ആലപ്പുഴ: അപ്പുവെന്ന വി എ അരുണ് കുമാറിനും മകള് ആശയ്ക്കും അകലത്തായിരുന്നെങ്കിലും എപ്പോഴും ഒപ്പമുണ്ടെന്ന് ഉറപ്പ് വരുത്തിയ അച്ഛനായിരുന്നു വി എസ്. ഗവേഷണ കാലത്ത് തനിക്ക് ലഭിച്ച സ്റ്റൈപന്ഡ് തുകയെല്ലാം ചേര്ത്തുവെച്ച് ഒരു സ്വര്ണ പാദസ്വരം വാങ്ങണമെന്നായിരുന്നു ആശയുടെ ഏറ്റവും വലിയ ആഗ്രഹം. തന്റെ ആഗ്രഹം അച്ഛനോട് പറഞ്ഞപ്പോള് വി എസ് നല്കിയ മറുപടി മറ്റൊന്നായിരുന്നു. 'മോളേ, നീ ഒരു തൊഴിലാളി നേതാവിന്റെ മകളാണെന്ന് മറക്കരു'തെന്നായിരുന്നു വിഎസ് പറഞ്ഞത്. അതോടെ തന്റെ ആഗ്രഹം മാറ്റി വെയ്ക്കുകയായിരുന്നു ആശ. പിന്നീട് വിവാഹത്തിനാണ് ആശ അച്ഛന്റെ അനുവാദത്തോടെ സ്വര്ണ പാദസ്വരം സ്വന്തമാക്കിയത്.
അടിയന്തരാവസ്ഥകാലത്തെ മറക്കാനാകാത്ത ഓര്മ്മകളും ആശ പങ്കുവെച്ചിരുന്നു. വിഎസിന്റെ വീടും പരിസരവും പൊലീസ് വളഞ്ഞ ദിവസം. പുലര്ച്ചെ മൂന്ന് മണിക്ക് തങ്ങളുടെ വാതിലില് പൊലീസ് തുടരെ കൊട്ടുന്നത് കേട്ടാണ് ഉണര്ന്നത്. അന്ന് തനിക്ക് പ്രായം ഏഴ് വയസ്സ്. പൊലീസിനെ കണ്ട് ഞാനും അമ്മയും അനിയനും ഭയന്നു. എന്നാല് അമ്മയെ ആശ്വസിപ്പിച്ച അച്ഛന് എനിക്കും അനിയനും ഉമ്മ നല്കി വാരിപ്പുണര്ന്ന ശേഷമാണ് പൊലീസിനൊപ്പം ജയിലിലേക്ക് പോയതെന്ന് ആശ പറഞ്ഞിരുന്നു.
കുറച്ച് ദിവസങ്ങൾക്ക് ശേഷം വി എസിനെ കാണാൻ തിരുവനന്തപുരം പൂജപ്പുര സെൻട്രൽ ജയിലിൽ കുടുംബത്തോടൊപ്പം പോയതും ആശ ഓർത്തെടുക്കുന്നു. താൻ അച്ഛന് കഴിക്കാനായി ഒരു ഓറഞ്ചുമായാണ് പോയത്. എന്നാൽ സ്നേഹത്തോടെ ആ ഓറഞ്ച് തനിക്ക് തന്നെ തിരിച്ച് തന്നെന്നും ആശ പറയുന്നു.
1968 ജൂലൈ 25നാണ് മുത്ത മകള് ആശ ജനിക്കുന്നത്. അമ്പലപ്പുഴ എംഎൽഎ ആയിരുന്ന വിഎസ് അന്ന് ആലപ്പുഴ കളക്ടറേറ്റിലെ ഒരു യോഗത്തിലായിരുന്നു. കുഞ്ഞ് ആശയെ വീട്ടിലേക്ക് കൊണ്ടുവന്നപ്പോഴും വിഎസ് പൊതുപ്രവര്ത്തകന്റെ തിരക്കിലായിരുന്നു. രണ്ട് വര്ഷത്തിന് ശേഷമാണ് ഇളയമകനായ അരുണ്കുമാർ ജനിച്ചത്. അരുണ്കുമാറിനെ അപ്പു എന്നാണ് വിഎസ് വിളിച്ചത്. തിരക്കുകള് കാരണം വിഎസ് മക്കള്ക്കൊപ്പം ഉണ്ടാവുക അപൂര്വ്വമായിരുന്നു. തിരക്കിനിടയിലും ഓടി എത്തുന്ന അച്ഛന്റെ കയ്യില് മക്കൾക്കായുള്ള മിഠായിപ്പൊതികളും ഉണ്ടായിരുന്നു.
content highlights: Daughter Asha painfully recalls memories of VS Achuthanandan