കോഴിക്കോട്: കുറ്റ്യാടി-കോഴിക്കോട് സംസ്ഥാനപാതയിലെ ബസുകളുടെ മത്സരയോട്ടത്തിനെതിരെ പേരാമ്പ്രയില് സ്വകാര്യ ബസിടിച്ച് മരിച്ച വിദ്യാര്ത്ഥി അബ്ദുള് ജവാദിന്റെ അധ്യാപികയുടെ ഫേസ്ബുക്ക് കുറിപ്പ്. കോഴിക്കോട്-കുറ്റ്യാടി റൂട്ടിലെ കുപ്രസിദ്ധരായ 'രണ്ടറ്റം കൂട്ടിമുട്ടിക്കല്' ടീമിന്റെ മത്സരയോട്ടത്തിലാണ് ജവാദ് തല്ക്ഷണം മരണപ്പെട്ടതെന്ന് അധ്യാപിക അമാല് ഹുദ പറയുന്നു. പൊതുവെ പതുക്കെ ശ്രദ്ധിച്ച് സ്കൂട്ടറോടിക്കുന്ന ജവാദ്, അമിതവേഗതയില് ഒരുമിച്ചുവന്ന ബസുകളിലൊന്ന് തട്ടി ബസിനടിയിലേക്ക് തെറിച്ചുവീഴുകയും നെഞ്ചിലൂടെയും തലയിലൂടെയും ചക്രം കയറിയിറങ്ങി അവിടെവെച്ചുതന്നെ മരണപ്പെടുകയാണ് ഉണ്ടായതെന്നും ഹെവി സ്പോര്ട്ട്സ് ഹെല്മെറ്റ് വെച്ചിരുന്നതുകൊണ്ട് ബസിന്റെ പിന്ചക്രം കയറിയിറങ്ങിയ മുഖം ചതഞ്ഞരഞ്ഞ് വികൃതമായിട്ടില്ലെന്നും അമാല് ഹുദ പറഞ്ഞു.
എത്ര മനുഷ്യര് ജീവന് ത്യജിച്ചാലാണ് അധികൃതര്ക്ക് നേരം വെളുക്കുകയെന്നും അവരൊന്ന് കണ്ണു തുറന്ന് ഇതിനൊരു അറുതി വരികയെന്നും അധ്യാപിക ചോദിക്കുന്നു. 'കോഴിക്കോട്-കുറ്റ്യാടി റൂട്ട് മരണക്കളമായി മാറിയിട്ടുണ്ട്. സാധാരണക്കാരായ വിദ്യാര്ത്ഥികളും വൃദ്ധരും സ്ത്രീകളുമടക്കം കുറേ 'കൊലപാതക' മരണങ്ങള് കേട്ടു. ഓരോ ബസ് വരുമ്പോഴും ഈ ബസ് ഇത്രപേര്ക്ക് അപകടമുണ്ടാക്കിയിട്ടുണ്ടെന്ന് എന്റെ മനസിലേക്ക് തെളിഞ്ഞുവരാറുണ്ട്. മനുഷ്യരുടെ ജീവന് യാതൊരു വിലയും കല്പ്പിക്കാത്ത വേറൊരു കൂട്ടം മനുഷ്യമൃഗങ്ങള് എന്നല്ലാതെ എന്ത് പറയാന്. അബ്ദുള് ജവാദിന് ആദരാഞ്ജലികള്. നിന്റെ ജീവിതവും സ്വപ്നങ്ങളും തകര്ത്ത കൊലയാളികള്ക്കെതിരെ കടുത്ത നടപടിയുണ്ടാകട്ടെ'- അമാല് ഹുദ ഫേസ്ബുക്കില് കുറിച്ചു.
ഇന്നലെയാണ് സ്വകാര്യ ബസിടിച്ച് വിദ്യാർത്ഥിയായ ജവാദ് മരിച്ചത്. കോഴിക്കോട് ഭാഗത്തേക്ക് പോവുകയായിരുന്ന ബസ് മറ്റൊരു ബസിനെ മറികടക്കുന്നതിടെ ഇരുചക്ര വാഹനത്തിൽ വരികയായിരുന്ന ജവാദിനെ ഇടിച്ചുതെറിപ്പിക്കുകയായിരുന്നു. ബസിന്റെ ടയർ കയറിയിറങ്ങിയാണ് ജവാദ് കൊല്ലപ്പെട്ടത്. അപകടം നടന്നയുടനെ തന്നെ ഡ്രൈവറും കണ്ടക്ടറും ഇറങ്ങിയോടി. ബസിനുമുന്നിൽ നാട്ടുകാർ പ്രതിഷേധിച്ചു. പ്രദേശത്ത് വ്യാപക പ്രതിഷേധമാണ് ഉയരുന്നത്.
ജവാദിന്റെ അധ്യാപികയുടെ കുറിപ്പ്
പ്രൈവറ്റ് ബസുകളോടുളള അകൽച്ച എനിക്ക് സ്കൂൾ കോളേജ് പഠനകാലത്ത് തുടങ്ങിയതാണ്. കൺസഷനിൽ യാത്ര ചെയ്തിരുന്ന കാലത്ത്, അവരുടെ ഉപദ്രവങ്ങൾ സഹിക്കവയ്യാതെ ശപഥം ചെയ്തതാണ്, വലുതായി ഒരു ജോലിയൊക്കെ കിട്ടിക്കഴിഞ്ഞാൽ ഇവരുടെ ബസിൽ എന്തെങ്കിലും നിവൃത്തിയുണ്ടെങ്കിൽ ഞാൻ കയറില്ല എന്ന്. പഠിക്കുന്ന കാലത്തും, ഫുൾ ടിക്കറ്റ് കൊടുക്കാനുളള പൈസയൊക്കെ എൻറെയും കൂട്ടുകാരിയുടെയും കയ്യിലൊക്കെ ഉണ്ടാവാറുണ്ടായിരുന്നു. പക്ഷേ, കൂടെ ബാക്കിയുളള പലർക്കും അതിനൊന്നുമുളള വകുപ്പുണ്ടായിരുന്നില്ല. മാത്രമല്ല, അതല്ലല്ലോ ന്യായം.
എന്തായാലും, കൺസഷൻ കാലം കഴിഞ്ഞുളള യാത്ര പരമാവധി KSRTC ആക്കി. ജോലി കിട്ടിയതും സ്കൂട്ടർ വാങ്ങിയതും ഒരുമിച്ചായതിനാൽ ജോലി സ്ഥലത്തേക്കുളള പാച്ചിൽ സ്കൂട്ടറിലായിരുന്നു. കഴിഞ്ഞ പത്തുവർഷമായി ജോലിസ്ഥലത്തേക്ക് നടക്കാനുളള ദൂരത്തിൽ താമസിച്ചിരുന്നതുകൊണ്ട് ബസ് യാത്ര പതിവുണ്ടായിരുന്നില്ല. ദൂരയാത്ര KSRTC തന്നെ. അതിനൊരു മാറ്റം വന്നത്,കഴിഞ്ഞ വർഷം ജോലി ട്രാൻസ്ഫറായതോടെയാണ്. പ്രൈവറ്റ്, KSRTC ബസുകൾ മാറിമാറിക്കേറി ദിവസത്തിൽ ഏകദേശം ഏഴെട്ടുമണിക്കൂർ യാത്ര തന്നെ ആയിരുന്നു. അന്നും പ്രൈവറ്റും KSRTCയും തമ്മിൽ യാത്ര നല്ല വ്യത്യാസമുണ്ടായിരുന്നു. എനിക്കതൊരു ദുരിതകാലമായിരുന്നു ഓരോ തവണയും പഴയ സ്കൂൾ കാലം ഓർമ്മ വരും.
അങ്ങനെ, ജോലിസ്ഥലത്തേക്കുളള ദീർഘയാത്രക്കും ഈയടുത്ത് മാറ്റം വന്നു. ഒരു ബസ്കേറി അതിലൊരുമണിക്കൂർ യാത്ര ചെയ്താൽ എത്തുന്ന സ്ഥലത്തായി ഓഫീസ്.ഈ റൂട്ടിൽ പക്ഷേ, മരണപ്പാച്ചിൽ കാരണം, വീട്ടിൽ തിരിച്ചെത്തുമെന്ന ഒരുതോന്നലുമില്ലാതെയാണ് ഓരോ ദിവസവും യാത്ര ചെയ്യുന്നത്. ഇന്നലെ ജോലി കഴിഞ്ഞു തിരിച്ച് വീട്ടിലേക്ക് പോവാൻ ബസ് കാത്തുനിൽക്കുന്ന എൻറെ മുന്നിലൂടെ സ്കൂട്ടറിൽ, കൂട്ടുകാരനെ ബസ്കയറ്റിവിടാനും, വരച്ചുകൊണ്ടിരിക്കുന്നതിനിടയിൽ തീർന്ന പെയിൻറ് വാങ്ങിക്കാനും, കൂട്ടുകാർക്ക് ഫുഡ് വാങ്ങിക്കാനും കൂടെ പോയ എൻറെ കോളേജിലെ സോഷ്യൽവർക്ക് ഡിപാർട്മെൻറിലെ വിദ്യാർത്ഥി അബ്ദുൽ ജവാദ് ഇന്നലെ കോഴിക്കോട് കുറ്റ്യാടി റൂട്ടിലെ കുപ്രസിദ്ധരായ രണ്ടറ്റം കൂട്ടിമുട്ടിക്കൽ ടീമിൻറെ മത്സരയോട്ടത്തിൽ പേരാമ്പ്ര വെച്ച് അപകടമുണ്ടായി മരണപ്പെട്ടു. ഒരു ശ്വാസം പോലും അധികമെടുക്കാതെ, ഒരു മിടിപ്പ്പോലും അധികം മിടിക്കാതെ വാങ്ങിയ ഫുഡ് പോയിട്ട്, ഒരു തുളളിവെളളം പോലും കുടിക്കാതെ തത്ക്ഷണം മരണപ്പെട്ടു.
ഞാൻ ബസ് കേറുന്നതിനുമുമ്പ് തന്നെ വാർത്ത അറിഞ്ഞു, വീട്ടിലേക്ക് പോവുന്നതിനുപകരം ആശുപത്രിയിലേക്ക് പോയി. നല്ല ഹെവി സ്പോർട്സ് ഹെൽമെറ്റ് വെച്ചിരുന്നതുകൊണ്ട്, ബസിൻറെ പിൻചക്രം കയറിയിറങ്ങിയ മുഖം ചതഞ്ഞരഞ്ഞ് വികൃതമായിട്ടില്ല. പൊതുവെ, കൂട്ടുകാരൊക്കെ പറഞ്ഞറിഞ്ഞതിൽ നിന്ന് പതുക്കെ ശ്രദ്ധിച്ച് സ്കൂട്ടറോടിക്കുന്ന അവൻ, അമിതവേഗതയിൽ ഒരുമിച്ചുവന്ന ബസുകളിലൊന്ന് തട്ടി ബസിനടിയിലേക്ക് തെറിച്ചുവീഴുകയും നെഞ്ചിലൂടെയും തലയിലൂടെയും ചക്രം കയറിയിറങ്ങി അവിടെവെച്ച്തന്നെ മരണപ്പെടുകയുമാണുണ്ടായത്. ഇടക്കിടെ അധ്യാപകരെ വിളിച്ച്, അവനെ കൂട്ടുകാരുടെയും മറ്റും ബൈക്കെടുത്ത് പുറത്തുപോവാൻ സമ്മതിക്കരുതേ എന്നു പറഞ്ഞു ആശങ്കപ്പെടുന്ന ഉമ്മയായിരുന്നു അവനുണ്ടായിരുന്നത്. അവർ ഭയന്നതാണ് ഇന്നലെ സംഭവിച്ചത്.
അപകടവിവരമറിഞ്ഞ അവർ മാറി മാറി വിളിച്ചുകൊണ്ടിരിക്കുന്നുണ്ട്. വാപ്പ, ആശുപത്രിയിൽ മരവിച്ചിരിക്കുന്നുണ്ട്. ഇന്ന് മെഡിക്കൽ കോളേജിൽ നിന്ന് പോസ്റ്റ്മോർട്ടം കഴിഞ്ഞ് വീട്ടിലേക്ക് കൊണ്ടുചെല്ലുമ്പോൾ അവരൊക്കെ എങ്ങനെ സഹിക്കുമോ ആവോ?
എത്ര മനുഷ്യർ ജീവൻ ത്യജിച്ചാലാണ് അധികൃതർക്ക് നേരം വെളുക്കുക? അവരൊന്ന് കണ്ണു തുറക്കുക? ഇതിനൊരറുതി വരുക? കോഴിക്കോട് കുറ്റ്യാടി റൂട്ട് മരണക്കളമായി മാറിയിട്ടുണ്ട്. ഞാൻ ട്രാൻസ്ഫറായി വന്നതിനുശേഷം തന്നെ വിദ്യാർത്ഥികളും സാധാരണക്കാരായ വൃദ്ധരും സ്ത്രീകളുമടക്കം കുറേ 'കൊലപാതക' മരണങ്ങൾ കേട്ടു. ഓരോ ബസുവരുമ്പോഴും ഈ ബസ് ഇത്രപേർക്ക് അപകടമുണ്ടാക്കിയിട്ടുണ്ട് എന്ന് എൻറെ മനസ്സിലേക്ക് തെളിഞ്ഞുവരാറുണ്ട്.
മനുഷ്യരുടെ ജീവന് യാതൊരു വിലയും കൽപ്പിക്കാത്ത വേറൊരുകൂട്ടം മനുഷ്യമൃഗങ്ങൾ എന്നല്ലാതെ എന്തുപറയാൻ!
അബ്ദുൽ ജവാദിന് ആദരാഞ്ജലികൾ. നിൻറെ ജീവിതവും സ്വപ്നങ്ങളും തകർത്ത കൊലയാളികൾക്കെതിരെ കടുത്ത നടപടിയുണ്ടാകട്ടെ.
Content Highlights: Kozhikkode-Kuttiady bus route accidents continues: criticism and protests