'വി എസിൻ്റെ ആദ്യ സ്മാരകമായി ജനകീയ ലാബ്' പിന്നിൽ മുൻ പേഴ്സണൽ സെക്രട്ടറിയും കൂട്ടി വെച്ച പെൻഷൻ കാശും

പേഴ്‌സണല്‍ സ്റ്റാഫായി ജോലി ചെയ്തതിന്റെ പെന്‍ഷന്‍ തുക വെച്ചാണ് ലാബ് ആരംഭിച്ചത്

ആലപ്പുഴ: മുന്‍ മുഖ്യമന്ത്രിയും മുതിര്‍ന്ന സിപിഐഎം നേതാവുമായ വി എസ് അച്യുതാനന്ദന്റെ ആദ്യ സ്മാരകമായി ജനകീയ മെഡിക്കല്‍ ലാബ് മാറുമെന്ന് വി എസിന്‍റെ മുന്‍ പേഴ്‌സണല്‍ സ്റ്റാഫ് അംഗം അഡ്വ. ലതീഷ് ബി ചന്ദ്രന്‍. മുഹമ്മ പുല്ലമ്പാറയിലാണ് വി എസിന്റെ ജന്മദിനത്തോട് അനുബന്ധിച്ച് സമ്മാനമായി ജനകീയ ലാബ് ലതീഷ് ആരംഭിച്ചത്. പേഴ്‌സണല്‍ സ്റ്റാഫായി ജോലി ചെയ്തതിന്റെ പെന്‍ഷന്‍ തുക വെച്ചാണ് ലാബ് ആരംഭിച്ചത്. വിഎസിന്റെ വിയോഗത്തോടെ ലാബിന്റെ പേര് വി എസ് സ്മാരക ലാബ് എന്നാക്കുമെന്ന് ലതീഷ് അറിയിച്ചു.

വി എസിന്റെ 101-ാം ജന്മദിനത്തിന്റെ തലേദിവസമായിരുന്നു ലാബിന്റെ തറക്കല്ലിടല്‍. ഈ വര്‍ഷം ഏപ്രില്‍ 13 ഓടെ ലാബ് പ്രവര്‍ത്തനം ആരംഭിച്ചിരുന്നു. വി എസ് കാരണമാണ് തനിക്ക് ആ വരുമാനം ലഭിക്കുന്നതെന്നും അത് അദ്ദേഹത്തിന്റെ ഓര്‍മ്മയ്ക്കായി ജനസേവനത്തിനായി ഉപയോഗിക്കുമെന്നും ലതീഷ് വ്യക്തമാക്കി. നിര്‍ധനര്‍ക്കും തൊഴിലുറപ്പ് തൊഴിലാളികള്‍ക്കും ലാബിൽ പകുതി വിലയ്ക്കാണ് സേവനങ്ങൾ ലഭ്യമാക്കുന്നത്.

2006-ലാണ് ലതീഷ് വി എസിന്റെ പേഴ്‌സണല്‍ സ്റ്റാഫില്‍ അംഗമാകുന്നത്. അന്ന് ലതീഷ് എസ്എഫ്‌ഐ ജില്ലാ ജോയിന്റ് സെക്രട്ടറിയായിരുന്നു. പിന്നാലെ 2006 ല്‍ തന്നെ നടക്കാനിരുന്ന നിയമസഭ തിരഞ്ഞെടുപ്പില്‍ വിഎസിനെ സ്ഥാനാര്‍ത്ഥിയാക്കണമെന്ന് ആവശ്യപ്പെട്ട് പ്രകടനം നടത്തിയതിന് ലതീഷിനെ പാര്‍ട്ടിയില്‍ നിന്ന് പുറത്താക്കി. എന്നാല്‍ തിരഞ്ഞെടുപ്പ് കഴിഞ്ഞ് വി എസ് വീണ്ടും മുഖ്യമന്ത്രിയായതോടെ ലതീഷ് തന്നെ പേഴ്‌സണല്‍ സെക്രട്ടറിയായി തുടര്‍ന്നു.

2011 -ല്‍ വി എസ് മുഖ്യമന്ത്രി സ്ഥാനം ഒഴിഞ്ഞതോടെ ലതീഷ് നാട്ടില്‍ പാര്‍ട്ടിയിലും ഡിവൈഎഫ്‌ഐയിലും സജീവ പ്രവര്‍ത്തകനായി. എന്നാല്‍ 2013 ല്‍ ലതീഷ് വീണ്ടും പാര്‍ട്ടി സ്മാരകം തകര്‍ത്ത കേസില്‍ ഒന്നാം പ്രതിയായതോടെ പാര്‍ട്ടിയില്‍ നിന്ന് പുറത്താക്കപ്പെട്ടു. കേസില്‍ കുറ്റവിമുക്തതനാക്കിയെങ്കിലും പാര്‍ട്ടി ലതീഷിനെ തിരിച്ചെടുത്തില്ല. തുടര്‍ന്ന് 2020 ലെ തദ്ദേശ തിരഞ്ഞെടുപ്പില്‍ സ്വതന്ത്രനായി മത്സരിക്കുകയും വിജയിക്കുകയും ചെയ്തു. പേഴ്‌സണല്‍ സ്റ്റാഫായിരുന്ന നിലയില്‍ പെന്‍ഷന്‍ തുകയായി ലഭിച്ചു വരുന്ന 4100 രൂപ കൂട്ടിവെച്ചായിരുന്നു ലതീഷ് ജനകീയ ലാബ് യാഥാര്‍ത്ഥ്യമാക്കിയത്.

Content Highlights- 'Janakiya Lab as VS's first memorial' is behind the pension money accumulated by the former personal secretary

To advertise here,contact us