'മക്കളില്ലാത്തതിനാൽ മർദ്ദനം'; പാലക്കാട് യുവതിയെ മരിച്ച നിലയിൽ കണ്ടെത്തിയതിൽ ദുരൂഹത, ഭർത്താവ് കസ്റ്റഡിയിൽ

സംഭവത്തില്‍ പ്രദീപിനെതിരെ ആരോപണവുമായി നേഖയുടെ ബന്ധുക്കള്‍ രംഗത്തെത്തിയിട്ടുണ്ട്

പാലക്കാട്: യുവതിയെ ഭര്‍തൃവീട്ടില്‍ മരിച്ച നിലയില്‍ കണ്ടെത്തിയ സംഭവത്തില്‍ ദുരൂഹതയെന്ന് ബന്ധുക്കള്‍. പാലക്കാട് വടക്കഞ്ചേരി കാരപ്പറ്റ കുന്നുംപള്ളി നേഖ സുബ്രഹ്‌മണ്യനെ(25)യാണ് ഭര്‍ത്താവ് പ്രദീപിന്റെ വീട്ടില്‍ മരിച്ച നിലയില്‍ കണ്ടെത്തിയത്. സംഭവത്തില്‍ പ്രദീപിനെതിരെ ആരോപണവുമായി നേഖയുടെ ബന്ധുക്കള്‍ രംഗത്തെത്തിയിട്ടുണ്ട്.

മകള്‍ ആത്മഹത്യ ചെയ്യില്ലെന്നും, മകളെ പ്രദീപ് കൊന്നതാണെന്നും നേഖയുടെ അമ്മ ജയന്തി പ്രതികരിച്ചു. നേഖയെ മുമ്പും ഭര്‍ത്താവ് ഉപദ്രവിച്ചിരുന്നുവെന്നാണ് അമ്മ ആരോപിക്കുന്നത്. മക്കളില്ലാത്തതുമായി ബന്ധപ്പെട്ട് നേരത്തെയും നേഖയെ പ്രദീപ് മര്‍ദിച്ചിരുന്നുവെന്നാണ് ബന്ധുക്കള്‍ ആരോപിക്കുന്നത്. പ്രദീപിനെതിരെ നിയമനടപടികളുമായി മുന്നോട്ട് പോകുമെന്ന് ബന്ധുക്കള്‍ വ്യക്തമാക്കി.

സംഭവത്തില്‍ ആലത്തൂര്‍ പൊലീസ് അസ്വാഭാവിക മരണത്തിന് കേസെടുത്തിട്ടുണ്ട്. പ്രദീപിനെ ആലത്തൂര്‍ പൊലീസ് കസ്റ്റഡിയിലെടുത്ത് ചോദ്യം ചെയ്യുന്നുണ്ട്. മൃതദേഹം പോസ്റ്റ്‌മോര്‍ട്ടം ചെയ്തതിന് ശേഷമേ വ്യക്തമായ വിവരം ലഭിക്കുകയുള്ളൂവെന്നാണ് പൊലീസിന്റെ വിശദീകരണം. മരണത്തില്‍ അസ്വഭാവികത തോന്നിയതിനാല്‍ ആശുപത്രി അധികൃതരാണ് പൊലീസില്‍ വിവരം അറിയിച്ചത്. പിന്നാലെയായിരുന്നു പ്രദീപിനെതിരെ ആരോപണവുമായി ബന്ധുക്കള്‍ രംഗത്തെത്തിയത്.

Content Highlights: Mystery surrounds woman s death in Palakkad, husband in custody

To advertise here,contact us