കണ്ണൂർ: മുൻ എഡിഎം നവീൻ ബാബുവിൻ്റെ ആത്മഹത്യയിൽ മന്ത്രി കെ രാജനെ പ്രതിരോധത്തിലാക്കി കണ്ണൂർ ജില്ലയിലെ സിപിഐ നേതൃത്വം. നവീൻബാബുവിൻ്റെ യാത്രയയപ്പ് ചടങ്ങുമായി ബന്ധപ്പെട്ട് നടന്ന സംഭവങ്ങൾ മന്ത്രിയോട് പറഞ്ഞിരുന്നുവെന്ന കളക്ടറുടെ മൊഴിയെക്കുറിച്ച് പ്രതികരിക്കേണ്ടത് മന്ത്രിയാണെന്ന് സിപിഐ കണ്ണൂർ ജില്ലാ സെക്രട്ടറി സി പി സന്തോഷ് കുമാർ പ്രതികരിച്ചത്. മന്ത്രിയും ഉത്തരവാദിത്വപ്പെട്ടവരും മറുപടി പറയുമെന്നും ജില്ലാ സെക്രട്ടറി വ്യക്തമാക്കി. മന്ത്രിയുടെ മൊഴി അന്വേഷണ സംഘം എടുത്തില്ലല്ലോ ആ മൊഴിയും രേഖപ്പെടുത്തേണ്ടതല്ലേയെന്നായിരുന്നു സിപിഐ കണ്ണൂർ ജില്ലാ കൗൺസിൽ അംഗം അഡ്വ. അജയകുമാറിൻ്റെ പ്രതികരണം.
മറ്റ് ചോദ്യങ്ങളിൽ നിന്നും സിപിഐ നേതാക്കൾ ഒഴിഞ്ഞ് മാറിയിരുന്നു. പെട്രോൾ പമ്പിന് വേണ്ടി ഇടപെട്ടിരുന്നുവെന്നും വിവാദ പെട്രോൾ പമ്പ് ഉടമ ടി വി പ്രശാന്തൻ നേരിൽ വന്ന് കണ്ടിരുന്നുവെന്നും കണ്ണൂർ ജില്ലാ സെക്രട്ടറി സമ്മതിച്ചു. കുറ്റപത്രത്തിൻ്റെ പൂർണ്ണ രൂപം പുറത്ത് വന്ന് നാലാം ദിവസവും മന്ത്രി പ്രതികരിക്കാത്ത പശ്ചാത്തലത്തിലാണ് സിപിഐ കണ്ണൂർ ജില്ലാ നേതാക്കളുടെ പ്രതികരണം വരുന്നത്.
നേരത്തെ കെ രാജനെതിരെ രൂക്ഷവിമർശനവുമായി കോൺഗ്രസ് നേതാവ് രമേശ് ചെന്നിത്തല രംഗത്തെത്തിയിരുന്നു. റവന്യൂ വകുപ്പ് മന്ത്രി കെ രാജൻ ഇരയോടൊപ്പം നിൽക്കുകയും വേട്ടക്കാരനൊപ്പം ഓടുകയും ചെയ്യുന്നയാളാണെന്നായിരുന്നു രമേശ് ചെന്നിത്തലയുടെ വിമർശനം. എഡിഎം നവീൻ ബാബുവിന്റെ മരണത്തിൽ ആദ്യം മുതൽ പി പി ദിവ്യയെ സഹായിക്കാനുള്ള ഇടപെടലുകൾ നടന്നെന്നും ചെന്നിത്തല ആരോപിച്ചിരുന്നു.
തെറ്റ് പറ്റിയതായി എഡിഎം നവീൻ ബാബു പറഞ്ഞതായുള്ള കളക്ടർ അരുൺ കെ വിജയൻ്റെ മൊഴി കഴിഞ്ഞ ദിവസം പുറത്ത് വന്നിരുന്നു. നവീൻ ബാബു പറഞ്ഞ കാര്യങ്ങൾ റവന്യൂ വകുപ്പ് മന്ത്രി കെ രാജനോട് പറഞ്ഞിരുന്നതായും കളക്ടറുടെ മൊഴിയുണ്ട്. യാത്രയയപ്പിനെക്കുറിച്ചും എഡിഎം പറഞ്ഞ കാര്യങ്ങളെക്കുറിച്ചും മന്ത്രി കെ രാജനോട് പറഞ്ഞുവെന്നാണ് കളക്ടർ മൊഴി നൽകിയിരിക്കുന്നത്. പരാതി കിട്ടിയാൽ അന്വേഷണം നടത്താമെന്ന് മന്ത്രി പറഞ്ഞതായും കളക്ടർ നൽകിയ മൊഴിയിലുണ്ട്. നവീൻ ബാബുവിൻ്റെ മരണവുമായി ബന്ധപ്പെട്ട് അന്വേഷണസംഘം സമർപ്പിച്ച കുറ്റപത്രത്തിൻ്റെ പകർപ്പ് റിപ്പോർട്ടറിന് ലഭിച്ചിരുന്നു.
Content Highlights: CPI Kannur district leadership says K Rajan should respond to the collector's statement