'ലൈംഗിക സംതൃപ്തിക്കായി അയാൾ എന്തും ചെയ്യും,ആക്രമണം നടത്തുമ്പോൾ കൃത്യമായ പദ്ധതി അയാൾക്കുണ്ടായിരുന്നു'ഷെർലി വാസു

'അയാളുടെ മുഖ പ്രകൃതത്തില്‍ പോലും ക്രൂരതയുണ്ട്. അമേരിക്കയിലെ ഒരു നരഭോജിയായ ക്രിമിനല്‍ കുറ്റവാളിയുടെ മുഖപ്രകൃതമാണ് അയാളിലും പലപ്പോഴും കണ്ടിരുന്നത്' ഷെർളി വാസു വ്യക്തമാക്കി

കൊച്ചി: സൗമ്യ വധകേസിലെ പ്രതിയായ ഗോവിന്ദച്ചാമിയുടെ ജയിൽച്ചാട്ടത്തിൽ പ്രതികരിച്ച് സൗമ്യയുടെ മൃതദേഹം പരിശോധിച്ച ഫോറൻസിക് വിദഗ്ധ ഷെർലി വാസു. ഗോവിന്ദച്ചാമി ജയില്‍ ചാടി പരിചയമുള്ളയാളാണെന്നും മുൻപും നിരവധി കേസുകളിൽ ഇയാൾ പ്രതിയാണെന്നും ഷെർളി വാസു വ്യക്തമാക്കി.

അന്ന് സൗമ്യയെ പരിശോധിക്കുമ്പോൾ പ്രതി ക്രൂരമായി പരിക്കേൽപ്പിച്ച പാടുകൾ കണ്ടെത്തിയിരുന്നു. പൂര്‍ണ ആരോഗ്യവതിയായ സൗമ്യയെ ഒരു കൈ മാത്രമുള്ളയാള്‍ കീഴപ്പെടുത്തിയെന്ന് പറയുമ്പോള്‍ അയാള്‍ക്ക് കുറ്റകൃത്യങ്ങള്‍ ചെയ്ത് പരിചയമുണ്ടെന്നാണ് മനസിലാക്കാന്‍ കഴിയുന്നത്. രണ്ട് കൈയ്യുള്ള ആളുകളെക്കാള്‍ കെല്‍പ്പുളയാളാണ് അയാൾ. അതുകൊണ്ട് എല്ലാ സ്ത്രീകളും ജാഗ്രതയോടെ ഇരിക്കണമെന്നാണ് പറയാനുള്ളതെന്നും ഷെർളി വാസു വെളിപ്പെടുത്തി.

'ചലിച്ചുകൊണ്ടിരുന്ന ട്രെയിനിലാണ് സംഭവമുണ്ടായത്. ട്രെയിനിലെ ഡോറിനടുത്തെ കമ്പിയില്‍ പിടിച്ച് നില്‍ക്കാന്‍ സൗമ്യ ശ്രമിച്ചപ്പോഴും അയാള്‍ ഡോറടച്ച് കൈകള്‍ക്ക് പരിക്കേല്‍പ്പിച്ചാണ് ട്രെയിനില്‍ നിന്ന് തള്ളിയിട്ടത്ത്. സൗമ്യയുടെ കൈയ്യില്‍ അതിന്റെ പാടുകളുണ്ടായിരുന്നു. ലൈംഗിക സംതൃപ്തിക്കായി അയാൾ എന്തും ചെയ്യും,ആക്രമണം നടത്തുമ്പോൾ കൃത്യമായ പദ്ധതി അയാൾക്കുണ്ടായിരുന്നു. അയാള്‍ ഒരു ഹാബിച്വല്‍ ഒഫന്‍ഡറാണ്. അയാളുടെ മുഖ പ്രകൃതത്തില്‍ പോലും ക്രൂരതയുണ്ട്. അമേരിക്കയിലെ ഒരു നരഭോജിയായ ക്രിമിനല്‍ കുറ്റവാളിയുടെ മുഖപ്രകൃതമാണ് അയാളിലും പലപ്പോഴും കണ്ടിരുന്നത്' ഷെർളി വാസു വ്യക്തമാക്കി.

ഇന്ന് പുലർച്ചെ 1.15 നാണ്  സൗമ്യാ വധക്കേസ് പ്രതി ഗോവിന്ദച്ചാമി കണ്ണൂര്‍ സെന്‍ട്രല്‍ ജയിലില്‍ നിന്നും ചാടിയത്. അതീവ സുരക്ഷാ ജയിലിന്റെ സെല്ലിന്റെ കമ്പികള്‍ മുറിച്ചുമാറ്റിയാണ് പുറത്തേക്ക് കടന്നത്. ശേഷം ക്വാറന്റൈന്‍ ബ്ലോക്ക് (പകര്‍ച്ചാവ്യാധികള്‍ പിടിപ്പെട്ടാല്‍ മാത്രം പ്രതികളെ താമസിക്കുന്ന ബ്ലോക്ക്) വഴി കറങ്ങി കൈവശമുണ്ടായിരുന്ന വസ്ത്രങ്ങളുമായി മതിലിന്റെ വശത്തേക്ക് പോകുന്ന സിസിടിവി ദൃശ്യങ്ങള്‍ ലഭിച്ചു. മതിലിന്റെ മുകളില്‍ ഇരുമ്പ് കമ്പി വെച്ചുള്ള ഫെന്‍സിംഗ് ഉണ്ട്. ഈ വസ്ത്രങ്ങള്‍ കൂട്ടിക്കെട്ടി പുറത്തേക്ക് കടക്കുകയായിരുന്നു. ഒരേ തുണി ഉപയോഗിച്ചാണ് മതിലിലേക്ക് വലിഞ്ഞ് കയറിയതും പുറത്തേക്ക് ഇറങ്ങിയതും.

ഗോവിന്ദച്ചാമിക്ക് പുറത്ത് നിന്നും സഹായം ലഭിച്ചെന്നാണ് നിഗമനം. പുലര്‍ച്ചെ പരിശോധനയ്ക്കായി ഉദ്യോഗസ്ഥര്‍ എത്തിയപ്പോഴാണ് ഗോവിന്ദച്ചാമിയെ കാണാതായതായി മനസ്സിലാക്കുന്നത്. ഗോവിന്ദച്ചാമിക്കായി പൊലീസ് വ്യാപക തിരച്ചില്‍ ആരംഭിച്ചിട്ടുണ്ട്. ട്രെയിന്‍, റെയില്‍വേ സ്റ്റേഷന്‍ കേന്ദ്രീകരിച്ച് ശക്തമായ അന്വേഷണമാണ് നടക്കുന്നത്. അതീവ സുരക്ഷാ ജയില്‍ ഉള്ള പത്താം ബ്ലോക്കില്‍ നിന്നാണ് ഗോവിന്ദച്ചാമി ചാടി പ്പോയത്.ജയില്‍ച്ചാട്ടത്തില്‍ ജയില്‍ മേധാവി റിപ്പോര്‍ട്ട് തേടി.

ഗോവിന്ദച്ചാമിയെക്കുറിച്ച് വിവരം ലഭിക്കുന്നവര്‍ 9446899506 എന്ന നമ്പറില്‍ അറിയിക്കാന്‍ നിര്‍ദേശമുണ്ട്. ഒരു കൈമാത്രമാണ് ഗോവിന്ദച്ചാമിക്കുള്ളത്. സൗമ്യാ വധക്കേസില്‍ ഗോവിന്ദച്ചാമിക്ക് ആദ്യം വധശിക്ഷ വിധിച്ചിരുന്നു. പിന്നീട് ശിക്ഷ ജീവപര്യന്തമായി കുറയ്ക്കുകയായിരുന്നു.

2011 ഫെബ്രുവരി ഒന്നിന് എറണാകുളത്ത് നിന്നും ഷൊര്‍ണ്ണൂരിലേക്കുള്ള ട്രെയിനിലെ വനിതാ കംപാര്‍ട്ട്മെന്റില്‍ വെച്ചാണ് സൗമ്യ ആക്രമിക്കപ്പെടുന്നത്. ഗോവിന്ദച്ചാമിന് ട്രെയിനില്‍ നിന്നും തള്ളിയിട്ട് ക്രൂരമായി പീഡിപ്പിച്ച് കൊലപ്പെടുത്തുകയായിരുന്നു. 2016 ലാണ് ഗോവിന്ദ ഗോവിന്ദച്ചാമിയുടെ വധശിക്ഷ സുപ്രീംകോടതി റദ്ദാക്കിയത്. കൊലപാതകം സംശയാതീതമായി തെളിയിക്കാനായില്ലെന്ന് നിരീക്ഷിച്ചായിരുന്നു ഹൈക്കോടതിയുടെ ശിക്ഷാവിധി സുപ്രീംകോടതി റദ്ദാക്കിയത്. എന്നാല്‍ ബലാത്സംഗം നടന്നതായി ബോധ്യപ്പെടുകയും ഹൈക്കോടതി നല്‍കിയ ജീവപര്യന്തം ശിക്ഷയും മറ്റുവകുപ്പുകള്‍ പ്രകാരമുള്ള ശിക്ഷകള്‍ നിലനില്‍ക്കുമെന്നും കോടതി വിധിന്യായത്തില്‍ വ്യക്തമാക്കിയിരുന്നു.

Content Highlights- Forensic Surgeon Sherly Vasu on Soumya Murder Case culprit Govindhachami

To advertise here,contact us