തിരുവനന്തപുരം: ഷാര്ജയില് ജീവനൊടുക്കിയ നിലയില് കണ്ടെത്തിയ കൊല്ലം സ്വദേശി അതുല്യ അവസാനമായി സഹോദരിക്ക് അയച്ച ശബ്ദ സംഭാഷണം റിപ്പോര്ട്ടറിന്. ഭര്ത്താവ് സതീഷ് ക്രൂരമായി മര്ദ്ദിച്ചെന്നും ആത്മഹത്യ ചെയ്യാനുള്ള ധൈര്യം തനിക്കില്ലെന്നുമാണ് ശബ്ദ സന്ദേശത്തില് പറയുന്നത്.
'ഇന്നലെ നീ വിളിച്ചതിനുശേഷം ഞാന് അമ്മയെ വിളിച്ചു. ഞാന് താഴെ കിടക്കുകയായിരുന്നു. പുതപ്പു മൂടിയാണ് അമ്മയോട് സംസാരിച്ചത്. ചവിട്ടിക്കൂട്ടി എന്നെ. എനിക്ക് വയ്യഡീ. അനങ്ങാന് വയ്യ. വയറെല്ലാം ചവിട്ടി. സഹിക്കാന് പറ്റുന്നില്ല', എന്നാണ് ശബ്ദ സന്ദേശത്തില് അതുല്യ പറയുന്നത്.
ശനിയാഴ്ച രാവിലെയായിരുന്നു തേവലക്കര തെക്കുഭാഗം സ്വദേശി അതുല്യശേഖറിനെ (30) ഫ്ളാറ്റില് മരിച്ച നിലയില് കണ്ടെത്തിയത്. ഷാര്ജ റോളപാര്ക്കിന് സമീപത്തെ ഫ്ളാറ്റില് തൂങ്ങി മരിച്ച നിലയിലാണ് മൃതദേഹം കണ്ടത്. അതുല്യ ഇന്നലെ പുതിയ ജോലിയില് പ്രവേശിക്കാനിരിക്കുകയായിരുന്നു. ദുബായില് കോണ്ട്രാക്ടിങ് സ്ഥാപനത്തില് എന്ജിനീയറായി ജോലി ചെയ്യുകയാണ് ഭര്ത്താവ് സതീഷ്.
മരണത്തില് ഷാര്ജ പൊലീസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്. സംഭവത്തില് ഭര്ത്താവ് സതീഷിനെതിരെ വിവിധ വകുപ്പുകള് ചുമത്തി ചവറ തെക്കുഭാഗം പൊലീസ് കേസെടുത്തു. കൊലപാതകക്കുറ്റം, സ്ത്രീധന നിരോധന നിയമം, ആത്മഹത്യാപ്രേരണക്കുറ്റം തുടങ്ങി വിവിധ വകുപ്പുകള് പ്രകാരമാണ് കേസെടുത്തത്. അമ്മയുടെയും അച്ഛന്റെയും മൊഴിയുടെ അടിസ്ഥാനത്തിലാണ് കേസെടുത്തത്.
Content Highlights: Kollam Sharjah athulya last Message