തേവലക്കര അപകടം; കുറ്റം ചെയ്തവർ ആരായാലും മുഖം നോക്കാതെ കർശന നടപടി, രാഷ്ട്രീയ മുതലെടുപ്പ് നടത്തരുത്: ശിവൻകുട്ടി

കരിങ്കൊടി കാണിക്കുന്നവർ കുടുംബത്തെ സഹായിക്കാൻ ഒരു നടപടിയും എടുത്തില്ലല്ലോയെന്നും അദ്ദേഹം ചോദിച്ചു

കൊല്ലം: തേവലക്കര സ്കൂളിൽ എട്ടാം ക്ലാസ് വിദ്യാർത്ഥി ഷോക്കേറ്റ് മരിച്ച സംഭവത്തിൽ സ്കൂൾ മാനേജർക്ക് നോട്ടീസ് നൽകിയെന്നുംമറ്റു നടപടികൾ വേഗത്തിൽ പൂർത്തീകരിക്കുമെന്നും മന്ത്രി വി ശിവൻകുട്ടി. കുറ്റം ചെയ്തവർ ആരായാലും അവർക്കെതിരെ മുഖം നോക്കാതെ കർശന നടപടി ഉണ്ടാകും. ഇതിൽ രാഷ്ട്രീയ മുതലെടുപ്പ് നടത്താൻ പാടില്ല. മന്ത്രിമാരെയും ജനപ്രതിനിധികളെയും കരിങ്കൊടി കാണിക്കുകയാണ്. പുതിയൊരു അപകടം ഉണ്ടാകുന്ന രീതിയിൽ കാറിന് മുന്നിൽ എടുത്തു ചാടുകയാണ്. കരിങ്കൊടി കാണിക്കുന്നവർ കുടുംബത്തെ സഹായിക്കാൻ ഒരു നടപടിയും എടുത്തില്ലല്ലോയെന്നും അദ്ദേഹം ചോദിച്ചു. കുടുംബത്തിനുവേണ്ടിയുള്ള സഹായം അടിയന്തരമായി തന്നെ നൽകിയിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു.

'ഇത്ര വേഗത്തിൽ നടപടി ഉണ്ടായത് ഏത് കാലഘട്ടത്തിലാണ്? ഞങ്ങൾക്കെതിരെ എന്തിനാണ് കരിങ്കൊടി കാണിക്കുന്നത്?. ഒരു രൂപ അവരൊന്നും കൊടുക്കാൻ തയ്യാറായില്ലല്ലോ. കരിങ്കൊടി കാണിക്കുന്നതാണോ സഹായം?. സംഘർഷം ഉണ്ടാകണ്ട എന്ന് കരുതിയിട്ടാണ് അടങ്ങിയിരിക്കുന്നത്. സിപിഐഎമ്മിന്റെ സംസ്ഥാനത്തെ സ്വാധീനം വെച്ച് നോക്കിയാൽ എവിടെയും സിപിഐഎം നേതാക്കൾക്ക് പോകാനുള്ള സാഹചര്യമുണ്ട്. പൊലീസിനെ ഉപയോഗിച്ചൊന്നും സംഘർഷം ഉണ്ടാക്കാൻ ഞങ്ങൾ ആഗ്രഹിക്കുന്നില്ല. കൂട്ടായി നമുക്ക് ചർച്ച ചെയ്ത് മുന്നോട്ടുപോകാം. പക്ഷേ വെല്ലുവിളി അംഗീകരിക്കാൻ കഴിയില്ല. മരണ വീട്ടിൽ പോലും നേതാക്കന്മാരെ പോകാൻ അനുവദിക്കാതെ കാറിനു മുന്നിൽ ചാടുന്നില്ല. ഈ സമരത്തിലൂടെ വീണ്ടും ഒരു രക്തസാക്ഷിയെ ഉണ്ടാക്കാൻ യുഡിഎഫും കോൺഗ്രസും ശ്രമിക്കുകയാണ്, വി ശിവൻകുട്ടി പറഞ്ഞു.

കാസർകോട് വിദ്യാർത്ഥിക്ക് മർദ്ദനമേറ്റ സംഭവം ശ്രദ്ധയിൽപ്പെട്ടിട്ടില്ലെന്ന് പറഞ്ഞ മന്ത്രി ബുദ്ധിമുട്ടുണ്ടായിട്ടുണ്ടെങ്കിൽ നടപടി ഉണ്ടാകുമെന്നും കൂട്ടിച്ചേർത്തു. ഗവർണർ വിഷയത്തിൽ പ്രതികരിച്ച മന്ത്രി സർവകലാശലകൾ കൃത്യമായി പ്രവർത്തിക്കുക എന്നതാണ് സർക്കാർ നയമെന്നും വ്യക്തമാക്കി.

Content Highlights: v sivankutty on midhun's death

To advertise here,contact us