തിരുവനന്തപുരം : മുതിര്ന്ന സിപിഐഎം നേതാവും മുന് മുഖ്യമന്ത്രിയുമായിരുന്ന വി എസ് അച്യുതാനന്ദന്റെ വിയോഗത്തില് സംസ്ഥാനത്ത് മൂന്ന് ദിവസം ഔദ്യോഗിക ദുഃഖാചരണം നടത്തും. അദ്ദേഹത്തോടുള്ള ആദരസൂചകമായി നാളെ (22-07-25) സംസ്ഥാനത്ത് സര്ക്കാര് പൊതു അവധി പ്രഖ്യാപിച്ചു. സംസ്ഥാനത്തെ എല്ലാ സര്ക്കാര് ഓഫീസുള്ക്കും പ്രൊഫഷണല് കോളേജ് ഉള്പ്പെടെയുള്ള എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങള്ക്കും പൊതുമേഖലാ സ്ഥാപനങ്ങള്ക്കും സ്റ്റാറ്റിയൂട്ടറി സ്ഥാപനങ്ങള്ക്കും സ്വയംഭരണ സ്ഥാപനങ്ങള്ക്കും നെകോഷ്യബിൾ ഇന്സ്ട്രുമെന്റസ് ആക്ട് പ്രാരമുള്ള സ്ഥാപനങ്ങള്ക്കുമാണ് അവധി പ്രഖ്യാപിച്ചിരിക്കുന്നത്.
2025 ജൂലൈ 22 മുതല് സംസ്ഥാനമൊട്ടാകെ മൂന്ന് ദിവസത്തെ ഔദ്യോഗിക ദുഃഖാചരണമാണ് ആചരിക്കുന്നത്. സംസ്ഥാനമൊട്ടാകെ ദേശീയ പതാക താഴ്ത്തിക്കെട്ടും. നാളെ കെഎസഇബിയുടെ ക്യാഷ് കൗണ്ടറുകള് പ്രവര്ത്തിക്കില്ലെന്നും ഓണ്ലൈന് മാര്ഗങ്ങളിലൂടെ പണമടയ്ക്കാവുന്നതാണെന്നും കെഎസ്ഇബി അറിയിച്ചു. ജൂലൈ 23ന് നടത്താന് നിശ്ചയിച്ചിരുന്ന എല്ലാ പിഎസ്സി പരീക്ഷകളും ഇന്റര്വ്യൂവും മാറ്റിവെച്ചു. പുതുക്കിയ തീയതി പിന്നീട് അറിയിക്കുന്നതാണെന്നും അധികൃതര് അറിയിച്ചു.
ഇന്ന് ഉച്ചയ്ക്ക് 3.20 നാണ് വി എസ് അച്യുതാനന്ദന് വിടവാങ്ങിയത്. ഹൃദയാഘാതത്തെ തുടര്ന്ന് തിരുവനന്തപുരം എസ്യുടി ആശുപത്രിയിലെ തീവ്ര പരിചരണ വിഭാഗത്തില് പ്രവേശിപ്പിച്ച വിഎസിന് പിന്നീട് സാധാരണ നിലയിലേയ്ക്ക് തിരിച്ചുവരാന് സാധിച്ചിരുന്നില്ല. വെന്റിലേറ്ററിന്റെ സഹായത്തോടെ വിഎസിന്റെ ചികിത്സ തുടരുന്നതിനിടെയായിരുന്നു അന്ത്യം. മരിക്കുമ്പോള് 101 വയസ്സായിരുന്നു വി എസ് അച്യുതാനന്ദന്റെ പ്രായം.
കേരളത്തിന്റെ ഏറ്റവും ജനകീയനായ മുഖ്യമന്ത്രിയും പ്രതിപക്ഷ നേതാവുമായിരുന്നു വിഎസ് അച്യുതാനന്ദന്. സിപിഐഎമ്മിന്റെ പൊളിറ്റ്ബ്യൂറോ അംഗം, സംസ്ഥാന സെക്രട്ടറി തുടങ്ങിയ നിലകളിലെല്ലാം പ്രവത്തിച്ച വിഎസ് അക്ഷരാര്ത്ഥത്തില് സമരകേരളത്തിന്റെ രാഷ്ട്രീയ മുഖമായിരുന്നു. അവിഭക്ത കമ്മ്യൂണിസ്റ്റ് പാര്ട്ടിയുടെ നാഷണല് കൗണ്സിലില് നിന്നും ഇറങ്ങി വന്ന് സിപിഐഎം രൂപീകരിക്കുന്നതില് മുന്നിലുണ്ടായിരുന്ന അവസാന നേതാവ് കൂടിയാണ് ഓര്മ്മയാകുന്നത്. തിരുവിതാംകൂറിലും പിന്നീട് ഐക്യകേരളത്തിലും നടന്ന തൊഴിലാളി വര്ഗ രാഷ്ട്രീയ പോരാട്ടങ്ങളുടെ ഒരുയുഗം കൂടിയാണ് വിഎസിന്റെ വിയോഗത്തോടെ അവസാനിച്ചിരിക്കുന്നത്.
content highlights: Tomorrow is public holiday; Three days of mourning; PSC exams postponed