവിന്ദച്ചാമി ചാടി എന്നുള്ളത് സത്യമാണെന്നും അദ്ദേഹം പറഞ്ഞു. കുറച്ചുകഴിഞ്ഞ് പിടിച്ചു എന്നതും സത്യം. വീഴ്ച പറ്റുമെന്നും അത് ജാഗ്രതയോടെ കൈകാര്യം ചെയ്യണമെന്നും എം വി ഗോവിന്ദന് പറഞ്ഞു.
അതേ സമയം, ഗോവിന്ദച്ചാമിയെ രണ്ടാഴ്ചത്തേക്ക് റിമാന്ഡ് ചെയ്തിട്ടുണ്ട്. ജയില് ചാടിയ കുറ്റത്തിലാണ് റിമാന്ഡ് ചെയ്തത്. വിയ്യൂരിലേക്ക് മാറ്റുന്നത് സംബന്ധിച്ച് ജയില് മേധാവി പിന്നീട് തീരുമാനമെടുക്കും. ഗോവിന്ദച്ചാമിയുമായുളള തെളിവെടുപ്പ് പൂര്ത്തിയായി. ഇയാളെ ക്രൈംബ്രാഞ്ച് ഓഫീസിലെത്തിച്ച് വിശദമായി ചോദ്യം ചെയ്തിരുന്നു.
ഇന്ന് പുലർച്ചെ ഒന്നരയോടെ ജയിൽ ചാടിയ ഗോവിന്ദച്ചാമിയെ പത്തരയോടെയാണ് പൊലീസ് കണ്ടെത്തിയത്. തളാപ്പിലെ ആളൊഴിഞ്ഞ പറമ്പിലെ കിണറ്റിനുള്ളിൽ നിന്നായിരുന്നു ഇയാളെ കണ്ടെത്തിയത്. കിണറ്റിൽ ഒളിഞ്ഞിരിക്കുകയായിരുന്നു ഗോവിന്ദച്ചാമി. ഇയാളെ പൊലീസ് കണ്ണൂർ ടൗണ് സ്റ്റേഷനിലേക്ക് കൊണ്ടുപോയി. തുടർന്നാണ് ക്രൈംബ്രാഞ്ച് ഓഫീസിലെത്തിച്ച് ചോദ്യം ചെയ്തത്. ഗോവിന്ദച്ചാമിയുടെ ജയിൽചാട്ടവുമായി ബന്ധപ്പെട്ട് ജയിൽ ഉദ്യോഗസ്ഥർക്കെതിരെ നടപടിയെടുത്തിട്ടുണ്ട്. ഹെഡ് വാർഡനെയും മൂന്ന് വാർഡൻമാരെയും അന്വേഷണവിധേയമായി സസ്പെൻഡ് ചെയ്തു. ജയിൽ ഉദ്യോഗസ്ഥർക്ക് വീഴ്ചയുണ്ടായി എന്ന് ജയിൽ മേധാവി വ്യക്തമാക്കി.
സെല്ലിൽ നിന്നിറങ്ങിയ ഗോവിന്ദച്ചാമി ക്വാറന്റീന് ബ്ലോക്ക് വഴി കറങ്ങി മതിലിനടുത്തെത്തിയെന്ന് ജയിലിലെ സിസിടിവി ദൃശ്യങ്ങളില് നിന്നും വ്യക്തമാണ്. തുടര്ന്ന് തുണി ഉപയോഗിച്ച് വടം ഉണ്ടാക്കി അത് മതിലിന് മുകളിലെ ഫെന്സിങ്ങിലേക്ക് എറിയുകയായിരുന്നു. ഇതുവഴി പുറത്തേക്ക് ചാടി. പുലര്ച്ചെ അഞ്ചുമണിയോടെയാണ് ജയില് അധികൃതര് മതിലില് തൂങ്ങിക്കിടക്കുന്ന നിലയില് വടം കണ്ടത്. ഇതോടെ ഓരോ സെല്ലുകളായി പരിശോധിച്ചു. ഗോവിന്ദച്ചാമി ജയില് ചാടി മൂന്നുമണിക്കൂറിലധികം കഴിഞ്ഞാണ് പൊലീസ് അക്കാര്യം തിരിച്ചറിഞ്ഞത്. തുടര്ന്ന് സിസിടിവി ദൃശ്യങ്ങളും പരിസരവും പരിശോധിച്ചു. ആറുമണിയോടെ ജയില്ചാട്ടം സ്ഥിരീകരിച്ചു. ഏഴുമണിയോടെ മാത്രമാണ് പൊലീസ് പരിശോധന ആരംഭിച്ചതും കണ്ണൂര് പൊലീസിന് വിവരം കൈമാറിയതും.
Content Highlights: TP Ramakrishnan Reacts to Govindachamy's Prison Break