കെ രാജൻ ഇരയോടൊപ്പം നിൽക്കുകയും വേട്ടക്കാരനൊപ്പം ഓടുകയും ചെയ്യുന്നയാൾ: നവീൻബാബുവിൻ്റ മരണത്തിൽ രമേശ് ചെന്നിത്തല

എഡിഎം നവീന്‍ ബാബുവിൻ്റെ മരണത്തില്‍ ആദ്യം മുതല്‍ പി പി ദിവ്യയെ സഹായിക്കാനുള്ള ഇടപെടലുകളാണ് നടന്നെന്ന് രമേശ് ചെന്നിത്തല പറഞ്ഞു

തിരുവനന്തപുരം: റവന്യൂ വകുപ്പ് മന്ത്രി കെ രാജന്‍ ഇരയോടൊപ്പം നില്‍ക്കുകയും വേട്ടക്കാരനൊപ്പം ഓടുകയും ചെയ്യുന്നയാളെന്ന് മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവ് രമേശ് ചെന്നിത്തല. എഡിഎം നവീന്‍ ബാബുവിന്റെ മരണത്തില്‍ ആദ്യം മുതല്‍ പി പി ദിവ്യയെ സഹായിക്കാനുള്ള ഇടപെടലുകള്‍ നടന്നെന്ന് രമേശ് ചെന്നിത്തല പറഞ്ഞു.

'ഭരണത്തിന്റെ സമര്‍ദ്ദത്തിലാണ് ജില്ലാ കളക്ടര്‍ അരുണ്‍ കെ വിജയന്‍ ദിവ്യക്ക് അനുകൂലമായി മൊഴി നല്‍കിയത്. പ്രതിയെ രക്ഷിക്കാന്‍ ആസൂത്രിത നീക്കം നടന്നു. ജില്ലാ കളക്ടര്‍ ഇക്കാര്യങ്ങള്‍ നേരത്തെ പറഞ്ഞിരുന്നോ എന്ന് കെ രാജന്‍ വിശദീകരിക്കണം. അത് ജനങ്ങളോട് പറയേണ്ട ബാധ്യത മന്ത്രിക്കില്ലേ? സ്വര്‍ണ പാത്രം കൊണ്ട് മറച്ച് വെച്ചാലും സത്യം ഒരു ദിവസം പുറത്ത് വരും', അദ്ദേഹം പറഞ്ഞു.

വൈദ്യുതി വകുപ്പിലെ അനെര്‍ട്ടില്‍ നടക്കുന്നത് ഗുരുതരമായ അഴിമതിയാണെന്നും രമേശ് ചെന്നിത്തല കൂട്ടിച്ചേര്‍ത്തു. അഴിമതി ആരോപണം ഉന്നയിച്ചത് രേഖകളുടെ പിന്‍ബലത്തിലാണെന്നും വൈദ്യുതി മന്ത്രി അതിന് മറുപടി നല്‍കിയിട്ടില്ലെന്നും രമേശ് ചെന്നിത്തല പറഞ്ഞു. മുഖ്യമന്ത്രിക്ക് മറുപടി നല്‍കുമെന്നാണ് മന്ത്രി പറയുന്നതെന്നും അദ്ദേഹം പറഞ്ഞു.

'മന്ത്രിയും മുഖ്യമന്ത്രിയും തമ്മിലുള്ള സ്വകാര്യ ഇടപാടല്ല. ആരോപണ വിധേയനായ സിഇഒ തന്നെ അന്വേഷിക്കുമെന്നത് ആശ്ചര്യം തോന്നുന്നു. വൈദ്യുതി വകുപ്പില്‍ ഡയറക്ടര്‍മാരില്ല. കുത്തഴിഞ്ഞ വകുപ്പായി വൈദ്യുതി വകുപ്പ് മാറി', രമേശ് ചെന്നിത്തല കൂട്ടിച്ചേര്‍ത്തു. സ്‌കൂളുകളില്‍ സുരക്ഷാ ഓഡിറ്റ് നടത്തണമെന്നും സ്‌കൂളുകളിലെ ആശങ്കകള്‍ പരിഹരിക്കാന്‍ സര്‍ക്കാര്‍ നടപടി സ്വീകരിക്കണമെന്നും അദ്ദേഹം പറഞ്ഞു.

വയനാട് പുനരധിവാസത്തിനായി സര്‍ക്കാര്‍ പിരിച്ച പണം എവിടെയെന്നും രമേശ് ചെന്നിത്തല ചോദിച്ചു. ദുരന്തബാധിതര്‍ക്ക് സര്‍ക്കാര്‍ ഒരു സഹായവും ചെയ്യുന്നില്ലെന്നും രമേശ് ചെന്നിത്തല പറഞ്ഞു. അത് മറച്ചു പിടിക്കാനാണ് കോണ്‍ഗ്രസിനെ പഴിചാരുന്നതെന്നും പണം പിരിച്ചിട്ടുണ്ടെങ്കില്‍ അത് ചിലവഴിക്കുമെന്നും ചെന്നിത്തല കൂട്ടിച്ചേര്‍ത്തു. ആരോഗ്യരംഗത്തെ പ്രശ്‌നങ്ങള്‍ മറച്ചു വെക്കാനാണ് എസ്എഫ്‌ഐയെ കൊണ്ട് സമരം ചെയ്യിച്ചതെന്നും ഗവര്‍ണര്‍ക്കെതിരെ സമരം ചെയ്യണമെങ്കില്‍ രാജ്ഭവനില്‍ ആണ് ചെയ്യേണ്ടതെന്നും രമേശ് ചെന്നിത്തല കൂട്ടിച്ചേര്‍ത്തു.

Content Highlights: Ramesh Chennithala against K Rajan in Naveen Babu death

To advertise here,contact us