ആലപ്പുഴ: മുതിർന്ന സിപിഐഎം നേതാവും മുൻമുഖ്യമന്ത്രിയുമായി വി എസ് അച്യുതാനന്ദന്റെ സംസ്കാരച്ചടങ്ങുകൾ നാളെ നടക്കാനിരിക്കെ ആലപ്പുഴ ജില്ലയിൽ പൊതു അവധി പ്രഖ്യാപിച്ച് സംസ്ഥാന സർക്കാർ. 2025 ജൂലൈ 23ന് ബുധനാഴ്ച ആലപ്പുഴ ജില്ലയിലെ എല്ലാ സംസ്ഥാന സർക്കാർ ഓഫീസുകൾക്കും, എല്ലാ പൊതുമേഖലാ സ്ഥാപനങ്ങൾക്കും, എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും (പ്രൊഫഷണൽ കോളേജുകൾ ഉൾപ്പെടെ), സ്റ്റാറ്റിയൂട്ടറി സ്ഥാപനങ്ങൾക്കും, സ്വയംഭരണ സ്ഥാപനങ്ങൾക്കും, 1881 ലെ നെഗോഷ്യബിൾ ഇൻസ്ട്രുമെന്റ്സ് ആക്ടിന്റെ പരിധിയിൽ വരുന്ന എല്ലാ സ്ഥാപനങ്ങൾക്കും അവധിയായിരിക്കുമെന്ന് അധികൃതർ അറിയിച്ചു.
കഴിഞ്ഞ ദിവസമാണ് വിഎസ് അച്യുതാനന്ദന് വിടപറഞ്ഞത്. ഹൃദയാഘാതത്തെ തുടര്ന്ന് തിരുവനന്തപുരം എസ്യുടി ആശുപത്രിയിലെ തീവ്ര പരിചരണ വിഭാഗത്തില് പ്രവേശിപ്പിച്ച വിഎസിന് പിന്നീട് സാധാരണ നിലയിലേയ്ക്ക് തിരിച്ചുവരാന് സാധിച്ചിരുന്നില്ല. വെന്റിലേറ്ററിന്റെ സഹായത്തോടെ വിഎസ്സിന്റെ ചികിത്സ തുടരുന്നതിനിടെയായിരുന്നു അന്ത്യം. മരിക്കുമ്പോള് 101 വയസ്സായിരുന്നു വിഎസ്സിന്. കേരളത്തിന്റെ ഏറ്റവും ജനകീയനായ മുഖ്യമന്ത്രിയും പ്രതിപക്ഷ നേതാവുമായിരുന്നു വിഎസ് അച്യുതാനന്ദന്.
സിപിഐഎമ്മിന്റെ പൊളിറ്റ്ബ്യൂറോ അംഗം, സംസ്ഥാന സെക്രട്ടറി തുടങ്ങിയ നിലകളിലെല്ലാം പ്രവത്തിച്ച വിഎസ് അക്ഷരാര്ത്ഥത്തില് സമരകേരളത്തിന്റെ രാഷ്ട്രീയ മുഖമായിരുന്നു. അവിഭക്ത കമ്മ്യൂണിസ്റ്റ് പാര്ട്ടിയുടെ നാഷണല് കൗണ്സിലില് നിന്നും ഇറങ്ങി വന്ന് സിപിഐഎം രൂപീകരിക്കുന്നതില് മുന്നിലുണ്ടായിരുന്ന അവസാന നേതാവ് കൂടിയാണ് ഓര്മ്മയാകുന്നത്. തിരുവിതാംകൂറിലും പിന്നീട് ഐക്യകേരളത്തിലും നടന്ന തൊഴിലാളി വര്ഗ രാഷ്ട്രീയ പോരാട്ടങ്ങളുടെ ഒരുയുഗം കൂടിയാണ് വിഎസിന്റെ വിയോഗത്തോടെ അവസാനിച്ചിരിക്കുന്നത്.
Content highlights:Public holiday tomorrow in Alappuzha district