ആലുവ പാലസിൽ അന്ന് ആ കൈകുഞ്ഞിനെ കൈയിലെടുത്ത് വി എസ് പേരിട്ടു 'വി എസ് അച്യുതാനന്ദൻ'

തങ്ങള്‍ക്ക് ഉണ്ടാവുന്ന ആദ്യ കുട്ടിക്ക് തന്നെ വി എസ് എന്ന് പേര് ഇടണമെന്ന് കരുതിയെങ്കിലും അത് നടന്നില്ല. ആ ആഗ്രഹമാണ് രണ്ടാമത്തെ കുട്ടിയിലൂടെ നടത്തിയെടുത്തത്

മൂവാറ്റുപുഴ: പന്ത്രണ്ട് വര്‍ഷങ്ങള്‍ക്ക് മുന്‍പാണ്. ആലുവ പാലസില്‍ വി എസ് അച്യുതാനന്ദന്‍ ഒരു കുട്ടിയെ മടിയില്‍ ഇരുത്തി ഇങ്ങനെ പേരിട്ടു 'വി എസ് അച്യുതാനന്ദന്‍'. രണ്ടാര്‍കര സ്വദേശികളായ സന്തോഷ് കുമാറിന്റെയും സുമിതയുടെയും ഇളയ മകനായിരുന്നു അന്ന് വി എസ് വി എസിന്റെ തന്നെ പേരിട്ടത്. സന്തോഷും സുമിതയും കടുത്ത വി എസ് ആരാധകര്‍. തങ്ങള്‍ക്ക് ഉണ്ടാവുന്ന ആദ്യ കുട്ടിക്ക് തന്നെ വി എസ് എന്ന് പേര് ഇടണമെന്ന് കരുതിയെങ്കിലും അത് നടന്നില്ല. ആ ആഗ്രഹമാണ് രണ്ടാമത്തെ കുട്ടിയിലൂടെ നടത്തിയെടുത്തത്. അതും തങ്ങളുടെ പ്രിയപ്പെട്ട വി എസിന്റെ മടിയിലിരുത്തി തന്നെ.

വി എസ് തന്നെ കുട്ടിക്ക് ആദ്യാക്ഷരം കുറിക്കണമെന്നായിരുന്നു സന്തോഷിന്റെ ആഗ്രഹം. വിഷയം പൊലീസ് ഉദ്യോഗസ്ഥരോടും വി എസിന്റെ പി എയോടും സന്തോഷ് അറിയിച്ചു. പിന്നാലെ ആലുവ പാലസിലേക്ക് ക്ഷണം എത്തി. അവിടെ വെച്ച് വി എസ് കുട്ടി വി എസിനെ മടിയിലിരുത്തി ആദ്യാക്ഷരം കുറിച്ചു പിന്നാലെ പേരും ഇട്ടു 'വി എസ് അച്യുതാനന്ദന്‍'. ഇപ്പോള്‍ ഏഴാം ക്ലാസിലാണ് കുട്ടി വി എസ് പഠിക്കുന്നത്.

അതേ സമയം, തൃശൂരിലും ഉണ്ട് മറ്റൊരു കുട്ടി വി എസ്. അച്യുതാനന്ദന്റെ ജന്മദിനത്തില്‍ പിറന്നതാണ് ആ പേരിന് പിന്നിലെ കാരണം. വേലംപറമ്പില്‍ ശ്യാം എന്ന പേരാണ് വി എസ് അച്യുതന്‍ എന്ന പേരിനോട് നീതി പുലര്‍ത്താന്‍ കുടുംബം കണ്ടെത്തിയത്. സംവിധായകന്‍ അമ്പിളിയുടെ കൊച്ചു മകനാണ് അച്യുതന്‍.

വി എസിന് മരണമില്ലായെന്ന് പലരും പറയുമ്പോള്‍ അദ്ദേഹം പകര്‍ന്ന പ്രത്യശാസ്ത്രവും ആദര്‍ശവും ജനങ്ങളിലൂടെ ജീവിക്കുന്നു. അതിന്റെ ഉദ്ദാഹരണമാണ് തങ്ങള്‍ക്ക് അത്രയേറെ വെളിച്ചമേറിയ പ്രിയ സഖാവിന്റെ പേര് തങ്ങളുടെ പൊന്നോമനകള്‍ക്ക് അവര്‍ നല്‍കുന്നത്.

Content Highlights- At Aluva Palace, VS took the baby in his arms and named him 'V.S. Achuthanandan'.

To advertise here,contact us