കൊച്ചി: യെമനില് തടവില് കഴിയുന്ന നിമിഷ പ്രിയയുടെ വധശിക്ഷ നീട്ടുന്നതില് ഇടപെട്ട സമസ്ത എ പി വിഭാഗം നേതാവ് കാന്തപുരം അബൂബക്കര് മുസലിയാരെ പ്രശംസിച്ച് വ്യവസായി ഗോകുലം ഗോപാലന്. മനുഷ്യ സ്നേഹത്തിന്റെ കേരള മാതൃകയാണ് കാന്തപുരം എന്ന് ഗോകുലം ഗോപാലന് പറഞ്ഞു. കാന്തപുരത്തെ അവഹേളിക്കാനുള്ള ചിലരുടെ ശ്രമങ്ങള് മതസൗഹാര്ദത്തിനു നേരെയുള്ള വെല്ലുവിളിയാണെന്നും ഗോകുലം ഗോപാലന് അഭിപ്രായപ്പെട്ടു. കാന്തപുരത്തെ വിമർശിച്ച എസ്എന്ഡിപി യോഗം ജനറല് സെക്രട്ടറി വെള്ളാപ്പള്ളി നടേശനുള്ള പരോക്ഷ മറുപടി കൂടിയാണ് ഗോകുലം ഗോപാലന്റേത്.
ഗോകുലം ഗോപാലന്റെ പ്രതികരണം-
പ്രമുഖ ഇസ്ലാം മത പണ്ഡിതന് കാന്തപുരം എ.പി അബൂബക്കര് മുസല്യാര് മനുഷ്യസ്നേഹ ത്തിന്റെ കേരള മാതൃകയാണ്. ജാതിക്കും മതത്തിനും അപ്പുറത്തെ മനവികതയാണ് കാന്തപുരം ഉയര്ത്തി പ്പിടിച്ചത്. നിമിഷപ്രിയയുടെവധശിക്ഷ മാറ്റിവെക്കുന്നതില് കാന്തപുരം ഉസ്താദ് നടത്തിയ പ്രവര്ത്തനം രാജ്യത്തിനു തന്നെ ആശ്വാസം പകര്ന്നിട്ടുണ്ട്. കാന്തപുരത്തെ അവഹേളിക്കാനുള്ള ചിലരുടെ ശ്രമങ്ങള് മതസൗഹാര്ദത്തിനു നേരെയുള്ള വെല്ലുവിളിയാണ്.മതേതര വാദികള് എല്ലാം കാന്തപുരം ചെയ്ത നല്ല കാര്യത്തിനൊപ്പമാണ് എന്ന കാര്യം തിരസ്കരിക്കരുത്.
സ്കൂള് സമയമാറ്റത്തിലും സൂംബ ഡാന്സിലും കാന്തപുരം പറയുന്നതുനോക്കി ഭരിച്ചാല് മതി എന്ന നിലയിലേക്ക് എത്തിയെന്ന് വെള്ളാപ്പള്ളി കഴിഞ്ഞ ദിവസം വിമര്ശിച്ചിരുന്നു. വിവാദമായപ്പോഴും നിലപാടില് ഉറച്ചുനില്ക്കുകയാണ് വെള്ളാപ്പള്ളി വ്യക്തമാക്കിയിട്ടുണ്ട്. കാന്തപുരം എന്ത് കുന്തമെടുത്ത് എറിഞ്ഞാലും താന് പറയാനുള്ളത് പറയും എന്നായിരുന്നു വെള്ളാപ്പള്ളി നടേശന് ഇന്ന് പ്രതികരിച്ചത്.
Content Highlights: Gokulam Gopalan Against Vellappally Natesan kanthapuram ap aboobacker musliyar