' ഓരോ പരാജയത്തിൽ നിന്നുമയാൾ ഊർജ്ജം സംഭരിച്ചു, അസാമാന്യ കരുത്തോടെ വീണ്ടും ഉരുവം കൊണ്ടു'; ജോഷി ജോസ്

'അമേദ്യ മനസ്‌കരുടെ കീപാഡുകള്‍ ഊഴത്തിനായി കാത്തിരിക്കുന്നുണ്ട്. കൊട്ടാരം ചരിത്രകാരന്മാരും അക്ഷമരാണെന്നറിയാം. എങ്കിലും എത്ര മായ്ക്കാന്‍ ശ്രമിച്ചാലും ആ രണ്ടക്ഷരം പഴയൊരു ചുമരെഴുത്തുപോലെ തെളിഞ്ഞുവരിക തന്നെ ചെയ്യും'- ജോഷി ജോസ് പറഞ്ഞു

അന്തരിച്ച മുന്‍ മുഖ്യമന്ത്രിയും മുതിര്‍ന്ന സിപിഐഎം നേതാവുമായ വി എസ് അച്യുതാനന്ദനെ അനുസ്മരിച്ച് മുന്‍ എസ്എഫ്ഐ നേതാവ് ജോഷി ജോസ്. വിഎസിന്റെ വിയോഗത്തിലൂടെ ഇന്ത്യന്‍ കമ്മ്യൂണിസ്റ്റ് പ്രസ്ഥാനത്തിനും കേരളീയ സമൂഹത്തിനും മാത്രമല്ല നഷ്ടമുണ്ടായിരിക്കുന്നതെന്ന് ജോഷി യോസ് പറഞ്ഞു. ജെന്‍ഡര്‍ പൊളിറ്റിക്‌സിലും മതനിരപേക്ഷതയിലും പരിസ്ഥിതി വിഷയങ്ങളിലുമെല്ലാം ക്ലിനിക്കല്‍ പ്രിസിഷനിലുളള ശസ്ത്രക്രിയകള്‍ അദ്ദേഹം നടത്തിയിട്ടുണ്ടെന്നും ഇന്ന് കേരളീയ സമൂഹത്തില്‍ പിച്ചാത്തി വീശി നടക്കുന്ന മതദേഹങ്ങളെ എങ്ങനെയാണ് വി എസ് കൈകാര്യം ചെയ്തിരുന്നതെന്ന് ഓര്‍ക്കുന്നത് നന്നായിരിക്കുമെന്നും ജോഷി ജോസ് പറഞ്ഞു.

'കുട്ടനാടന്‍ ചതുപ്പില്‍ എന്നേ ചവിട്ടിത്താഴ്ത്തപ്പെടേണ്ട ആ കുറിയ ശരീരം അസാമാന്യ കരുത്തോടെ വീണ്ടും ഉരുവം കൊണ്ടു. പ്രജ്ഞയും ധിഷണയും ചോര്‍ന്നുപോയിട്ടും വര്‍ഷങ്ങളോളം അതിജീവിതത്തിനായി തുടിച്ചു. ഓരോ അണുവിലും പോരാട്ടങ്ങളുടെ തിരികൊളുത്തിക്കൊണ്ട് ആ ദീപം പതുക്കെ, വളരെ പതുക്കെ അണഞ്ഞുപോയി. ശത്രുക്കളില്ലാതെയല്ല അദ്ദേഹം കടന്നുപോകുന്നത്. അമേദ്യ മനസ്‌കരുടെ കീപാഡുകള്‍ ഊഴത്തിനായി കാത്തിരിക്കുന്നുണ്ട്. കൊട്ടാരം ചരിത്രകാരന്മാരും അക്ഷമരാണെന്നറിയാം. എങ്കിലും എത്ര മായ്ക്കാന്‍ ശ്രമിച്ചാലും ആ രണ്ടക്ഷരം പഴയൊരു ചുമരെഴുത്തുപോലെ തെളിഞ്ഞുവരിക തന്നെ ചെയ്യും'- ജോഷി ജോസ് ഫേസ്ബുക്കില്‍ പങ്കുവെച്ച കുറിപ്പില്‍ പറയുന്നു.

ജോഷി ജോസിന്റെ കുറിപ്പിന്റെ പൂര്‍ണരൂപം

ഓർമ്മകളാൽ സമ്പന്നമായൊരു ഭൂതകാലത്തിൽ -ഞാനന്ന് എകെജി സെൻ്ററിൻ്റെ പടവുകൾ കയറുകയാണ്. ലക്ഷ്യം വി എസിനെ കാണുകയെന്നതാണ്. സംസ്ഥാന വ്യാപകമായി നടക്കുന്നൊരു ജാഥക്ക് - ഉദ്ഘാടത്തിനായി നേരത്തെ നൽകിയ ഡേറ്റൊന്ന്, അദ്ദേഹത്തെ ഓർമ്മിപ്പിക്കണം,അത്ര മാത്രം. ഒരഞ്ചു നിമിഷത്തിൻ്റെ കാര്യം. മുറിയിലേക്ക് ചെല്ലുമ്പോൾ എന്തോ വായിച്ചു കൊണ്ടിരിക്കുകയാണ്. കണ്ണടക്കുമുകളിലൂടെയുള്ള ആ നോട്ടത്തിൽ എന്തേയെന്നൊരു ചോദ്യവുമുണ്ടായിരുന്നു. കാര്യം പറഞ്ഞപ്പോൾ ,സഹായി സുരേഷിനെ നോക്കി. ഡയറിയിലെ പേജുകൾ നോക്കി സുരേഷും ഡേറ്റുറപ്പു വരുത്തി. എല്ലാം ശുഭം. വിചാരിച്ചതിനേക്കാൾ വേഗത്തിൽ കാര്യങ്ങൾ കഴിഞ്ഞിരിക്കുന്നു. ഒരു ചിരി കൂടി പാസ്സാക്കി പിൻതിരിയുവാൻ തുനിയുമ്പോഴാണ്, മുന്നിലെ കസാലയിലേക്ക് ഇരിക്കാനായൊരു ആംഗ്യം കാണുന്നത്. ഇരിപ്പുറക്കുന്നതിനു മുൻപേ ജാഥയിൽ ഉന്നയിക്കുന്ന മുദ്രാവാക്യമേതെന്ന ചോദ്യവും വന്നു. ഒന്നാമത്തെ മുദ്രാവാക്യം അല്പ സമയമെടുത്ത് പറഞ്ഞു . അപ്പോഴതാ ചില ചോദ്യങ്ങൾ. അതു കഴിഞ്ഞപ്പോൾ അതാ വരുന്നു വീണ്ടും ചില സംശയങ്ങൾ. വെറുതെ പറഞ്ഞാൽ പോരാ, വി എസ് അതെല്ലാം കുനാകുനാന്നുള്ള അക്ഷരത്തിൽ കുറിച്ചെടുക്കുന്നുമുണ്ട്. ആ വേഗതയിൽ വേണം പറയാൻ. അങ്ങനെ പത്തു പന്ത്രണ്ട് മുദ്രാവാക്യങ്ങൾ വിശദീകരിച്ചു കഴിഞ്ഞപ്പോഴേക്കും ഞാനൊന്നു ശരിക്കും വെട്ടിവിയർത്തു. കൂട്ടത്തിൽ ഒരു മുക്കാൽ മണിക്കൂറും കടന്നു പോയി. പാൽപാത്രം അടുപ്പത്ത് വെച്ച്, പുറത്താരാ വന്നതെന്നു നോക്കാൻ പോയ, വേവലാതിയായിരുന്നു എനിക്കപ്പോൾ. വൈകിട്ടത്തെ പ്രസ് റിലീസിനുള്ളത് എഴുതാനിരിക്കുന്നതിനിടയിൽ ,വി എസ് എത്തിയതറിഞ്ഞ് ചാടി വന്നതാണ്. സംസ്ഥാന ഭാരവാഹികൾ ഔട്ട്ഓഫ് സ്റ്റേഷനാണ്. സ്റ്റുഡൻ്റിൻ്റെ പിടിപ്പത് പണികൾ വേറെയുമുണ്ട്.

ഇപ്പോൾ ചോദ്യങ്ങൾ നിന്നിരിക്കുന്നു.എഴുത്തിലായി ശ്രദ്ധ. ഞാൻ എഴുത്തു നിലക്കുന്നതും കാത്തിരുന്നു. പേന താഴത്തു വെച്ചാൽ അപ്പോൾ സ്ഥലം കാലിയാക്കാം. അല്ലാതെ പോകുന്നത് മര്യാദകേടാണല്ലോ? പേനയാണോ ആദ്യം താഴെ വെക്കുന്നത് അതോ കടലാസിൽ നിന്ന് മുഖമാണോ ഉയർത്തുന്നതെന്നറിയാതെ, ഉദ്യോഗഭരിതനായി ഞാൻ തുടർന്നു. എന്നാൽ രണ്ടിനും മുൻപേ അദ്ദേഹത്തിൻ്റെ നാവാണ് ചലിച്ചത്. " ശ്വാസകോശം മാറ്റി വെക്കാനുള്ള പരീക്ഷണമൊന്നും ഇതുവരെ വിജയിച്ചിട്ടില്ല കേട്ടോ"

ഞാനൊന്നു അന്ധാളിച്ചു പോയി. ഇതും സമര മുദ്രാവാക്യവുമായെന്ത് ബന്ധം? എഴുത്തിൽ നിന്ന് തലയെടുത്ത്, ഊറി വരുന്നൊരു പുഞ്ചിരിയുമായെൻ്റെ മുഖത്തേക്ക് അദ്ദേഹം നോക്കി. ആ നോട്ടം ചെയിൻ സ്മോക്കിങ്ങിലൂടെ ഞാനാർജ്ജിച്ചെടുത്ത, കരിക്കട്ടപ്പരുവമായിരിക്കുന്ന എൻ്റെ ചുണ്ടിലേക്കാണെന്നു മനസ്സിലായതും ,ചോദ്യം ഒരിക്കൽ കൂടി കത്തി. പിന്നീട് ഞാനവിടെ നിന്ന് എങ്ങിനെയാണ് രക്ഷപ്പെട്ടതെന്ന് സത്യമായിട്ടും ഇപ്പോഴും എനിക്ക് ഓർമ്മയില്ല. ഭൂമി പിളർന്നോ ലിഫ്റ്റിലൂടെയോ താഴത്തെത്തിയിരിക്കാം.

എന്തായാലും വി എസ് ആ പരിപാടിക്ക് വരികയും, വിദ്യാഭ്യാസ മേഖലയെ ബാധിക്കുന്ന ഒരു തകർപ്പൻ പ്രസംഗം കാഴ്ചവെക്കുക തന്നെ ചെയ്തു.

രണ്ടാമത്തെ കൂടിക്കാഴ്ച ഇതിനേക്കാൾ മോശം അവസ്ഥയിലായിരുന്നു. ഞാനപ്പോൾ തിരുവനന്തപുരം മെഡിക്കൽ കോളേജിലെ കാഷ്വാലിറ്റിയിലായിരുന്നു. കാലിലെ മുട്ടുചിരട്ട തകർന്നതിനാൽ, ഒരു ബോൾ കണക്കേ അവിടമാകെ വീർത്തിരിക്കുന്നു. ഗ്രനേഡിൻ്റെ ചീളുകൾ പുറം വശം തുളച്ചുകയറി അപകടാവസ്ഥയിലെത്തിയ മറ്റൊരു സമരസഖാവിനെ ഓപ്പറേഷൻ തിയ്യറ്ററിലേക്ക് അല്പം മുൻപ് മാറ്റിയിട്ടേയുള്ളൂ. വേറെ ഏതൊക്കെയോ അപകടത്തിൽ പരിക്കേറ്റ രോഗികളും ഉണ്ട്. അവിടവിടങ്ങളിൽ നിന്ന് ഞരക്കങ്ങൾ കേൾക്കാം. കൂടെ വന്നവരുടെ സംസാരങ്ങളും. പക്ഷേ എൻ്റെ പ്രശ്നം കാൽമുട്ടിൽ നിന്ന് അരിച്ചു കയറി തല വരെയെത്തിയ വേദനയായിരുന്നു. ഓപ്പറേഷൻ ചെയ്യേണ്ടിവരുമെന്നറിയാം. എങ്കിലും അതിനു വരുന്ന കാലതാമസവും എന്നെ അലട്ടുന്നുണ്ട്. പെട്ടെന്ന് കാഷ്വാലിറ്റിയിലെ ആരവങ്ങൾ നിലച്ചു. ചുറ്റുമുള്ളവരുടെ ചുണ്ടുകളിൽ നിന്ന് എസ്... എസ്... എന്ന ശബ്ദവും അവ്യക്തമായി കേൾക്കാം. കൺമുന്നിൽ ആളുകൾ ഇരുവശത്തേക്ക് പകുത്തു വരുന്നതും അതിലൂടെ വി എസ് നടന്നുവരുന്നതുമാണ് പിന്നീട് കണ്ടത്. സ്ട്രെച്ചറിൽ കിടന്നുകൊണ്ട്, ലോ ആങ്കിളിലാ കാഴ്ചയിൽ, വി എസിന് അമാനുഷികമായൊരു വലുപ്പം തോന്നിച്ചു. കാഷ്വാലിറ്റിയിൽ ഒരു മൂലക്ക് വേണ്ടത്ര ശ്രദ്ധ കിട്ടാതെ കിടക്കുന്ന എൻ്റെ അവസ്ഥ കണ്ട്, മന്ദമാരുതനെപ്പോലെ കടന്നുവന്ന വി എസ്,സൂപ്രണ്ടിൻ്റെ ആപ്പീസേതെന്ന് ചോദിച്ച്, കൊടുങ്കാറ്റിനെപ്പോലെയാണ് പിന്നീട് കടന്നു പോയത്. നിമിഷങ്ങൾക്കകം ഞാൻ ഓപ്പറേഷൻ തിയറ്ററിലെത്തി. മെഡിക്കൽ കോളേജിലെ ഓർത്തോ ഡിപ്പാർട്ട്മെൻ്റ് ഏതാണ്ട് മുഴുവനായും തന്നെ അന്ന് ആ സർജ്ജറിക്കുണ്ടായിരുന്നുവെന്ന് തോന്നുന്നു. കാലം വീണ്ടും കടന്നുപോയി. അപ്പോഴേക്കും വി എസ് ഒരൊറ്റ മരമായിക്കഴിഞ്ഞിരുന്നു. ശിഖിരങ്ങൾ മുറിച്ചു കളയപ്പെട്ട്,തായ് തടി മാത്രമായൊരു ഒറ്റ മരം!

പിന്നീട് കാണുന്നത് മലപ്പുറം സംസ്ഥാന സമ്മേളനത്തിൽ വെച്ചാണ്. പ്രതിനിധി സമ്മേളനം അതിൻ്റെ അവസാന അജണ്ടയിലെത്തിക്കഴിഞ്ഞിരിക്കുന്നു. മൽസരഫലം വന്നു തുടങ്ങിയിട്ടില്ല. റിട്ടേണിങ്ങ് ഓഫീസറായ സഖാവ് യെച്ചൂരിയുടെ നേതൃത്വത്തിൽ വോട്ടെണ്ണൽ ഡയസ്സിൽ പുരോഗമിക്കുന്നു. തൻ്റെ വിധിയെന്തെന്ന് നേരത്തേ അറിയാമായിരുന്നതുകൊണ്ടായിരിക്കാം, മുണ്ടിൻ്റെ കോന്തലയും പൊക്കിപ്പിടിച്ച് അദ്ദേഹം താഴേക്ക് ഇറങ്ങി. സമ്മേളന ഹാളിൻ്റെ ഓരത്തു കൂടി ഏകനായി നടന്നു പോകുന്ന വി എസിൻ്റെ രൂപം ഇപ്പോഴും മനസ്സിലുണ്ട്. തോളത്തൊരു കുരിശും കൂടിയുണ്ടെന്ന് അപ്പോൾ തോന്നിയിരുന്നു. പിന്നീടാണ് വിജയൻമാഷ് പരാജയം തിന്നു ജീവിക്കുന്ന മനുഷ്യനെന്ന് വി എസിനെ വിശേഷിപ്പിച്ചത്.

അതെ. ഓരോ പരാജയത്തിനു ശേഷവും അയാൾ അടുത്ത പോരാട്ടത്തിനു തയ്യാറെടുത്തു. ഓരോ പരാജയത്തിൽ നിന്നുമയാൾ ഊർജ്ജം സംഭരിച്ചു. കുട്ടനാടൻ ചതുപ്പിൽ എന്നേ ചവിട്ടിതാഴ്ത്തപ്പെടേണ്ട ആ കുറിയ ശരീരം, അസാമാന്യ കരുത്തോടെ വീണ്ടും ഉരുവം കൊണ്ടു. പ്രജ്ഞയും ധിഷണയും ചോർന്നുപോയിട്ടും വർഷങ്ങളോളം അതിജീവനത്തിനായി തുടിച്ചു. ഓരോ അണുവിലും പോരാട്ടത്തിൻ്റെ തിരികൊളുത്തിക്കൊണ്ടാ ദീപം പതുക്കെ, വളരെ പതുക്കെ അണഞ്ഞുപോയി. ഇന്ത്യൻ കമ്മ്യൂണിസ്റ്റ് പ്രസ്ഥാനത്തിനും കേരളീയ സമൂഹത്തിനും മാത്രമല്ല ആ നഷ്ട്ടം. ജെൻഡർ പൊളിറ്റിക്സ്,മത നിരപേക്ഷത, പരിസ്ഥിതി വിഷയങ്ങൾ എന്നിവയിൽ ക്ലിനിക്കൽ പ്രിസിഷനിലുള്ള ശസ്ത്രക്രിയകൾ അദ്ദേഹം നടത്തിയിട്ടുണ്ട് . ഇന്ന് കേരളീയ സമൂഹത്തിൽ, പിച്ചാത്തി വീശി നടക്കുന്ന മതദേഹങ്ങളെ, എങ്ങനെയാണ് വി എസ് കൈകാര്യം ചെയ്തിരുന്നതെന്ന് ഓർക്കുന്നതു നന്നായിരിക്കും.അതുകൊണ്ടു തന്നെ ശത്രുക്കളില്ലാതെയല്ല അദ്ദേഹം കടന്നു പോകുന്നത്.അമേദ്യ മനസ്ക്കരുടെ കീപാഡുകൾ ഊഴത്തിനായി കാത്തിരിക്കുന്നുണ്ട്. കൊട്ടാരം ചരിത്രകാരൻമാരും അക്ഷമരാണെന്നറിയാം. എങ്കിലും എത്ര മായ്ക്കാൻ ശ്രമിച്ചാലും ആ രണ്ടക്ഷരം പഴയൊരു ചുമരെഴുത്തു പോലെ തെളിഞ്ഞു വരിക തന്നെ ചെയ്യും.

പോരാളികളുടെ ഭീഷ്മരെ

അങ്ങേക്കന്ത്യാഭിവാദ്യങ്ങൾ !

Content Highlights: Joshy Jose about Veteran CPIM Leader VS Achuthanandan

To advertise here,contact us