'ഇന്നത്തെ പ്രഭാതം അച്ഛൻ ഒപ്പമില്ലെന്ന തിരിച്ചറിവിന്റേതുകൂടിയാണ്, അച്ഛനെ നെഞ്ചിലേറ്റിയ ജനസഹസ്രങ്ങൾക്ക് നന്ദി'

വി എസിന്റെ വിയോഗത്തിന് പിന്നാലെ വികാര നിർഭരമായ കുറിപ്പുമായി മകൻ വി എ അരുൺകുമാർ

തിരുവനന്തപുരം: മുന്‍ മുഖ്യമന്ത്രിയും മുതിര്‍ന്ന സിപിഐഎം നേതാവുമായ വി എസ് അച്യുതാനന്ദന്റെ വിയോഗത്തിന് പിന്നാലെ ഫേസ്ബുക്ക് കുറിപ്പുമായി മകന്‍ വി എ അരുണ്‍കുമാര്‍. ഇന്നത്തെ പ്രഭാതം അച്ഛന്‍ ഒപ്പമില്ലെന്ന തിരിച്ചറിവിന്റേതുകൂടിയാണെന്നും കടന്നുപോയ ഒരു മാസക്കാലം അച്ഛനെ ജീവിതത്തിലേക്ക് തിരിച്ചുകൊണ്ടുവരാന്‍ കഴിഞ്ഞേക്കും എന്ന പ്രത്യാശ വെച്ചുപുലര്‍ത്തിയെങ്കിലും വിധിവിഹിതം മറിച്ചായിപ്പോയെന്നും അദ്ദേഹം ഫേസ്ബുക്കില്‍ പങ്കുവെച്ച കുറിപ്പില്‍ പറഞ്ഞു.

രോഗശയ്യയില്‍ കിടക്കുന്ന അച്ഛനെ കാണാന്‍ താല്‍പ്പര്യപ്പെട്ട നൂറുകണക്കിന് അച്ഛന്റെ അടുപ്പക്കാരുണ്ടായിരുന്നുവെന്ന് അരുണ്‍കുമാര്‍ കുറിപ്പില്‍ പറഞ്ഞു. ഡോക്ടര്‍മാരുടെ കര്‍ശന നിര്‍ദ്ദേശം നിലവിലുണ്ടായിരുന്നതിനാല്‍ അന്ത്യ നാളുകളില്‍ ആരെയും കാണാന്‍ അനുവദിക്കാന്‍ കഴിഞ്ഞില്ല. പലര്‍ക്കും ഇക്കാര്യത്തില്‍ വിഷമമുണ്ടായിട്ടുണ്ടാവും. ആശുപത്രിയില്‍ വന്ന് സമാശ്വസിപ്പിച്ചവരോടുപോലും വേണ്ടത്ര ഊഷ്മളമായി പ്രതികരിച്ചുവോ എന്ന് സംശയമുണ്ട്. അച്ഛന്റെ വിയോഗം സ്വയം അംഗീകരിക്കാന്‍ പോലും ഏറെ സമയമെടുത്തു. പിന്നീടങ്ങോട്ട് നടന്നതെല്ലാം ഒരു സ്വപ്നംപോലെ മാത്രമേ ഓര്‍ത്തെടുക്കാനാവുന്നുള്ളുവെന്നും അദ്ദേഹം പറഞ്ഞു.

അച്ഛനോടൊപ്പം ബസ്സിലിരുന്ന് വലിയ ചുടുകാട് വരെയുള്ള യാത്രയിലുടനീളം കണ്‍മുന്നിലൂടെ ഒഴുകിനീങ്ങിയ ജനസമുദ്രത്തെ കൂപ്പുകൈകളോടെ സ്മരിക്കുന്നു. മണിക്കൂറുകള്‍ കാത്തുനിന്നിട്ടും അന്ത്യാഭിവാദ്യം അര്‍പ്പിക്കാന്‍ പോലും കഴിയാതെ നിരാശരായവരുണ്ട് എന്ന് മനസ്സിലാക്കുന്നു. ആശുപത്രിയിലെ ഡോക്ടര്‍മാരോടും സമാശ്വസിപ്പിച്ചവരോടും അച്ഛനെ നെഞ്ചേറ്റിയ ജനസഹസ്രങ്ങളോടും പാര്‍ട്ടിയോടും നന്ദി പറഞ്ഞുകൊണ്ടാണ് അരുണ്‍കുമാര്‍ പോസ്റ്റ് അവസാനിപ്പിക്കുന്നത്.

ഫേസ്ബുക്ക് പോസ്റ്റിന്റെ പൂര്‍ണരൂപം

ഇന്നത്തെ പ്രഭാതം അച്ഛന്‍ ഒപ്പമില്ലെന്ന തിരിച്ചറിവിന്റേതുകൂടിയാണ്. കടന്നുപോയ ഒരു മാസക്കാലവും അച്ഛനെ ജീവിതത്തിലേക്ക് തിരിച്ചുകൊണ്ടുവരാന്‍ കഴിഞ്ഞേക്കും എന്ന പ്രത്യാശ വെച്ചുപുലര്‍ത്തിയെങ്കിലും വിധിവിഹിതം മറിച്ചായിപ്പോയി. രോഗശയ്യയില്‍ കിടക്കുന്ന അച്ഛനെ കാണാന്‍ താല്‍പ്പര്യപ്പെട്ട നൂറുകണക്കിന് അച്ഛന്റെ അടുപ്പക്കാരുണ്ടായിരുന്നു. ഡോക്ടര്‍മാരുടെ കര്‍ശന നിര്‍ദ്ദേശം നിലവിലുണ്ടായിരുന്നതിനാല്‍ അന്ത്യ നാളുകളില്‍ ആരെയും കാണാന്‍ അനുവദിക്കാന്‍ കഴിഞ്ഞില്ല. പലര്‍ക്കും ഇക്കാര്യത്തില്‍ വിഷമമുണ്ടായിട്ടുണ്ടാവും. ആശുപത്രിയില്‍ വന്ന് സമാശ്വസിപ്പിച്ചവരോടുപോലും വേണ്ടത്ര ഊഷ്മളമായി പ്രതികരിച്ചുവോ എന്ന് സംശയമുണ്ട്. അച്ഛന്റെ വിയോഗം സ്വയം അംഗീകരിക്കാന്‍ പോലും ഏറെ സമയമെടുത്തു. പിന്നീടങ്ങോട്ട് നടന്നതെല്ലാം ഒരു സ്വപ്നംപോലെ മാത്രമേ ഓര്‍ത്തെടുക്കാനാവുന്നുള്ളു. അച്ഛനോടൊപ്പം ബസ്സിലിരുന്ന് വലിയ ചുടുകാട് വരെയുള്ള യാത്രയിലുടനീളം കണ്‍മുന്നിലൂടെ ഒഴുകിനീങ്ങിയ ജനസമുദ്രത്തെ കൂപ്പുകൈകളോടെ സ്മരിക്കുന്നു. മണിക്കൂറുകള്‍ കാത്തുനിന്നിട്ടും അന്ത്യാഭിവാദ്യം അര്‍പ്പിക്കാന്‍ പോലും കഴിയാതെ നിരാശരായവരുണ്ട് എന്ന് മനസ്സിലാക്കുന്നു. എല്ലാവരോടും നന്ദിയുണ്ട്. ആശുപത്രിയിലെ ഡോക്ടര്‍മാരോട്, സമാശ്വസിപ്പിച്ചവരോട്, അച്ഛനെ നെഞ്ചേറ്റിയ ജനസഹസ്രങ്ങളോട്, പാര്‍ട്ടിയോട്.

Content Highlights- V A Arunkumar shared heartfelf note in facebook after v s achuthanandan death

To advertise here,contact us