കണ്ടില്ലേ ഈ ജനങ്ങളേ…ഉണ്ണാതെ ഉറങ്ങാതെ കാത്തുനില്‍ക്കുന്ന മനുഷ്യരേ…വി എസിന് വിട പറയാന്‍

ആള്‍ക്കൂട്ടത്തെ മറികടന്ന് കാണാന്‍ പറ്റുമോയെന്ന് ഉറപ്പില്ലെങ്കിലും പ്രായഭേദമന്യേ ആയിരങ്ങളാണ് കാത്ത് നില്‍ക്കുന്നത്

കൊല്ലം: ജനസാഗരത്തിന് നടുവിലൂടെ വി എസ് അച്യുതാനന്ദന്റെ അന്ത്യയാത്ര തുടരുകയാണ്. ഓരോ അടിയും താണ്ടാന്‍ മണിക്കൂറുകളെടുക്കുന്നൊരു വിലാപയാത്ര. ഇന്നലെ ഉച്ചയ്ക്ക് 2.30ന് ആരംഭിച്ച വിലാപയാത്ര 18 മണിക്കൂര്‍ പിന്നിട്ടിട്ടും ആലപ്പുഴ ജില്ലയിലെ ഹരിപ്പാട് എത്തിയിട്ടേ ഉള്ളൂ.

റോഡിന്റെ ഇരുവശത്തുമായി കണ്ഠമിടറി മുദ്രാവാക്യം വിളിച്ച് ഉണ്ണാതെ ഉറങ്ങതെ, ചാറ്റല്‍മഴയെ പോലും അവഗണിച്ചാണ് ആയിരങ്ങള്‍ പ്രിയ നേതാവിനെ ഒരു നോക്ക് കാണാന്‍ കാത്ത് നില്‍ക്കുന്നത്. ആള്‍ക്കൂട്ടത്തെ മറികടന്ന് കാണാന്‍ പറ്റുമോയെന്ന് ഉറപ്പില്ലെങ്കിലും പ്രായഭേദമന്യേ ആയിരങ്ങളാണ് കാത്ത് നില്‍ക്കുന്നത്. ഇന്നലെ രാത്രി ആലപ്പുഴയിലെ വേലിക്കകത്ത് വീട്ടില്‍ ഭൗതിക ശരീരമെത്തുമെന്നായിരുന്നു പ്രതീക്ഷിച്ചത്.

എന്നാല്‍ ജനാവലിയിലൂടെ, ജനങ്ങള്‍ക്കിടയിലൂടെയുള്ള ആ മഹാമനുഷ്യന്റെ അന്ത്യയാത്ര ഏറെ വൈകുകയാണ്. സമയം ദീര്‍ഘിക്കുന്നത് കൊണ്ട് തന്നെ പൊതുദര്‍ശന സമയം കുറക്കാനാണ് തീരുമാനം. എന്നാല്‍ പൊതുദര്‍ശന കേന്ദ്രങ്ങള്‍ വെട്ടിക്കുറച്ചിട്ടില്ലെന്നാണ് മന്ത്രി സജി ചെറിയാന്‍ വ്യക്തമാക്കുന്നത്. നേരത്തെ നിശ്ചയിച്ച സ്ഥലങ്ങളില്‍ സഖാവിനെ കാണാന്‍ നിര്‍ത്തുമെന്നും സജി ചെറിയാന്‍ പറയുന്നു.

Content Highlights: VS Achuthanandan mourning procession continued

To advertise here,contact us