വിവാദത്തിനിടെ വെള്ളാപ്പള്ളിക്ക് നേതാക്കളുടെ പ്രശംസ; പുകഴ്ത്തി വാസവനും ഹൈബിയും കെ ബാബു എംഎല്‍എയും

എസ്എന്‍ഡിപി കൊച്ചി യൂണിയന്‍ വെള്ളാപ്പള്ളി നടേശന് ഒരുക്കിയ ആദരവ് പരിപാടിയിലാണ് നേതാക്കളുടെ പുകഴ്ത്തല്‍

കൊച്ചി: കേരളം വൈകാതെ മുസ്ലീം ഭൂരിപക്ഷ നാടായി മാറുമെന്ന വിവാദ പ്രസ്താവനയ്ക്കിടെ രാഷ്ട്രീയ ഭേദമന്യേ വെള്ളാപ്പള്ളി നടേശനെ പ്രശംസിച്ച് നേതാക്കള്‍. എസ്എന്‍ഡിപി കൊച്ചി യൂണിയന്‍ വെള്ളാപ്പള്ളി നടേശന് ഒരുക്കിയ ആദരവ് പരിപാടിയിലാണ് നേതാക്കളുടെ പുകഴ്ത്തല്‍.

സാമൂഹിക രാഷ്ട്രീയ വിഷയങ്ങളില്‍ നിര്‍ഭയം നിലപാട് പറയുന്ന നേതാവാണ് വെള്ളാപ്പള്ളിയെന്ന് മന്ത്രി വി എന്‍ വാസവന്റെ പ്രശംസിച്ചു. നിര്‍ഭയം നിലപാട് പറയുന്ന നേതാവാണെന്നും വെള്ളാപ്പള്ളിയുടേത് ഉത്തരവാദിത്ത ബോധത്തിലൂന്നിയ പ്രവര്‍ത്തനമാണെന്നുമാണ് മന്ത്രി വി എന്‍ വാസവന്‍ പറഞ്ഞത്.

പറയാനുള്ളത് ആരുടെയും മുഖത്തുനോക്കി പറയുന്ന നേതാവാണ് വി എന്‍ വാസവന്‍ എന്ന് ഹൈബി ഈഡന്‍ എംപിയും പുകഴ്ത്തി. കഴിഞ്ഞ മൂന്നുപതിറ്റാണ്ടായി ഏറ്റവും വേട്ടയാടപ്പെട്ട നേതാവാണ് വെള്ളാപ്പള്ളിയെന്ന് കോണ്‍ഗ്രസ് നേതാവ് കെ ബാബു എംഎല്‍എ പറഞ്ഞു. എസ്എന്‍ഡിപിക്ക് നിലയും വിലയും ഉണ്ടാക്കിക്കൊടുത്ത നേതാവാണ് വെള്ളാപ്പള്ളി നടേശന്‍ എന്നും കെ ബാബു എംഎല്‍എ പറഞ്ഞു.

കൊച്ചി മേയറും സിപിഐഎം നേതാവുമായ എം അനില്‍ കുമാര്‍, കോണ്‍ഗ്രസ് നേതാവ് ഡൊമിനിക് പ്രസന്റേഷന്‍ തുടങ്ങിയവരും പ്രശംസയുമായി എത്തി. കേരളം വൈകാതെ മുസ്ലിം ഭൂരിപക്ഷ നാടായി മാറുമെന്നായിരുന്നു വെള്ളാപ്പള്ളി നടേശന്‍ കഴിഞ്ഞ ദിവസം പറഞ്ഞത്. മുസ്ലിം ഭൂരിപക്ഷമായി ഇവിടെ മാറും എന്ന് മുന്‍ മുഖ്യമന്ത്രി വി എസ് അച്യുതാനന്ദനും നേരത്തെ പറഞ്ഞിരുന്നു. അതിന് 40 വര്‍ഷം വേണ്ടി വരില്ല. കേരളത്തില്‍ ജനാധിപത്യമല്ല. മതാധിപത്യമാണെന്നും വെള്ളാപ്പള്ളി നടേശന്‍ പറഞ്ഞിരുന്നു.

Content Highlights: V N Vasavan K Babu MLA Praise vellappally natesan

To advertise here,contact us