തിരുവനന്തപുരം: മുന് മുഖ്യമന്ത്രിയും മുതിര്ന്ന സിപിഐഎം നേതാവുമായ വി എസ് അച്യുതാനന്ദന്റെ വിയോഗത്തോട് അനുബന്ധിച്ച് ഉയരുന്ന 'അവസാനത്തെ കമ്മ്യൂണിസ്റ്റ്' പ്രയോഗത്തെ വിമര്ശിച്ച് ബിനീഷ് കൊടിയേരി. വി എസ് അവസാന കമ്മ്യൂണിസ്റ്റ് എന്ന പ്രയോഗത്തോട് ഒരു യുവതി പ്രതികരിക്കുന്ന വീഡിയോ പങ്കുവെച്ചു കൊണ്ടായിരുന്നു ബിനീഷിന്റെ കുറിപ്പ്.
വിഡിയോയില് യുവതി 'ഇത് കമ്മ്യൂണിസത്തിന്റെ അവസാനമല്ല, ആദ്യമാണെന്ന് പറയുന്നുണ്ട്. ഇതിനെ ഉദ്ധരിച്ച് കൊണ്ടായിരുന്നു ബിനിഷ് കൊടിയേരിയുടെ ഫേസ്ബുക്ക് കുറിപ്പ്. ഒരു വി എസ് പോകുമ്പോള് ആയിരം വി എസുമാര് ഉണരുന്നുവെന്ന് തലകെട്ടോടെയാണ് കുറിപ്പ്.
കുറിപ്പിന്റെ പൂര്ണരൂപം
ഒരു വി എസ് പോകുമ്പോൾ ആയിരം വി എസുമാർ ഉണരുന്നു!
നമ്മുടെയെല്ലാം പ്രിയങ്കരനായ സഖാവ് വി.എസ്. അച്യുതാനന്ദൻ വിടവാങ്ങിയപ്പോൾ, ചില കോണുകളിൽ നിന്ന് "അവസാനത്തെ കമ്മ്യൂണിസ്റ്റ്" എന്ന തരത്തിൽ പാർട്ടിക്കെതിരെ പരിഹാസങ്ങളും ആക്ഷേപങ്ങളും ഉയർന്നു കേൾക്കുന്നുണ്ട്. കമ്മ്യൂണിസ്റ്റ് പ്രസ്ഥാനത്തെ ഇകഴ്ത്തിക്കാട്ടാനുള്ള ഇത്തരം ശ്രമങ്ങൾക്ക് കൃത്യമായ മറുപടി നൽകുന്ന ഒരു സഹോദരിയുടെ വാക്കുകളാണ് ഈ വീഡിയോയിൽ നിങ്ങൾ കണ്ടത്.
അവരുടെ വാക്കുകള് ഓരോ കമ്മ്യൂണിസ്റ്റ്കാരന്റെയും ഹൃദയത്തില് നിന്ന് വരുന്നതാണ്: 'ഇത് കമ്മ്യൂണിസത്തിന്റെ അവസാനമല്ല, ആദ്യമാണ്!'ഒരു വ്യക്തിയുടെ വിയോഗത്തോടെ അവസാനിക്കുന്നതല്ല കമ്മ്യൂണിസം. അത് ജനങ്ങളുടെ ഹൃദയത്തില് ജീവിക്കുന്ന ഒരു ആശയമാണ്. അസമത്വങ്ങള്ക്കെതിരെയും അനീതികള്ക്കെതിരെയും പോരാടാന് ജനങ്ങളെ പ്രേരിപ്പിക്കുന്ന ആത്മാവാണ് കമ്മ്യൂണിസം. വി.എസ്. അച്യുതാനന്ദന് എന്ന മഹാനായ നേതാവ് നമുക്ക് നല്കിയത് ആ പോരാട്ടവീര്യമാണ്. അദ്ദേഹത്തിന്റെ ജീവിതം തന്നെ സമരമായിരുന്നു, ആ സമരം ഇവിടെ അവസാനിക്കുന്നില്ല.ഈ നാടിന്റെ ഓരോ മുക്കിലും മൂലയിലും ഇന്നും കമ്മ്യൂണിസ്റ്റ് ആശയങ്ങള് ജ്വലിച്ചു നില്ക്കുന്നത്, ലക്ഷക്കണക്കിന് സാധാരണക്കാരുടെ ജീവിതത്തില് അത് നല്കിയ വെളിച്ചം കൊണ്ടാണ്. തുല്യതയ്ക്കും നീതിക്കും വേണ്ടിയുള്ള ഈ യാത്രക്ക് ഒരിക്കലും അവസാനമില്ല.വി.എസ്. അച്യുതാനന്ദന് എന്ന ധീരസഖാവ് നമുക്ക് വഴികാട്ടാന് ഉണ്ടായിരുന്നു, ഇനിയുമത് തുടരും. അദ്ദേഹത്തിന്റെ ഓര്മ്മകള്ക്ക് മുന്നില് പ്രണാമം! ഒപ്പം, ഈ പ്രസ്ഥാനം കൂടുതല് കരുത്തോടെ മുന്നോട്ട് പോകുമെന്ന് പ്രഖ്യാപിച്ച ഈ സഹോദരിക്ക് അഭിവാദ്യങ്ങള്!
Content Highlights- CPIM leader Bineesh Kodiyeri criticizes the phrase 'the last communist'