'വിഎസ് മരിച്ചതോടെ താന്‍ ഒറ്റപ്പെട്ടു,നല്‍കിയ സ്‌നേഹത്തിനുംകാരുണ്യത്തിനും ധീരതയ്ക്കും ധാര്‍മികബോധത്തിനും നന്ദി'

തനിക്ക് വി എസ് നല്‍കിയ സ്‌നേഹത്തിനും കാരുണ്യത്തിനും ധീരതയ്ക്കും ധാര്‍മിക ബോധത്തിനും നന്ദിയെന്നും അദ്ദേഹം കുറിച്ചു.

തിരുവനന്തപുരം: മുതിര്‍ന്ന സിപിഐഎം നേതാവും മുന്‍ മുഖ്യമന്ത്രിയുമായ വി എസ് അച്യുതാനന്ദന്‌റെ വിയോഗത്തില്‍ അനുശോചിച്ച് ഡിവൈഎഫ്‌ഐ മുന്‍ സംസ്ഥാന സെക്രട്ടറിയും സിപിഐഎം തൃശൂര്‍ ജില്ലാ കമ്മിറ്റി അംഗവുമായ ടി ശശിധരന്‍. വി എസ് മരിച്ചതോടെ താന്‍ ആകെ ഒറ്റപ്പെട്ടതു പോലെ തോന്നുന്നുവെന്ന് ടി ശശിധരന്‍ തന്‌റെ ഫേസ്ബുക്കില്‍ കുറിച്ചു. തനിക്ക് വി എസ് നല്‍കിയ സ്‌നേഹത്തിനും കാരുണ്യത്തിനും ധീരതയക്കും ധാര്‍മിക ബോധത്തിനും നന്ദിയെന്നും അദ്ദേഹം കുറിച്ചു.

പാര്‍ട്ടിക്കൊപ്പം നിലനില്‍ക്കാനും സാധാരണക്കാരായി ജീവിക്കാനും, അധികാരങ്ങളുടെ ഇടനാഴിയില്‍ ശ്വാസം നിലച്ച് മരിക്കാതിരിക്കാനും തന്നെ പഠിപ്പിച്ചത് വിഎസ് ആണെന്നും ടി എസ് ശശിധരന്‍ തന്‌റെ ഫേസ്ബുക്കില്‍ കുറിക്കുന്നു.

ഫേസ്ബുക്ക് പോസ്റ്റിന്‌റെ പൂര്‍ണരൂപം,

ആരവങ്ങളും മുദ്രാവാക്യങ്ങളുംനേര്‍ത്ത് നേര്‍ത്ത് നിലച്ചു,പുഷ്പാര്‍ച്ചന കഴിഞ്ഞു.ആളുകള്‍ ഒഴിഞ്ഞു.ചക്രവാളങ്ങളില്‍ നിന്നും അടര്‍ന്നു വീണ് പൊള്ളിയ വാക്കിനും,നാക്കിനും ശമനം. രക്തസാക്ഷികളോടൊപ്പം വലിയചുടുക്കാട്ടിലേക്ക് അന്തിയുറക്കത്തിലേക്ക് അങ്ങ് മടങ്ങി കഴിഞ്ഞു.നന്ദി വി എസ്സേ, നന്ദി…അങ്ങെനിക്കു തന്ന സ്‌നേഹത്തിന് കാരുണ്യത്തിന്, ധീരതയക്ക്,ധാര്‍മിക ബോധത്തിന്.സാധാരണക്കാരായി ജീവിക്കാന്‍,ചുവപ്പിന്റെ കീഴില്‍ നിലനില്‍ക്കാന്‍ അധികാരങ്ങളുടെ ഇടനാഴിയില്‍ ശ്വാസം നിലച്ച് മരിക്കാതിരിക്കാന്‍ പഠിപ്പിച്ചതിന്.ഇപ്പോള്‍ ഒറ്റപ്പെട്ട പോലെ തോന്നുന്നു. യാഥാര്‍ഥ്യത്തിന്റെ തിരി കരിന്തിരി കത്തുന്നപ്പോലെ,കാലമേ നിന്റെ ധമനികളില്‍ നീ കാത്തുസൂക്ഷിക്കുക ഈ സമരത്തിടമ്പിനെ..

ഇന്ന് രാത്രി ഒന്‍പത് മണിയോടെയാണ് വി എസിന്റെ ഭൗതിക ദേഹം വലിയ ചുടുകാട്ടിലേക്ക് എത്തിച്ചത്. ഈ സമയമത്രയും വി എസിനെ കാത്ത് പങ്കാളി വസുമതിയമ്മയും മുഖ്യമന്ത്രി പിണറായി വിജയനും മറ്റ് നേതാക്കളും വലിയ ചുടുകാട്ടില്‍ കാത്തിരുന്നു. പ്രിയ നേതാവിന് അന്ത്യാഭിവാദ്യങ്ങള്‍ അര്‍പ്പിക്കാന്‍ വലിയ ചുടുകാടിന് പുറത്തും വലിയ ജനക്കൂട്ടം അണിനിരന്നിരുന്നു. വി എസിന്റെ ഭൗതിക ദേഹം എത്തിച്ചതോടെ ജനങ്ങള്‍ ആര്‍ത്തിരമ്പി ഒരു കടലായിമാറി. ഔദ്യോഗിക ബഹുമതികള്‍ക്ക് ശേഷം 9.10 ഓടെ വി എസ്സിന്റെ ഭൗതിക ദേഹം സംസ്‌കരിച്ചു.

21-ന് വൈകിട്ട് 3.20-നായിരുന്നു വി എസിന്റെ മരണം സ്ഥിരീകരിച്ചത്. ഹൃദയാഘാതത്തെ തുടര്‍ന്ന് തിരുവനന്തപുരം എസ് യു ടി ആശുപത്രിയിലെ തീവ്ര പരിചരണ വിഭാഗത്തില്‍ പ്രവേശിപ്പിച്ച വി എസിന് പിന്നീട് സാധാരണ നിലയിലേയ്ക്ക് തിരിച്ചുവരാന്‍ സാധിച്ചിരുന്നില്ല. വെന്റിലേറ്ററിന്റെ സഹായത്തോടെ വിഎസിന്റെ ചികിത്സ തുടരുന്നതിനിടെയായിരുന്നു അന്ത്യം. മരിക്കുമ്പോള്‍ 101 വയസ്സായിരുന്നു വി എസ് അച്യുതാനന്ദന്റെ പ്രായം.

content highlights: 'I felt isolated after VS's death, thank you for the love'; T Sasidharan

To advertise here,contact us