'KSEBക്ക് ഗുരുതര അനാസ്ഥ;അപകടമായ മരങ്ങൾ മുറിച്ചുമാറ്റാൻ ആവശ്യപ്പെട്ടിരുന്നു';നെടുമങ്ങാട് അപകടത്തിൽ വാർഡ് മെമ്പർ

ഏത് നിമിഷവും അപകടം സംഭവിക്കാമെന്നും വാര്‍ഡ് മെമ്പര്‍ സുനില്‍

തിരുവനന്തപുരം: നെടുമങ്ങാട് യുവാവ് ഷോക്കേറ്റ് മരിച്ച സംഭവത്തില്‍ കെഎസ്ഇബിക്ക് ഗുരുതര അനാസ്ഥയെന്ന് വാര്‍ഡ് മെമ്പര്‍ സുനില്‍. ഒരുപാട് മരങ്ങള്‍ ചാരി നില്‍ക്കുന്ന സ്ഥലമാണെന്നും അപകടാവസ്ഥയിലുള്ള മരങ്ങള്‍ മുറിച്ചുമാറ്റാന്‍ ആവശ്യപ്പെട്ടിരുന്നുവെന്നും സുനില്‍ പറഞ്ഞു. മുറിച്ചുമാറ്റാന്‍ പലതവണ ആവശ്യപ്പെട്ടിട്ടും തയ്യാറാകാത്തത് അനാസ്ഥയാണെന്ന് സുനില്‍ റിപ്പോര്‍ട്ടറിനോട് പറഞ്ഞു.

'ഏത് നിമിഷവും അപകടം സംഭവിക്കാം. പഞ്ചായത്തില്‍ നിന്ന് രേഖാമൂലം അറിയിപ്പ് നല്‍കിയ ശേഷവും ഒന്നും ചെയ്തില്ല. മരണങ്ങള്‍ മുന്നില്‍ കണ്ടെങ്കിലും നടപടിയുണ്ടാകുമെന്ന് വിശ്വസിക്കുന്നു. അടിയന്തര നടപടി ആവശ്യമാണ്. 11നും 12നുമിടയിലാണ് അപകടമുണ്ടായത്. കാറ്ററിംഗ് ജോലി കഴിഞ്ഞ് മടങ്ങവേയാണ് അപകടം. കൂടെയുള്ള രണ്ട് പേര്‍ രക്ഷപ്പെട്ടു. വൈദ്യുത ലൈന്‍ പൊട്ടിവീണത് ശ്രദ്ധയില്‍പ്പെട്ടില്ല. സംഭവം നടന്നതിന് ശേഷമാണ് ലൈന്‍ പൊട്ടി വീണത് അറിഞ്ഞത്', അദ്ദേഹം പറഞ്ഞു.

പനയമുട്ടം സ്വദേശി പത്തൊമ്പതുകാരനായ അക്ഷയ്ക്കാണ് കെഎസ്ഇബിയുടെ അനാസ്ഥ കാരണം ജീവന്‍ നഷ്ടമായത്. റോഡില്‍ വീണ് കിടന്ന വൈദ്യുത ലൈനില്‍ നിന്ന് ഷോക്കേല്‍ക്കുകയായിരുന്നു. മരം ഒടിഞ്ഞ് പോസ്റ്റില്‍ വീണതിനെ തുടര്‍ന്ന് വൈദ്യുത ലൈന്‍ റോഡില്‍ പൊട്ടി വീണ് കിടന്നതാണ് അപകട കാരണം.

Content Highlights: KSEB is seriously indifference in Nedumangad death Ward member says

To advertise here,contact us