അന്തരിച്ച മുന് മുഖ്യമന്ത്രി വി എസ് അച്യുതാനന്ദനെതിരെ നടക്കുന്ന വിദ്വേഷ പ്രചാരണത്തിന് മറുപടിയുമായി എഴുത്തുകാരനും പ്രവാസിയുമായ ബഷീര് വളളിക്കുന്ന്. വിഎസ് അന്തരിച്ചു എന്ന് കേട്ടയുടനെ ചില തീവ്രവാദികള് ഒരു നൂറ്റാണ്ട് പിന്നിട്ട സമരതീഷ്ണമായ ജീവിതത്തില് നിന്ന് ഒന്നോ രണ്ടോ വിവാദ വിഷയങ്ങളെ ചെറി പിക്ക് നടത്തി പൊതുമധ്യത്തില് അസഹനീയമാംവിധം പോസ്റ്റ്മോര്ട്ടം ചെയ്യുകയാണെന്ന് ബഷീര് വളളിക്കുന്ന് പറഞ്ഞു. ഒരു നൂറ്റാണ്ടിന്റെ ഐതിഹാസികമായ പൊതുപ്രവര്ത്തന പാരമ്പര്യമുളള ഒരു മനുഷ്യന് മരിച്ചുകിടക്കുമ്പോള് പാലിക്കേണ്ട സാമാന്യ മര്യാദപോലും കാറ്റില്പ്പറത്തി അസംബന്ധങ്ങള് എഴുതിക്കൂട്ടുകയാണെന്നും സോഷ്യല് മീഡിയയില് അറപ്പുളവാക്കും വിധം പ്രതികരണം നടത്തുന്ന വിഷജീവികള് സാമൂഹ്യാന്തരീക്ഷത്തെ മലിനമാക്കുകയാണെന്നും ബഷീര് വളളിക്കുന്ന് പറഞ്ഞു.
'അടിസ്ഥാന വര്ഗത്തിന്റെ ഉയിരിനും നിലനില്പ്പിനും വേണ്ടി ഒരു നൂറ്റാണ്ടിന്റെ ജീവിതം മാറ്റിവെച്ച ഒരു ചരിത്ര പുരുഷന് കണ്ണേ കരളേ എന്ന് ഒരു നാട് മുഴുക്കെ തെരുവില് കാത്ത് നിന്ന് അന്തിമോപചാരം അര്പ്പിക്കുന്ന ഒരു ഘട്ടത്തില് ഇത്തരം വൃത്തികെട്ട ചൊറിഞ്ഞു മാന്തല് നടത്തുന്ന വിഷജീവികള് പരിഷ്കൃത സമൂഹത്തിന് അപമാനമാണ്. കണ്ടാല് കുളിക്കേണ്ട അശ്ലീല ജന്മങ്ങള് എന്നേ അവറ്റകളെ വിളിക്കാന് പറ്റൂ' ബഷീര് വളളിക്കുന്ന് ഫേസ്ബുക്കില് പങ്കുവെച്ച കുറിപ്പില് പറയുന്നു.
ബഷീര് വളളിക്കുന്നിന്റെ കുറിപ്പിന്റെ പൂര്ണരൂപം
വി എസ് അന്തരിച്ചു എന്ന് കേട്ടയുടനെ തന്നെ ഏതാനും ചില തീവ്രവാദികൾ ഇറങ്ങിപ്പുറപ്പെട്ടിരിക്കുന്നു, അദ്ദേഹത്തിന്റെ ഒരു നൂറ്റാണ്ട് പിന്നിട്ട സമരതീഷ്ണമായ ജീവിതത്തിൽ നിന്ന് ഒന്നോ രണ്ടോ വിവാദവിഷയങ്ങളെ ചെറി പിക്ക് നടത്തി പൊതുമധ്യത്തിൽ അസഹനീയമാം വിധം പോസ്റ്റുമോർട്ടം നടത്തുന്ന കാഴ്ച്ച.
ഒരു നൂറ്റാണ്ടിന്റെ ഐതിഹാസികമായ പൊതുപ്രവത്തന പാരമ്പര്യമുള്ള ഒരു മനുഷ്യൻ മരിച്ചു കിടക്കുമ്പോൾ പാലിക്കേണ്ട സാമാന്യ മര്യാദ പോലും കാറ്റിൽ പറത്തിയാണ് ഈ വൃത്തികെട്ടവന്മാർ അസംബന്ധങ്ങൾ എഴുതിക്കൂട്ടുന്നത്. വി എസിനോടും വി എസ് ഉയർത്തിപ്പിടിച്ച നിലപാടുകളോടും വിയോജിപ്പുള്ളവർ ധാരാളമുണ്ടാകും. കൊണ്ടും കൊടുത്തും സംവാദങ്ങളിൽ ഏർപ്പെട്ടും തന്നെയാണ് അവരൊക്കെ മുന്നോട്ട് പോയിട്ടുള്ളത്. പൊതുരംഗത്ത് അത് സാധാരണവുമാണ്. ഈ പ്രൊഫൈലിലും വിമർശിച്ചും അനുകൂലിച്ചും ധാരാളം എഴുതിയിട്ടുണ്ട്. തികച്ചും സ്വാഭാവികമായ ആശയ സംവാദ പ്രക്രിയയയുടെ ഭാഗമാണത്.
എന്നാൽ പൊതുരംഗത്ത് നിറഞ്ഞു നിന്ന ഒരു മനുഷ്യൻ മരിച്ചു കിടക്കുമ്പോൾ ഓർക്കേണ്ടതും സ്മരിക്കേണ്ടതും ആ ജീവിതത്തിന്റെ സമഗ്രതയെ ആണ്. ആ ജീവിതം നൽകിയ സന്ദേശങ്ങളുടെ ആകെത്തുകയെ ആണ്. വ്യക്തിതലത്തിൽ വിഎസിന്റെ ഏറ്റവും രൂക്ഷമായ രാഷ്ട്രീയ ആക്രമണം പതിറ്റാണ്ടുകൾ നേരിട്ട ഒരു നേതാവാണ് കുഞ്ഞാലിക്കുട്ടി. അദ്ദേഹത്തിൻറെ വാക്കുകൾ കേട്ടില്ലേ. തൊഴിലാളി വർഗ്ഗ രാഷ്ട്രീയത്തിനും ആ അടിസ്ഥാന വർഗത്തിന്റെ ഉന്നമനത്തിനും വി എസ് ചെയ്ത സേവനങ്ങളെ ഓർമ്മിച്ചെടുക്കുകയാണ് അദ്ദേഹം ചെയ്തത്. അതാണ് രാഷ്ട്രീയ ധാർമ്മികത, വിഴുപ്പുകൾ അലക്കാനുള്ള അവസരമല്ല ഇതെന്ന തിരിച്ചറിവാണ് ആ പ്രതികരണങ്ങളുടെ ജീവൻ.
എന്നാൽ സോഷ്യൽ മീഡിയയിൽ അറപ്പുളവാക്കും വിധം പ്രതികരണം നടത്തുന്ന ഈ വിഷജീവികൾ ചെയ്യുന്നത് നമ്മുടെ സാമൂഹ്യാന്തരീക്ഷത്തെ അത്യധികം മലിനമാക്കുകയാണ്. പതിറ്റാണ്ടുകൾ നീണ്ട ആ ജീവിതത്തിന്റെ ഏതെങ്കിലും ഒരു സന്ദർഭത്തിൽ നിന്നും അടർത്തിയെടുത്ത ഒരു വാക്കോ ഒരു പ്രസ്താവനയോ ഇഴകീറി പിരിച്ചെടുത്ത് ചൊറിഞ്ഞു മാന്തുന്നതിനുള്ള അവസരമായാണ് അവർ ഒരു മരണവേളയെ കാണുന്നത്.
അടിസ്ഥാന വർഗ്ഗത്തിന്റെ ഉയിരിനും നിലനില്പിനും വേണ്ടി ഒരു നൂറ്റാണ്ടിന്റെ ജീവിതം മാറ്റിവെച്ച ഒരു ചരിത്രപുരുഷന് "കണ്ണേ കരളേ" എന്ന് ഒരു നാട് മുഴുക്കെ തെരുവിൽ കാത്ത് നിന്ന് അന്തിമോപചാരം അർപ്പിക്കുന്ന ഒരു ഘട്ടത്തിൽ ഇത്തരം വൃത്തികെട്ട ചൊറിഞ്ഞു മാന്തൽ നടത്തുന്ന വിഷജീവികൾ ഒരു പരിഷ്കൃത സമൂഹത്തിന്റെ അപമാനമാണ്. കണ്ടാൽ കുളിക്കേണ്ട അശ്ളീല ജന്മങ്ങൾ എന്നേ അവറ്റകളെ വിളിക്കാൻ പറ്റൂ.
Content Highlights: Journalist Basheer Vallikkunn about hate campaign against late VS Achuthanandan