റെയില്‍വേ സ്‌റ്റേഷനുകളില്‍ പോയി റീല്‍സെടുക്കുന്നവരുടെ ശ്രദ്ധയ്ക്ക്: ഇനി പിഴ കൊടുക്കേണ്ടിവരും

റീല്‍സ് ചിത്രീകരിച്ച് മറ്റുളളവര്‍ക്ക് ബുദ്ധിമുട്ട് ഉണ്ടാക്കുന്നുണ്ടെങ്കില്‍ റെയില്‍വേയുടെ നിയമങ്ങള്‍ക്ക് അനുസൃതമായി അറസ്റ്റുചെയ്യുമെന്നും ദക്ഷിണ റെയില്‍വേ അറിയിച്ചു

പാലക്കാട്: റെയില്‍വേ സ്റ്റേഷനുകളിലും റെയില്‍വേ ട്രാക്കുകളിലും വെച്ച് റീല്‍സെടുത്താല്‍ പിഴ വിധിക്കുമെന്ന് റെയില്‍വേ അധികൃതര്‍ അറിയിച്ചു. ആയിരം രൂപ പിഴ വിധിക്കുമെന്നാണ് റെയില്‍വേ ഉദ്യോഗസ്ഥര്‍ അറിയിച്ചത്. ട്രെയിനുകള്‍, ട്രാക്കുകള്‍, റെയില്‍വേ സ്‌റ്റേഷനുകള്‍ എന്നിവിടങ്ങളില്‍ നിന്ന് റീല്‍സെടുക്കുന്നതിനിടെ നിരവധി പേര്‍ അപകടത്തില്‍പ്പെട്ടതായുളള റിപ്പോര്‍ട്ടുകള്‍ പുറത്തുവന്നിരുന്നു. റീല്‍സ് ചിത്രീകരിക്കുന്നതുമായി ബന്ധപ്പെട്ട് മറ്റുളളവര്‍ക്ക് ബുദ്ധിമുട്ട് ഉണ്ടാകുന്നുണ്ടെങ്കില്‍ റെയില്‍വേയുടെ നിയമങ്ങള്‍ക്ക് അനുസൃതമായി അറസ്റ്റുചെയ്യുമെന്നും ദക്ഷിണ റെയില്‍വേ അറിയിച്ചു.

റെയില്‍വേ സ്റ്റേഷനുകളില്‍വെച്ച് മൊബൈല്‍ ഫോണുകളില്‍ വീഡിയോ എടുക്കാന്‍ അനുമതിയില്ല. ഫോട്ടോയെടുക്കാന്‍ മാത്രമാണ് അനുവാദമുളളത്. റെയില്‍വേ സ്‌റ്റേഷനുകളില്‍ റീല്‍സെടുക്കുന്നത് നിരീക്ഷിക്കാനും നടപടിയെടുക്കാനും റെയില്‍വേ പൊലീസിനെയും റെയില്‍വേ സംരക്ഷണ സേനാംഗങ്ങളെയും നിയോഗിച്ചിട്ടുണ്ട്. നിരീക്ഷണ ക്യാമറകളിലൂടെയും റെയില്‍വേ അധികൃതര്‍ സ്‌റ്റേഷനുകള്‍ നിരീക്ഷിക്കുന്നുണ്ട്.

റെയിൽവേ സ്റ്റേഷനുകളിൽ നിന്നും ട്രാക്കുകളിൽ നിന്നും ജീവന് അപകടമുണ്ടാക്കുന്ന രീതിയിൽ റീൽസെടുക്കുന്ന നിരവധി സംഭവങ്ങള്‍ രാജ്യത്തുണ്ടായിട്ടുണ്ട്. റീൽസെടുക്കുന്നതിനിടെ ട്രെയിനിടിച്ച് കുട്ടികളുള്‍പ്പെടെ മരണപ്പെടുത്ത സംഭവങ്ങളും ഉണ്ടായിട്ടുണ്ട്. ഈ പശ്ചാത്തലത്തിലാണ് റീലെടുക്കുന്നവർക്ക് പിഴ ശിക്ഷ വിധിക്കാനുളള റെയിൽവേയുടെ തീരുമാനം.

Content Highlights: Railway announced that fines will be imposed for taking reels at railway stations and railway tracks

To advertise here,contact us