ആലപ്പുഴ: കാര്ത്തികപ്പള്ളിയില് സ്കൂള് കെട്ടിടത്തിൻ്റെ മേൽക്കൂര തകര്ന്നുവീണ സംഭവത്തിൽ വീഴ്ച മറച്ചുവെക്കാൻ ശ്രമം നടന്നതായി കണ്ടെത്തൽ. കെട്ടിടം തകർന്നുവീണതിന് പിന്നാലെ അവശിഷ്ടങ്ങൾ മാറ്റാൻ ശ്രമിച്ച ദൃശ്യം റിപ്പോർട്ടറിന് ലഭിച്ചു.
ഇന്ന് രാവിലെയാണ് ആലപ്പുഴ കാര്ത്തികപ്പള്ളിയിലെ സ്കൂള് കെട്ടിടത്തിൻ്റെ മേൽക്കൂര തകര്ന്നുവീണത്. ശക്തമായ മഴയിൽ മേൽക്കൂര തകർന്നുവീഴുകയായിരുന്നു. അവധി ദിവസമായതിനാലാണ് വന് അപകടം ഒഴിവായത്. കെട്ടിടത്തിന് ഒരു വർഷമായി ഫിറ്റ്നസില്ലെന്നാണ് ലഭിക്കുന്ന വിവരം.
അതേസമയം ഉപയോഗിക്കാത്ത പഴയ കെട്ടിടത്തിൻ്റെ മേൽക്കൂരയാണ് തകർന്ന് വീണതെന്ന് പ്രധാനാധ്യാപകൻ ബിജു പറഞ്ഞു. 'ക്ലാസ്മുറിയല്ല, പഴക്കമുള്ള കെട്ടിടമാണ് തകർന്ന് വീണത്. ഏകദേശം 60 വര്ഷത്തെ പഴക്കമുള്ള കെട്ടിടമാണ്. കെട്ടിടത്തിലേക്ക് കുട്ടികള് പോകരുതെന്ന് കര്ശന നിര്ദേശം നല്കിയിട്ടുണ്ട്. പൊളിച്ചുമാറ്റാന് പഞ്ചായത്ത് നടപടിക്രമങ്ങൾ പുരോഗമിക്കുകയാണ്. നിലവില് 14 മുറിയുടെ കെട്ടിടം കിഫ്ബിയില് അനുവദിച്ചിട്ടുണ്ട്. അതിന്റെ പ്രവര്ത്തികള് പുരോഗമിക്കുന്നു. അടുത്തയാഴ്ച പുതിയ കെട്ടിടത്തിലേക്ക് കുട്ടികളെ മാറ്റാന് സാധിക്കുമെന്നാണ് അധികൃതറില് നിന്നും ലഭിക്കുന്ന വിവരം', ബിജു പറഞ്ഞു.
Content Highlight : School building roof collapse incident: Reporter sees footage of him trying to remove building debris