'അരമണിക്കൂര് സ്കൂളില് പഠിച്ചാല് മദ്രസയെ ബാധിക്കും എന്ന് പറയുന്നത് ശരിയല്ല'; എ പി അബ്ദുള്ളക്കുട്ടി
ന്യൂഡല്ഹി: സിപിഐഎമ്മിനും കോണ്ഗ്രസിനും മുസ്ലിം പ്രീണന രാഷ്ട്രീയമാണെന്ന് ബിജെപി ദേശീയ ഉപാദ്ധ്യക്ഷന് എ പി അബ്ദുള്ളക്കുട്ടി. കേരളത്തിലെ പുരോഗന മുസ്ലിങ്ങള്ക്ക് തലതാഴ്ത്തി നടക്കേണ്ട അവസ്ഥയാണെന്നും അദ്ദേഹം പറഞ്ഞു.
സ്കൂള് സമയ മാറ്റത്തിലും അബ്ദുള്ളക്കുട്ടി പ്രതികരിച്ചു. മദ്രസക്ക് വേണ്ടി വാദിക്കുന്ന പല നേതാക്കളുടെ മക്കളാരും മദ്രസയില് പോകാറില്ല. മുസ്ലിം ലീഗ് നേതാക്കളുടെ മക്കള് മദ്രസയില് പോകാറില്ല. ഉസ്താദിനെ വീട്ടില് കൊണ്ടുവന്ന് കുട്ടികളെ പഠിപ്പിക്കുകയാണ്. സമസ്ത അനാവശ്യമായ വിവാദങ്ങള് സൃഷ്ടിക്കുന്നു. അരമണിക്കൂര് സ്കൂളില് പഠിച്ചാല് മദ്രസയെ ബാധിക്കും എന്ന് പറയുന്നത് ശരിയല്ലെന്നും അബ്ദുള്ളക്കുട്ടി പറഞ്ഞു.
അതേ സമയം എസ്എന്ഡിപി യോഗം ജനറല് സെക്രട്ടറി വെള്ളാപ്പള്ളി നടേശന് പറഞ്ഞത് കേരളത്തിലെ യാഥാര്ത്ഥ്യമെന്ന് ബിജെപി നേതാവും മുന് കേന്ദ്രമന്ത്രിയുമായ വി മുരളീധരന് പറഞ്ഞു. അതില് എതിര്പ്പുണ്ടാവേണ്ട കാര്യമില്ലെന്നും കാന്തപുരത്തിനും ലീഗിനും അനുകൂലമായ കാര്യങ്ങളാണ് സര്ക്കാര് ചെയുന്നതെന്നും അദ്ദേഹം പറഞ്ഞു. സ്കൂള് സമയം മതസംഘടനകള് പറയുന്ന തരത്തിലേക്ക് എത്തിയിരിക്കുന്നു. വെള്ളാപ്പള്ളിയുടെ പ്രതികരണത്തില് പ്രതിപക്ഷ നേതാവിന് എന്തിനാണ് പൊള്ളുന്നതെന്ന് ചോദിച്ച മുരളീധരന് ലീഗ് പറയുന്നതിന് അപ്പുറം ചലിക്കാന് സതീശന് കഴിയില്ലെന്നും ആരോപിച്ചു.
കേരളം വൈകാതെ മുസ്ലിം ഭൂരിപക്ഷ നാടായി മാറുമെന്നായിരുന്നു വെള്ളാപ്പള്ളിയുടെ പരാമര്ശം. മുസ്ലിം ഭൂരിപക്ഷമായി ഇവിടെ മാറും എന്ന് മുന് മുഖ്യമന്ത്രി വി എസ് അച്യുതാനന്ദനും നേരത്തെ പറഞ്ഞിരുന്നുവെന്നും അതിന് 40 വര്ഷം വേണ്ടി വരില്ലെന്നും കേരളത്തില് മതാധിപത്യമാണെന്നും വെള്ളാപ്പള്ളി നടേശന് പറഞ്ഞിരുന്നു. പരാമര്ശം വിമര്ശനങ്ങള്ക്ക് വഴിവെച്ചെങ്കിലും സമാന പരാമര്ശം ഇന്നലെയും വെള്ളാപ്പള്ളി പരാമര്ശം ആവര്ത്തിച്ചു. മുസ്ലിം ലീഗിന്റെ മതമേലധ്യക്ഷന്മാര് കേരളത്തെ നിയന്ത്രിക്കുകയും ഭരിക്കുകയും ചെയ്യുന്നുവെന്നാണ് വെള്ളാപ്പള്ളി നടേശന് പറഞ്ഞത്.
മുസ്ലിം വിരുദ്ധ പരാമര്ശം തുടരുകയും ചെയ്തു ഇന്നലെയും വെള്ളാപ്പള്ളി നടേശന് തുടര്ന്നു. മുസ്ലിം ലീഗിന്റെ മതമേലധ്യക്ഷന്മാര് കേരളത്തെ നിയന്ത്രിക്കുകയും ഭരിക്കുകയും ചെയ്യുന്നുവെന്ന് വെള്ളാപ്പള്ളി നടേശന് പറഞ്ഞു. മുസ്ലിം ലീഗ് ചത്ത കുതിരയാണെന്നാണ് നെഹ്റു പറഞ്ഞത്. ഉറങ്ങുന്ന സിംഹമാണെന്ന് സി എച്ച് മുഹമ്മദ് കോയയും പറഞ്ഞു. കാലങ്ങള് കഴിഞ്ഞപ്പോള് കേരളം അവര് ഭരിക്കുന്ന അവസ്ഥയിലെത്തിയെന്നും വെള്ളാപ്പള്ളി നടേശന് പറഞ്ഞു. ആലുവ അദ്വൈതാശ്രമത്തില് ആലുവ യൂണിയന് സംഘടിപ്പിച്ച ശാഖ നേതൃത്വ സംഗമത്തില് അദ്ധ്യക്ഷ പ്രസംഗം നടത്തുമ്പോഴാണ് വെള്ളാപ്പള്ളി വീണ്ടും മുസ്ലിം വിരുദ്ധ പരാമര്ശം നടത്തിയത്.
Content Highlights: AP Abdullakutty responds to school timing change