'വി എസ് ഭൂമിയുടെ രാഷ്ട്രീയം സംസാരിച്ചയാൾ, കേരളത്തിലെ ഐടി വ്യവസായത്തെ വികസിപ്പിച്ചു'; ഓർമിച്ച് ജോസഫ് സി മാത്യു

പൊളിറ്റിക്കൽ ക്ലാരിറ്റിയാണ് വിഎസിനെ വ്യത്യസ്തനാക്കിയത് എന്നും ജോസഫ് സി മാത്യു

തിരുവനന്തപുരം: വി എസ് അച്യുതാനന്ദൻ ഭൂമിയുടെ രാഷ്ട്രീയം സംസാരിച്ചയാളെന്നും കേരളത്തിലെ ഐ ടി വികസനത്തിന് ചുക്കാൻ പിടിച്ച മുഖ്യമന്ത്രിയെന്നും വിഎസിന്റെ ഐടി ഉപദേഷ്ടകനായിരുന്ന ജോസഫ് സി മാത്യു. വി എസ് മൂലം കേരളത്തിനുണ്ടായ നേട്ടം അറിയണമെങ്കിൽ ഐ ടി പാർക്കുകളിൽ നിന്നുള്ള കയറ്റുമതി പരിശോധിച്ചാൽ മതി എന്നും വികസന വിരുദ്ധത അദ്ദേഹത്തിനുണ്ടായിട്ടില്ലെന്നും ജോസഫ് സി മാത്യു പറഞ്ഞു.

കേന്ദ്രനയം അനുസരിച്ച് പ്രത്യേക സാമ്പത്തിക മേഖലകളിലെ 50 ശതമാനം ഭൂമി റിയൽ എസ്റ്റേറ്റ് ഉപയോഗങ്ങൾക്കായി ഉപയോഗിക്കാമെന്ന് നയമുണ്ടായിരുന്നു. വിഎസ് അതിനെ എതിർത്തു. സ്മാർട്ട് സിറ്റി ചർച്ചയിൽ അടക്കം നിബന്ധനകൾ വെച്ച് ഭൂമി വിട്ടുകൊടുക്കുക എന്ന നയമാണ് വി എസ് സ്വീകരിച്ചത്. അതുവഴി ഐ ടി കേരളത്തിന് അനുയോജ്യമായ ഒരു വ്യവസായമായി മാറിയെന്ന് ജോസഫ് സി മാത്യു ഓർമിച്ചു.

പൊളിറ്റിക്കൽ ക്ലാരിറ്റിയാണ് വിഎസിനെ വ്യത്യസ്തനാക്കിയത് എന്നും ജോസഫ് സി മാത്യു കൂട്ടിച്ചേർത്തു. അദ്ദേഹത്തിന്റെ ശരികൾ എപ്പോഴും അദ്ദേഹത്തിന്റെ രാഷ്ട്രീയവുമായി ചേർന്നുനിൽക്കുന്നതായിരുന്നു. അങ്ങനെ ജീവിച്ച ഒരു മനുഷ്യനെപ്പോലെ മറ്റാർക്കും ജീവിക്കാൻ കഴിയില്ലെന്നും ജോസഫ് സി മാത്യു പറഞ്ഞു.

കഴിഞ്ഞ ദിവസമാണ് വി എസ് അച്യുതാനന്ദൻ വിടപറഞ്ഞത്. ഹൃദയാഘാതത്തെ തുടർന്ന് തിരുവനന്തപുരം എസ്‌യുടി ആശുപത്രിയിലെ തീവ്ര പരിചരണ വിഭാഗത്തിൽ പ്രവേശിപ്പിച്ച വിഎസിന് പിന്നീട് സാധാരണ നിലയിലേയ്ക്ക് തിരിച്ചുവരാൻ സാധിച്ചിരുന്നില്ല. വെൻ്റിലേറ്ററിൻ്റെ സഹായത്തോടെ വി എസിൻ്റെ ചികിത്സ തുടരുന്നതിനിടെയായിരുന്നു അന്ത്യം. മരിക്കുമ്പോൾ 101 വയസ്സായിരുന്നു വി എസിന്. കേരളത്തിൻ്റെ ഏറ്റവും ജനകീയനായ മുഖ്യമന്ത്രിയും പ്രതിപക്ഷ നേതാവുമായിരുന്നു വി എസ് അച്യുതാനന്ദൻ.

വി എസിന്റെ ഭൗതിക ശരീരം നിലവിൽ ദര്‍ബാര്‍ ഹോളിൽ പൊതുദര്‍ശനത്തിനെത്തിച്ചിരിക്കുകയാണ്. പി ബി അംഗങ്ങള്‍ അന്തിമോപചാരം അര്‍പ്പിച്ചു. മുഖ്യമന്ത്രി പിണറായി വിജയന്‍, പ്രകാശ് കാരാട്ട്, ബൃന്ദാ കാരാട്ട്, എം എ ബേബി, എം വി ഗോവിന്ദന്‍ ഉള്‍പ്പെടെയുള്ളവര്‍ ദര്‍ബാര്‍ ഹാളിലെത്തി അന്തിമോപചാരം അർപ്പിച്ചു. ഉച്ചയോടെ പ്രത്യേക വാഹനത്തിൽ വിഎസിന്റെ ഭൗതികശരീരം ആലപ്പുഴയിലേക്ക് റോഡ് മാർഗം കൊണ്ടുപോകും.

Content Highlights: Joseph c mathew says VS helped kerala IT Sectors growth

To advertise here,contact us