'ലോകത്താദ്യമായി സ്വതന്ത്ര സോഫ്റ്റ്‌വെയർ ഇന്‍സ്റ്റിറ്റ്യൂട്ട്‌ സ്ഥാപിച്ച വിഎസ്'; അനുസ്മരിച്ച് ഡോ. തോമസ് ഐസക്

വി എസ് കേരളത്തിൻ്റെ വികസനത്തിൽ വലിയ പങ്ക് വഹിച്ച നേതാവെന്ന് ഡോ.തോമസ് ഐസക്

തിരുവനന്തപുരം: വി എസ് അച്യുതാനന്ദൻ കേരളത്തിന്റെ വികസനത്തിൽ വലിയ പങ്ക് വഹിച്ച നേതാവെന്ന് മുൻ ധനകാര്യ മന്ത്രി ഡോ.തോമസ് ഐസക്. ലോകത്തുതന്നെ ആദ്യമായി വിഎസിന്റെ കാലത്താണ് സ്വതന്ത്ര സോഫ്റ്റ്‌വെയറിന് ഒരു അന്താരാഷ്ട്ര ഇൻസ്റ്റിറ്റ്യൂട്ട് സ്ഥാപിക്കുന്നത്. അത് കേരളത്തിലാണ്. എറണാകുളത്തുവെച്ചുകണ്ട ചെറുപ്പക്കാരോട് ഒരു മണിക്കൂർ നേരമാണ് വിഎസ് സ്വതന്ത്ര സോഫ്റ്റ്‌വെയറിനെക്കുറിച്ച് ചോദിച്ചറിഞ്ഞത്. ഐ ടി നയമുണ്ടാക്കിയപ്പോഴും അന്ന് വിഎസുമായി സംസാരിച്ച പലരുമായിരുന്നു പിന്നിലെന്നും ഐസക് കൂട്ടിച്ചേർത്തു.

കഴിഞ്ഞ ദിവസമാണ് വി എസ് അച്യുതാനന്ദൻ വിടപറഞ്ഞത്. ഹൃദയാഘാതത്തെ തുടർന്ന് തിരുവനന്തപുരം എസ്‌യുടി ആശുപത്രിയിലെ തീവ്ര പരിചരണ വിഭാഗത്തിൽ പ്രവേശിപ്പിച്ച വിഎസിന് പിന്നീട് സാധാരണ നിലയിലേയ്ക്ക് തിരിച്ചുവരാൻ സാധിച്ചിരുന്നില്ല. വെൻ്റിലേറ്ററിൻ്റെ സഹായത്തോടെ വി എസിൻ്റെ ചികിത്സ തുടരുന്നതിനിടെയായിരുന്നു അന്ത്യം. മരിക്കുമ്പോൾ 101 വയസ്സായിരുന്നു വി എസിന്. കേരളത്തിൻ്റെ ഏറ്റവും ജനകീയനായ മുഖ്യമന്ത്രിയും പ്രതിപക്ഷ നേതാവുമായിരുന്നു വി എസ് അച്യുതാനന്ദൻ.

വി എസിന്റെ ഭൗതിക ശരീരം നിലവിൽ ദര്‍ബാര്‍ ഹോളിൽ പൊതുദര്‍ശനത്തിനെത്തിച്ചിരിക്കുകയാണ്. പി ബി അംഗങ്ങള്‍ അന്തിമോപചാരം അര്‍പ്പിച്ചു. മുഖ്യമന്ത്രി പിണറായി വിജയന്‍, പ്രകാശ് കാരാട്ട്, ബൃന്ദാ കാരാട്ട്, എം എ ബേബി, എം വി ഗോവിന്ദന്‍ ഉള്‍പ്പെടെയുള്ളവര്‍ ദര്‍ബാര്‍ ഹാളിലെത്തി അന്തിമോപചാരം അർപ്പിച്ചു. ഉച്ചയോടെ പ്രത്യേക വാഹനത്തിൽ വിഎസിന്റെ ഭൗതികശരീരം ആലപ്പുഴയിലേക്ക് റോഡ് മാർഗം കൊണ്ടുപോകും.

Content Highlights: Dr Thomas Isaac on VS Achuthanandan and free software

To advertise here,contact us